കൊല്ലം സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല; പ്രഖ്യാപനം മന്ത്രി എം.എം മണി നിര്‍വഹിച്ചു
കൊല്ലം: ഏഴുതിറ്റാണ്ടായി വെളിച്ചമെത്താത്ത റോസ്മലയില്‍ അടക്കം വൈദ്യുതി എത്തിച്ച് കൊല്ലം സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി. കുണ്ടറ ഇളമ്പള്ളൂരില്‍ നടന്ന ചടങ്ങ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ചെറുതും വലുതുമായി മുടങ്ങിക്കിടക്കുന്ന എല്ലാ വൈദ്യുത ഉല്‍പാദന പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി മുഴുവനും വിലകൊടുത്ത് വാങ്ങുന്ന സ്ഥിതിയാണുള്ളത്.
എന്നാല്‍ നിലവിലെ മഴകുറഞ്ഞ സാഹചര്യത്തില്‍ ആകെയുള്ള വൈദ്യുതി ഉല്‍പാദനം ഇനിയും കുറയാന്‍ സാധ്യതയുണ്ട്. ബോര്‍ഡിന്റെ സമയോചിതമായ പ്രവര്‍ത്തനം മൂലമാണ് പവര്‍കട്ട് ഇല്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്നത്.
പള്ളിവാസല്‍ പദ്ധതിയടക്കം വിവിധ പദ്ധതികളിലേക്ക് സര്‍ക്കാര്‍ പോകുമ്പോള്‍ കപട പരിസ്ഥിതിവാദികള്‍ നുണപ്രചരണങ്ങളുമായി ഇറങ്ങുന്നത് കാണാം.
ഇതിന് അറുതി വരുത്താന്‍ സമൂഹത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു സംവാദം നടത്തേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ 11.51 കോടി രൂപചെലവഴിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തിയാക്കിയത്. എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സന്നദ്ധസേവാ സംഘങ്ങള്‍ എന്നിവരില്‍ നിന്നായാണ് പണം സ്വരൂപിച്ചത്.
144.72 കി.മീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍ വലിക്കേണ്ടി വന്നു. 9497 വീടുകള്‍ക്ക് പുതുതായി വൈദ്യുതി കണക്ഷന്‍ നല്‍കി. ഇതില്‍ 7937 കുടുംബങ്ങള്‍ ബി.പി.എല്‍ കുടുംബങ്ങളാണ്. 2874 പട്ടികജാതി കുടുംബങ്ങളും 249 പട്ടികവര്‍ഗ കുടുംബങ്ങളും ഉള്‍പ്പെടും. റോസ്മല, രാജാകൂപ്പ് എന്നിവിടങ്ങളിലായി 300 ല്‍പരം വീടുകള്‍ക്കായി 10 കിലോമീറ്റില്‍ അധികം ഭൂഗര്‍ഭ കേബിള്‍ ഇട്ടു.
പൊതുജനങ്ങള്‍ വൈദ്യുതി ഉപഭോഗത്തില്‍ മിതത്വം പാലിച്ച് ബോര്‍ഡുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ഇത്രയും ബ്രഹത്തായ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ച ബോര്‍ഡ് ജീവനക്കാരുടെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. കെ സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, എബ്രഹാം സാമുവല്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹനന്‍, ഡിസ്ട്രിബ്യൂഷന്‍ ആന്റ് സേഫ്റ്റി ഡയറക്ടര്‍ എന്‍ വേണു, ചീഫ് എന്‍ജിനിയര്‍ ജി മോഹനാഥ പണിക്കര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ വി.കെ മണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."