ബലാത്സംഗക്കേസ് പരിഗണിച്ചപ്പോള്‍ വാദി പ്രതിയായി; വെട്ടിലായത് വനിതാ കമ്മിഷന്
കൊച്ചി: വനിതാ കമ്മിഷന് അദാലത്തില്‍ പീഡനക്കേസ് പരിഗണിച്ചപ്പോള്‍ വാദി പ്രതിയായി. മൂവാറ്റുപുഴ സ്വദേശിനിയായ 31 കാരിയുടെ മാതാവാണ് തന്റെ മകളെ ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന മൂന്നാറില്‍ കൊണ്ടുപോയി 25കാരന് ബലാത്സംഗം ചെയ്തെന്ന പരാതി നല്‍കിയത്.
എറണാകുളത്ത് നടന്ന അദാലത്തില്‍ പരാതി പരിഗണിച്ചപ്പോള്‍ പരാതിക്കാരിക്ക് പകരം ഹാജരായത് ബലാത്സംഗത്തിനിരയായ മകളായിരുന്നു. പരാതിയില്‍ പറഞ്ഞകാര്യങ്ങള്‍ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് മുമ്പാകെ ഇവര്‍ ആവര്‍ത്തിച്ചു.
സുഖമില്ലാതിരിക്കുന്നതുകൊണ്ടാണ് അമ്മ വരാതിരുന്നതെന്നും പറഞ്ഞു. ആദ്യം ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്നാണ് കമ്മിഷന് മുമ്പാകെ പറഞ്ഞത്. എന്നാല്‍ കമ്മിഷന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് ജോലിയില്ലെന്നും പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുണ്ടെന്നും പറഞ്ഞു.
2017 ഡിസംബറിലാണ് സംഭവം നടന്നതെന്നും മൂന്നാറിലെ ഒരു കടയില്‍ വച്ചാണ് തന്നെ 25കാരന് ബലാത്സംഗം ചെയ്തതെന്നും മുഖം കഴുകാന്‍ പോയപ്പോള്‍ ബാത്റൂമിന്റെ ഡോര്‍ തള്ളിതുറന്നായിരുന്നു പീഡനമെന്നും ഇവര്‍ പറഞ്ഞു.
അപ്പോള്‍ തന്നെ എന്തുകൊണ്ട് പൊലിസില്‍ പരാതിപ്പെട്ടില്ലെന്ന് കമ്മിഷന് ചോദിച്ചെങ്കിലും ഉത്തരമുണ്ടായില്ല. പീഡിപ്പിച്ച യുവാവിനൊപ്പം ഇരുചക്രവാഹനത്തിലാണ് തിരിച്ചും യാത്രചെയ്ത് വീട്ടിലെത്തിയതെന്നും യുവതി കമ്മിഷന് മുമ്പാകെ പറഞ്ഞു.
ഡ്രൈവിങ്ങ് പഠിക്കാന്‍ മൂന്നാര്‍ വരെ ആരെങ്കിലും പോകുമോ എന്ന ചോദ്യത്തിന് വളവും തിരിവുമുള്ള റോഡിലൂടെ ഡ്രൈവിങ്ങ് പഠിക്കുന്നതിനുവേണ്ടിയായിരുന്നു മൂന്നാറില്‍ പോയതെന്നായിരുന്നു ഉത്തരം. യുവാവ് തന്നില്‍നിന്നു 10,000രൂപയും അഞ്ചുപവന്റെ സ്വര്‍ണമാലയും എടുത്തിട്ടുണ്ടെന്നും ഇതു തിരികെ വാങ്ങിത്തരണമെന്നും യുവതി കമ്മിഷന് മുമ്പാകെ ആവശ്യപ്പെട്ടു.
തുടര്‍ന്ന് യുവാവിനെ ചോദ്യംചെയ്യലിന് വിളിച്ചപ്പോഴാണ് തന്നെയാണ് യുവതി പ്രലോഭിപ്പിച്ച് ശാരീരിക ബന്ധത്തിലേര്പ്പെടുത്തിയതെന്നായിരുന്നു യുവാവിന്റെ പരാതി. പാലക്കാട് സ്വദേശിയായ താന്‍ പ്ലസ് ടു വിജയിച്ചതിനുശേഷമാണ് മൂവാറ്റുപുഴയില്‍ വര്‍ക് ഷോപ്പില്‍ ജോലിക്കെത്തുന്നത്. തുടര്‍ന്ന് യുവതി ഐ.എഫ്.എസ് കാരിയാണെന്നും തന്നെ ഡ്രൈവിങ്ങ് പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പതിനായിരം രൂപയും ഫീസായി നല്കി. രണ്ടാഴ്ചയ്ക്കുശേഷം മൂന്നാറില്‍ ഒരു ഉന്നതപരീക്ഷയെഴുതാന് പോകണമെന്നും തന്റെ ബൈക്കില്‍ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. മൂന്നാറില്‍ എത്തിയപ്പോള്‍ പരീക്ഷയുടെ സമയം കഴിഞ്ഞെന്നും പരീക്ഷഴുതിയില്ലെന്നറിഞ്ഞാല് അമ്മ വഴക്കുപറയുമെന്നും അതിനാല്‍ അവിടെ റൂമെടുത്ത് വിശ്രമിച്ച് ഉച്ചയ്ക്കുശേഷം മൂവാറ്റുപുഴയില്‍ പോകാമെന്നും പറഞ്ഞു.
ഉന്നതഹോട്ടലില് നാലായിരത്തോളം രൂപനല്‍കിയാണ് റൂമെടുത്തത്. തന്റെ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കോപ്പിയാണ് ഹോട്ടലില്‍ രേഖയായി നല്‍കിയത്. തന്നെ പ്രലോഭിപ്പിച്ച് നിര്‍ബന്ധപൂര്‍വം ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. പിന്നീട് തന്റെ വര്ക്്ഷോപ്പിലെത്തി ഡ്രൈവിങ്ങ് പഠനത്തിന് നല്കിയ ഫീസ് തിരികെ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്തെന്ന് എല്ലാവരോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരുപവന്റെ സ്വര്‍ണമാല ഊരി നല്കി.
വീട്ടില്‍വിളിച്ച് ഭീഷണിപ്പെടുത്തി 75000 രൂപ തരണമെന്നാവശ്യപ്പെട്ടെന്നും യുവാവ് കമ്മിഷന് മുമ്പാകെ പൊട്ടിക്കരഞ്ഞു പറഞ്ഞു. രണ്ടുപേരെയും കേട്ടശേഷം നടപടിയെടുക്കാന്‍ കഴിയാതെ കേസ് പൊലിസിന് കൈമാറുകയായിരുന്നു. ഇത്തരത്തില്‍ ഒരുകേസ് കമ്മിഷന് മുമ്പാകെ എത്തുന്നത് ആദ്യമായാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."