ബാര്‍ കൗണ്‍സില്‍ അഴിമതിക്കേസ് വിധി പറയാന്‍ മാറ്റി
കൊച്ചി: ബാര്‍ കൗണ്‍സില്‍ അഴിമതിക്കേസ് ഹൈക്കോടതി വിധി പറയാനായി മാറ്റി. കേരള ബാര്‍ കൗണ്‍സില്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യാതെ കോടികളുടെ ക്രമക്കേടു നടത്തിയെന്നും കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നുമാവശ്യപ്പെട്ട് തലശ്ശേരി ജില്ലാ കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.സി.ജി അരുണ്‍ അഡ്വ. ടി. ആസഫലി മുഖാന്തിരം ബോധിപ്പിച്ച ഹരജിയാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചത്.
2007- 08 കാലയളവില്‍ ഓഡിറ്റ് നടത്താതെ ആറു കോടിയിലധികം രൂപ അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് തട്ടിയെടുത്തെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. 2010 ജൂണ്‍ 30 വരെ വില്‍പന നടത്തിയ സ്റ്റാമ്പിലെ കൃത്രിമം മാത്രം 35 ലക്ഷത്തോളം വരുമെന്നും പറയുന്നു. മരണമടഞ്ഞ അഭിഭാഷകരുടെ കുടുംബാംഗങ്ങള്‍ക്കു വ്യാജപേരില്‍ പണം നല്‍കിയതായും ഹരജിയില്‍ ആരോപിക്കുന്നു.
സ്റ്റാമ്പ് രജിസ്റ്റര്‍ സൂക്ഷിക്കാതെ വര്‍ഷങ്ങളോളം സ്റ്റാമ്പ് വില്‍പന നടത്തിയത് തട്ടിപ്പിന് അവസരമൊരുക്കിയെന്നും ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷണത്തില്‍ കൂടി മാത്രമേ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയൂള്ളൂവെന്നും ഹരജിയില്‍ പറയുന്നു. തുടര്‍വാദം പൂര്‍ത്തിയായതിനു ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."