HOME
DETAILS

സംഘ്പരിവാര്‍ കര്‍ഷക സംഘടനകളുടെ പ്രവേശനം സമരം തകര്‍ക്കാന്‍

  
backup
December 05 2020 | 04:12 AM

5654312123131-2020

 

തുളഞ്ഞുകയറുന്ന അതിശൈത്യത്തിന്റെ സൂചിമുനകളെ കീഴടക്കി അപ്രതിരോധ്യമായ ഇച്ഛാശക്തിയാല്‍ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന തീക്ഷ്ണ സമരത്തെ പ്രഹസന ചര്‍ച്ചകളാല്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒരാഴ്ച പിന്നിട്ട സമരം പൊളിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടും കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ പരാജയപ്പെടുകയാണ്. എല്ലാ പിടിവള്ളികളും നഷ്ടപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ രക്ഷിക്കുവാന്‍ ആര്‍.എസ്.എസ് നേതൃത്വം ഒടുവില്‍ സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള കര്‍ഷക സംഘടനകളെ സമരം പൊളിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറക്കിയിരിക്കുകയാണ്.

നിയമത്തില്‍ ഭേദഗതി വരുത്താമെന്ന സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ സമര നേതാക്കള്‍ വീണില്ല. മൂന്ന് നിയമങ്ങളും പാസാക്കിയാലല്ലാതെ പിന്മാറുന്ന പ്രശ്‌നമില്ലെന്നും സമര നേതാക്കള്‍ കഴിഞ്ഞ ചര്‍ച്ചകളിലെല്ലാം അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരമൊരവസ്ഥയില്‍, സമരം വിജയത്തോടടുക്കുകയാണെന്ന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സംഘ്പരിവാര്‍ കര്‍ഷക സംഘടനകളായ ഭാരതീയ കിസാന്‍ സംഘിനേയും, ( ബി.കെ.എസ്) സ്വദേശി ജാഗരണ്‍ മഞ്ചിനെയും (എസ്.ജെ.എം) കളത്തിലിറക്കി സമരത്തെ തകര്‍ക്കാന്‍ ആര്‍.എസ്.എസ് നിശ്ചയിച്ചിട്ടുണ്ടാവുക. ഈ ചതിപ്രയോഗം ഉണ്ടാകുമെന്ന് കര്‍ഷകസമര സംയുക്ത സമിതി നേരത്തെ മനസിലാക്കിയത് കൊണ്ടായിരിക്കണം ആര്‍.എസ്.എസ് കര്‍ഷക സംഘടനകളെ സമരസമിതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടാവുക.

കര്‍ഷക സമരത്തിന് രാജ്യവ്യാപകമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയും ദേശീയ മാധ്യമങ്ങളടക്കമുള്ളവയുടെ കഴിഞ്ഞ ഒരാഴ്ചത്തെ ശ്രദ്ധ മുഴുവന്‍ ഡല്‍ഹിയെ വളഞ്ഞ കര്‍ഷകരില്‍ മാത്രം കേന്ദ്രീകരിച്ച് നില്‍ക്കുകയും ചെയ്ത ഒരു പശ്ചാത്തലത്തിലും സമരത്തില്‍നിന്ന് വിട്ടുനിന്ന സംഘ്പരിവാര്‍ കര്‍ഷക സംഘടനകള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരവസരത്തിലും ബുദ്ധിപരമായ നീക്കമാണ് ഇപ്പോള്‍ അര്‍.എസ്.എസ് നടത്തുന്നത്. ഈ തന്ത്രം നേരത്തെ അണ്ണാഹസാരെ എന്ന ആര്‍.എസ്.എസ് സഹയാത്രികനെ ഉപയോഗിച്ച് തന്മയത്വത്തോടെ നിര്‍വഹിച്ചതുമാണ്.

ലോക്പാല്‍ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് യു.പി.എ സര്‍ക്കാരിനെതിരേ 2013 ഡിസംബറില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്നാണ് അണ്ണാഹസാരെ ദേശീയ ശ്രദ്ധയില്‍ വരുന്നത്. സമരത്തിന് പിന്തുണ നല്‍കി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത് വരികയും സമരം ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴി തുറക്കുകയും ചെയ്തു. ബി.ജെ.പിക്ക് അധികാരത്തിലെത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രസ്തുത സമരമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ അദ്ദേഹത്തിന്റെ 'ഷേഡ്‌സ് ഓഫ് ട്രൂത്ത് ' എന്ന പുസ്തകത്തിലൂടെ തുറന്ന് കാട്ടിയപ്പോഴാണ് അണ്ണാ ആരുടെ ഹസാരെയാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടത്.

