എറണാകുളത്ത് മുന്നോക്കമാര്‍ക്ക്?
കൊച്ചി: രണ്ടാംഘട്ടത്തിലെ അങ്കത്തിനൊരുങ്ങിയ എറണാകുളത്ത് മുന്നണികള്‍ പ്രതീക്ഷയിലാണ്. വോട്ടിങ് മെഷിന്റെ വരവിന് മുന്‍പ് ബാലറ്റ് പേപ്പര്‍ വിധിയെഴുതിയപ്പോഴുള്ള പ്രതാപം തിരിച്ചു പിടിക്കാന്‍ എല്‍.ഡി.എഫും ഇത്തവണയും മികച്ച വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫും മുന്നേറുമ്പോള്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ വിജയം ഉറപ്പിക്കാന്‍ ബി.ജെ.പിയും ചില ചെറുകക്ഷികളുമുണ്ട്. ജില്ലയിലെ മത്സരത്തെ ശ്രദ്ധേയമാക്കുന്ന പിന്നെയും ചില കൂട്ടായ്മകളുണ്ട്. അട്ടിമറി വിജയത്തിന് രണ്ടാമൂഴം തേടി കിഴക്കമ്പലം ട്വന്റി ട്വന്റിയും അവരുടെ ചുവടു പിടിച്ച് വി ഫോര്‍ കൊച്ചി പോലുള്ള പരമ്പരാഗത രാഷ്ട്രീയത്തിനെതിരേയുള്ള മുന്നേറ്റങ്ങളും കൂടിയാകുമ്പോള്‍ കൊവിഡ് കാലത്തും കൊടിപാറുകയാണ് മത്സരം.
മികച്ച ഭരണം കാഴ്ചവച്ച ജില്ലാ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തുക എന്നതില്‍ കുറഞ്ഞൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ മൂന്നു തവണയും ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിനായിരുന്നു. കൊച്ചി കോര്‍പറേഷനില്‍ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന യു.ഡി.എഫിനെ അട്ടിമറിച്ച് പതിറ്റാണ്ടുകള്‍ നീണ്ട ഭരണം തിരികെ കൊണ്ടു വരാന്‍ അരയും തലയും മുറുക്കിയാണ് എല്‍.ഡി.എഫിന്റെ നീക്കങ്ങള്‍.
സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അഴിമതിയാരോപണങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം സി.പി.എം നേതൃത്വത്തിനെതിരേ ഉയര്‍ന്ന വിവാദങ്ങളും തങ്ങളുടെ ഉരുക്കുകോട്ടയെ കൂടുതല്‍ ബലവത്താക്കുമെന്ന് യു.ഡി.എഫ് കരുതുന്നു. അതേസമയം പ്രളയകാലത്ത് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത സൗജന്യകിറ്റുകളും ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള നേട്ടങ്ങളും പ്രചാരണ വിഷയമാക്കിയാണ് എല്‍.ഡി.എഫ് കളത്തിലുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നോക്ക സംവരണം തെരഞ്ഞെടുപ്പ് വിഷയമാക്കി പിന്നോക്ക സമുദായങ്ങള്‍ രംഗത്തിറങ്ങിയത് എല്‍.ഡി.എഫിനെ ചെറിയ തോതിലല്ല കുഴപ്പിക്കുന്നത്. മുന്നോക്ക സംവരണം നടപ്പാക്കിയവര്‍ക്ക് വോട്ടില്ലെന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ രംഗത്തുള്ളത്. മുസ്‌ലിം, ഈഴവ, ലത്തീന്‍ കത്തോലിക്കാ ഉള്‍പ്പെടെയുള്ള പിന്നോക്ക സമുദായ മേഖലകളില്‍ ഇത് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. മുന്നോക്ക സംവരണത്തിനെതിരേ എസ്.എന്‍.ഡി.പി നിലപാടെടുത്തെങ്കിലും സംഘടന പിന്തുണയ്ക്കുന്ന ബി.ഡി.ജെ.എസ് രാജ്യത്ത് മുന്നോക്ക സംവരണം നടപ്പാക്കിയ ബി.ജെ.പി മുന്നണിയുടെ ഭാഗമാണ്.
മലങ്കര യാക്കോബായ സഭയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിലപാടെടുക്കുന്നത് ഇരു മുന്നണികളെയും വലിയ തോതില്‍ കുഴപ്പിക്കുന്നുണ്ട്. യു.ഡി.എഫ് വിട്ടു വന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍.ജെ.ഡിയും തങ്ങള്‍ക്ക് തുറുപ്പു ചീട്ടാകുമെന്ന കണക്കു കൂട്ടലിലാണ് എല്‍.ഡി.എഫുള്ളത്.
തദ്ദേശ സ്ഥാപനങ്ങളുടെ തലവേദനായ മാലിന്യസംസ്‌കരണവും വെള്ളക്കെട്ടും ഗതാഗതകുരുക്കുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രചാരണ വിഷയമാകുന്നുണ്ട്.
അസ്വാരസ്യങ്ങളില്ലാതെയാണ് യു.ഡി.എഫ് ഇക്കുറി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയതെന്നാണ് അവകാശവാദം. കളത്തിലുള്ള വിമതപ്പടയില്‍ പ്രമുഖര്‍ ഇല്ലെന്ന് ആശ്വസിക്കാമെങ്കിലും ഭീഷണി വിട്ടൊഴിയുന്നില്ല. സാധാരണയായി യു.ഡി.എഫിനെ മാത്രമുണ്ടാകാറുള്ള 'വിമതബാധ' ഇത്തവണ എല്‍.ഡി.എഫിനെയും ഒഴിവാക്കിയില്ല. വിമതശല്യം അടിയൊഴുക്കാകുമോയെന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."