പരസ്യബോര്‍ഡില്‍ കശ്മിരിനെ 'പാകിസ്താനി'ലാക്കി; എസ്.ബി.ഐ വിവാദക്കുരുക്കില്‍
കോട്ടയം: കശ്മിരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന പരസ്യബോര്‍ഡ് പുറത്തിറക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവാദക്കുരുക്കില്‍. പാലായിലെ കൊട്ടാരമറ്റത്തുള്ള ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എമ്മിനുള്ളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ഇതു ശ്രദ്ധയില്‍പ്പെട്ട മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാന പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. 'ഇവിടെനിന്നു വിദേശത്തേക്കു പണമയക്കാം' എന്ന തലക്കെട്ടിലാണ് എസ്.ബി.ഐയുടെ പരസ്യബോര്‍ഡ്. ഇന്ത്യയുടെ ഭൂപടത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട കശ്മിരിന്റെ ഭാഗം പാകിസ്താന്റേതായി ചിത്രീകരിക്കുന്നതിന് ഈ ഭാഗത്ത് പാകിസ്താന്റെ ദേശീയപതാകയും ചേര്‍ത്തിട്ടുണ്ട്.
ലോകഭൂപടമുള്ള പരസ്യബോര്‍ഡില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത ഇന്ത്യയുടെ ഭൂപടം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനം ചിത്രീകരിച്ചത് യാദൃശ്ചികമല്ലെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കുറ്റപ്പെടുത്തി.
നടപടി രാജ്യദ്രോഹമാണെന്നും ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടില്ലെന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്കിന്റെ മറ്റ് എ.ടി.എമ്മുകളിലോ ബ്രാഞ്ചുകളിലോ ഇത്തരം ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണം. പരസ്യത്തില്‍ ഇന്ത്യന്‍ ദേശീയപതാക വികലമായി ചിത്രീകരിച്ചിരിക്കുന്നത് ഫ്‌ളാഗ് കോഡിനു വിരുദ്ധമാണ്. ഇതിനെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."