ലോക്പാല്‍ നിയമം പാസാക്കണമെന്ന സമരത്തിലൂടെ നേടിയെടുത്ത ജനസമ്മിതിയുടെ മൂലധന മുടക്കില്‍ പലവിധ വ്യാജ സമരങ്ങളാണ് ഹസാരെ പിന്നീട് നടത്തിയത്. എല്ലാം ബി.ജെ.പി സര്‍ക്കാരിനെ സഹായിക്കുന്നതായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 2018 മാര്‍ച്ച് മാസത്തില്‍ അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ രാജ്യവ്യാപകമായ കര്‍ഷകസമരം. സമര നേതൃത്വത്തില്‍ നുഴഞ്ഞ് കയറി സമരത്തെ അട്ടിമറിക്കുകയായിരുന്നു അണ്ണാ ഹസാരെ. 2018 മാര്‍ച്ച് 22 ന് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നടത്തിയ നിരാഹാര സമരം പ്രക്ഷോഭത്തെ പിന്നില്‍നിന്ന് കുത്തി പരാജയപ്പെടുത്താനുള്ള നിഗൂഢതന്ത്രമായിരുന്നു. പ്രക്ഷോഭം വിജയിപ്പിക്കാന്‍ അനുവദിക്കാതെ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നല്‍കിയ ഉറപ്പുകള്‍ക്കൊപ്പം നാരങ്ങനീരും കുടിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് അണ്ണാഹസാരെ പ്രത്യക്ഷപ്പെടുന്നത് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു. ഈ സംഭവത്തോടെ ഗാന്ധിയന്‍ പരിവേഷത്തോടെ സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള അണ്ണാ ഹസാരെ ആരുടെ താല്‍പര്യ സംരക്ഷകനാണെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെട്ടു. ഈ ബോധ്യത്തെത്തുടര്‍ന്നും ഹസാരെയുടെ വിശ്വാസ്യത ചോര്‍ന്ന് പോയതിനാലും ബി.ജെ.പി അണ്ണാ ഹസാരെയെ ഇപ്പോഴത്തെ കര്‍ഷക സമരത്തില്‍നിന്ന് ഒഴിവാക്കിയെന്ന് വേണം കരുതാന്‍. ഈ വിടവ് നികത്താനാണ് ഡല്‍ഹിയെ കൊടും തണുപ്പിലും ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ ഒരിക്കല്‍ കൂടി തണുപ്പിക്കാന്‍ സംഘ്പരിവാര്‍ കര്‍ഷക സംഘടനകളെ തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് താല്‍പര്യങ്ങളെ പുറമേക്ക് വിമര്‍ശിക്കുന്ന ബി.കെ.എസും എസ്.ജെ.എമ്മും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പൂര്‍ണമായും എടുത്ത് കളയണമെന്ന് ആവശ്യപ്പെടാത്തതില്‍നിന്നു തന്നെ പ്രക്ഷോഭം പൊളിക്കാനാണ് അവരുടെ സമര രംഗത്തേക്കുള്ള പ്രവേശനം എന്ന് ഉറപ്പാണ്. സര്‍ക്കാര്‍ തന്നെ സമ്മതിച്ച, നിയമത്തില്‍ ഭേദഗതി വരുത്താമെന്ന ആവശ്യം തന്നെയാണ് സംഘ്പരിവാര്‍ കര്‍ഷക സംഘടനകളും ആവശ്യപ്പെടുന്നത്. നാളെ മറ്റൊരു ചര്‍ച്ചയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അവര്‍ സമരത്തില്‍നിന്നു പിന്‍മാറുകയും ചെയ്താല്‍ അണ്ണാ ഹസാരെയെ മുന്‍നിര്‍ത്തി അഖിലേന്ത്യാ കിസാന്‍ സഭ സമരത്തെ പരാജയപ്പെടുത്തിയത് പോലെ ഇപ്പോള്‍ ഡല്‍ഹിയില്‍ ആളിപ്പടര്‍ന്ന് കൊണ്ടിരിക്കുന്ന സമരത്തെയും പരാജയപ്പെടുത്താമെന്ന് ആര്‍.എസ്.എസ് നേതൃത്വം കണക്ക് കൂട്ടുന്നുണ്ടാകണം.

എന്നാല്‍, യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ, കര്‍ഷകനെ കോര്‍പറേറ്റുകള്‍ക്ക് ബലികൊടുക്കുന്ന നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരപാതയില്‍നിന്ന് ഒരിഞ്ചും പിന്നോട്ടില്ലെന്ന് സംശയലേശമന്യേ പ്രഖ്യാപിച്ചുകൊണ്ട് മൂന്ന് ലക്ഷം കര്‍ഷകരാണ് ഡല്‍ഹി വളഞ്ഞിരിക്കുന്നത്. ഇപ്പോഴും കൂടുതല്‍ കര്‍ഷകര്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നിഷ്‌കളങ്കരായ കര്‍ഷകരെ സര്‍ക്കാരിന്റെ തനത് ചതിക്കുഴിയില്‍പ്പെടുത്തി, സമരം പരാജയപ്പെടുത്തുന്നില്ലെങ്കില്‍ കര്‍ഷകരുടെ രോഷാഗ്‌നിയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ എരിഞ്ഞടങ്ങുന്ന ദിനങ്ങള്‍ വിദൂരമായിരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago