സണ്ണിയുടെ കൈകള്‍ ഇനി ജിത്തുകുമാറിന് താങ്ങാകും
കൈപ്പത്തി രണ്ടും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇന്ത്യയില്‍ ആദ്യത്തേത്
കൊച്ചി: ഇരുകൈകളും മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടിവന്ന യുവാവിന് അവയവദാനത്തിലൂടെ ലഭിച്ച കൈകള്‍ വിജയകരമായി വച്ചുപിടിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് കൈകള്‍ വച്ചുപിടിപ്പിച്ചത്. ഷോക്കേറ്റ് കരിഞ്ഞ കൈകള്‍ മുറിച്ചു മാറ്റേണ്ടിവന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിത്തുകുമാര്‍ സജിക്കാണ് (21) പുതിയ കൈകള്‍ വച്ചുപിടിപ്പിച്ചത്.
നെടുമ്പാശ്ശേരിക്കടുത്ത് പറമ്പയത്ത് വാഹനാപകടത്തില്‍ മരിച്ച റെയ്‌സന്‍ സണ്ണിയുടെ (24) കൈകളാണ് ജിത്തുകുമാറില്‍ ജീവിക്കുന്നത്. മുട്ടിനു താഴെ മുതല്‍ കൈപ്പത്തി രണ്ടും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇന്ത്യയില്‍ നടക്കുന്നത് ഇതാദ്യമാണെന്ന് ഹെഡ് ആന്‍ഡ് നെക്ക് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. 2013 ഓഗസ്റ്റിലാണ് ജിത്തുകുമാര്‍ സജിയുടെ ഇരുകൈകളും നഷ്ടമായത്.
ലൈറ്റ് ആന്‍ഡ് സൗണ്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെ പന്തല്‍ മറിഞ്ഞുവീണ് ഇലക്ട്രിക്കല്‍ യൂനിറ്റില്‍ നിന്ന് ഷോക്കേറ്റ് ഇരുകൈകളും മുട്ടിന് താഴെ കരിഞ്ഞുപോവുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ലുധിയാനയിലെ സി.എം.സി ആശുപത്രിയിലും നടത്തിയ ചികിത്സകള്‍ക്കൊടുവില്‍ രണ്ടു കൈകളും മുട്ടിന് താഴെ മുറിച്ചു കളയേണ്ടിവന്നു.
തുടര്‍ന്ന് ആറുമാസം മുന്‍പ് അമൃത ആശുപത്രിയെ സമീപിക്കുകയായിരുന്നു. അങ്കമാലിക്കടുത്ത് വാഹനാപകടത്തില്‍ മരിച്ച പറമ്പയം പുതുവാശേരി പള്ളിപ്പറമ്പില്‍ റെയ്‌സണ്‍ സണ്ണി (24)യുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചതോടെ ജിത്തുവിന് അവസരം ലഭിക്കുകയായിരുന്നു.
അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തി ആംബുലന്‍സില്‍ മിനിറ്റുകള്‍ക്കുള്ളില്‍ അമൃതയില്‍ എത്തിച്ച കൈകള്‍ 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജിത്തുവില്‍ പിടിപ്പിക്കുകയായിരുന്നു
.
ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ 25ലധികം സര്‍ജന്‍മാരും 12 അനസ്‌തേഷ്യോളജിസ്റ്റുകളും പങ്കാളികളായി. ഇപ്പോള്‍ പുതിയ കൈകളുടെ പതിയെ ചലിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിരലുകള്‍ക്ക് പൂര്‍ണമായും ചലനശേഷി ലഭിക്കാന്‍ ഒന്നര മുതല്‍ രണ്ടു വര്‍ഷംവരെ സമയമെടുക്കുമെന്ന് ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു.
അതിസങ്കീര്‍ണമായ പ്രക്രിയയായതിനാലാണ് കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അത്യപൂര്‍വമായി മാത്രം നടക്കുന്നതെന്ന് ഡോ. സുബ്രഹ്മണ്യ അയ്യര്‍ ചൂണ്ടിക്കാട്ടി. ലോകത്തുതന്നെ ഈ ശസ്ത്രക്രിയ ഏഴോ എട്ടോ എണ്ണം മാത്രമേ നടന്നിട്ടുള്ളൂവെന്നും ഇന്ത്യയില്‍ അമൃതയില്‍ മാത്രമാണ് ഇതിനുള്ള സംവിധാനമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."