കേരളത്തിന്റെ സ്വന്തം സുവര്‍ണനാരിന്റെ കുരുക്കഴിയുന്നില്ല
ആലപ്പുഴ : ഭരണം മാറിയിട്ടും സുവര്‍ണ നാരിന്റെ തലവിധി മാറുന്നില്ല. തമിഴ്‌നാട്ടിന്റെ കടന്നു കയറ്റം സംസ്ഥാനത്തെ കയര്‍പിരിമേഖലയെ ഏറെ നാളായി സാരമായി ബാധിക്കുന്നുണ്ട്.
നിലവില്‍ കയറ്റുമതിക്കാര്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ വാങ്ങാതായതാണ് ഏറെയും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സംസ്ഥാനത്തെ വിവിധ തീരദേശമേഖലകളിലായി ഏകദേശം നാലു ലക്ഷത്തോളം തൊഴിലാഴികളാണ് കയര്‍പിരിയും അനുബന്ധ തൊഴിലുകളിലൂടെയും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
വിദേശ ഓര്‍ഡറുകളെ ആശ്രയിച്ചാണ് കയര്‍വ്യവസായം പിടിച്ചുനിന്നത്. എന്നാല്‍ വിദേശ ഓര്‍ഡറുകളും തമിഴ്‌നാട് കൈപ്പിടിയിലൊതുക്കിയതോടെ ഇനി ഈ മേഖല നിലനില്‍ക്കണമെങ്കില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
കൂടാതെ തമിഴ്‌നാട്ടില്‍ വ്യാപകമായി ആരംഭിച്ച യന്ത്രവല്‍കൃത കയര്‍പിരിയൂണിറ്റുകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കയര്‍ കേരള വിപണിയിലെത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചകിരിനാരുകള്‍ക്ക് സംസ്ഥാനത്ത് നേരിടുന്ന ക്ഷാമമാണ് മറ്റൊരു പ്രധാന പ്രശ്‌നം.
കേരളത്തില്‍ 2.25 മെട്രിക് ടണ്‍ ചകിരിനാര് ആവശ്യമുള്ളപ്പോള്‍ വെറും 30,000 ടണ്‍ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്.
അതിനാല്‍ തന്നെ ചകിരിനാരിനും തമിഴ്‌നാടിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. തമിഴ്‌നാട്ടില്‍നിന്ന് വാങ്ങുന്ന ചകിരി സംസ്‌കരിച്ച് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കയറിനു താരതമ്യേന ഉല്‍പ്പാദനച്ചെലവ് കൂടുതലാണ്.
അതേസമയം തമിഴ്‌നാട്ടില്‍ ചകിരിമില്ലിനോട് ചേര്‍ന്നുതന്നെ യന്ത്രവല്‍കൃത കയര്‍പിരി യൂണിറ്റുകളും സ്ഥാപിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ചരക്ക് കൂലിയടക്കമുള്ള അനുബന്ധ ചെലവുകള്‍ ഒഴിവാകുന്നതിനാല്‍ ഉല്‍പ്പാദനച്ചെലവ് കേരളത്തെ അപേക്ഷിച്ച് വലിയതോതില്‍ കുറയും.
ഇതാണ് കേരളത്തിലെ കയറിന് വിലയുടെ കാര്യത്തിലും തിരിച്ചടിയാകുന്നത്. പച്ചതൊണ്ടില്‍നിന്നുള്ള ചകിരി കേരളത്തില്‍ കയര്‍പിരിക്കുന്നതിനുമുമ്പ് വെള്ളത്തിലിട്ട് കറകളയുന്ന പ്രവൃത്തി തമിഴ്‌നാട്ടില്‍ ഇല്ലാത്തതും അവരുടെ ഉല്‍പ്പാദനച്ചെലവു കുറയ്ക്കുന്നു.
ഇത്തരത്തില്‍ ചെലവ് വളരെ കുറച്ചു ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്‌നാട് കയര്‍ സൃഷ്ടിക്കുന്ന വിപണി പ്രതിസന്ധി കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള നടപടി സംസ്ഥാനത്തെ കയര്‍ വികസനവകുപ്പ് സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇടക്കാലത്ത് നിര്‍ത്തലാക്കിയ ഡിപ്പൊ സമ്പ്രദായം തിരികെയെത്തിയതോടെ നിലവില്‍ കയറിന്റെ വില പോലും കയറുത്പന്നങ്ങളില്‍നിന്നു ലഭിക്കുന്നില്ലെന്നാണു ഉത്പാദകര്‍ വ്യക്തമാക്കുന്നത്.
ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം ചകിരിയുടെ വില വര്‍ധനയും കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കി. തൊണ്ട് സംഭരണ പദ്ധതികള്‍ പാളിയതാണ് ചകിരി ക്ഷാമത്തിനും വില വര്‍ധനയ്ക്കും ഇടയാക്കിയത്.
തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന ചകിരി അധിക വില നല്‍കി വാങ്ങേണ്ട ഗതികേടിലാണ് ഉത്പാദകര്‍.പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി തൊണ്ട് സംഭരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും ഇതുവരെ നടപ്പാക്കിയിട്ടില്ല.
ആഭ്യന്തര ചകിരിയുത്പാദനം നിലച്ചതോടെ ഒട്ടുമിക്ക കയര്‍ ഫാക്റ്ററികളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. നേരത്തെ ചകിരിക്ക് കയര്‍ഫെഡ് നല്‍കിയിരുന്ന സബ്‌സിഡി പുനസ്ഥാപിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
സര്‍ക്കാര്‍ മാറിയിട്ടും മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കയര്‍ ബോര്‍ഡ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."