ട്രെയിന്‍ സര്‍വിസുകള്‍ സാധാരണ നിലയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വിസുകള്‍ സാധാരണ നിലയിലേക്ക്. ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വിസ് പുനരാരംഭിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്.
എറണാകുളം - തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം - മധുര അമൃത, തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്.
കൊച്ചുവേളി - മൈസൂരു, എറണാകുളം - ഓഖ, തിരുവനന്തപുരം - ഇന്‍ഡോര്‍ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം.
നിലവില്‍ കൊവിഡ് കാല സ്പെഷല്‍ ട്രെയിനുകളാണ് സര്‍വിസ് നടത്തുന്നത്. 21 ട്രെയിനുകള്‍ നിലവില്‍ കേരളത്തില്‍ സര്‍വിസ് നടത്തുന്നുണ്ട്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ സ്പെഷല്‍ ട്രെയിന്‍ ഇന്നലെ സര്‍വിസ് ആരംഭിച്ചിരുന്നു. മാവേലി അടുത്ത ദിവസം ആരംഭിക്കും. കൂടുതല്‍ സര്‍വിസുകള്‍ കൂടി വരുമ്പോള്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്കാകും.
അതേസമയം, നഷ്ടത്തിലോടുന്ന ട്രെിനുകളുടെ കണക്കെടുപ്പും അധികൃതര്‍ തുടരുകയാണ്. നേരത്തേ ഇത്തരം ട്രെയിനുകളുടെ കണക്കെടുക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിലോടുന്ന ട്രെയിനുകളുടെ വരുമാനം മെച്ചപ്പെട്ടുവരുന്നുണ്ട്. കോച്ചുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ പിന്‍വലിച്ച് ആവശ്യമുള്ള റൂട്ടില്‍ മാത്രം സര്‍വിസ് നടത്താനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."