തമീം സലാം കാക്കാഴം
ആലപ്പുഴ: കാന്‍സര്‍രോഗം കുട്ടനാടിനെ കാര്‍ന്നുതിന്നിട്ടും ഇരുട്ടില്‍തപ്പി ആരോഗ്യ വകുപ്പ്. അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ പല പഞ്ചായത്തുകളിലും പകുതിയിലധികം വീടുകളില്‍ ഒരാളെങ്കിലും കാന്‍സര്‍ ബാധിതരാണെന്ന പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ അവഗണന തുടരുന്നു. കൃത്യമായ സര്‍വേ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളിയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇടക്കാലത്ത് സര്‍ക്കാര്‍ ചില സര്‍വേകള്‍ നടത്തിയതല്ലാതെ കാന്‍സര്‍ വ്യാപനത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല.
സര്‍ക്കാരിന്റെ പക്കലുള്ള പുതിയ കണക്കുപ്രകാരം കുട്ടനാട്ടില്‍ 715 പേര്‍ക്കാണ് കാന്‍സര്‍ രോഗം ഉള്ളത്. എന്നാല്‍ 7000ത്തില്‍ അധികം കാന്‍സര്‍ രോഗികള്‍ കുട്ടനാട്ടില്‍ ഉണ്ടെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേയില്‍ നേരത്തെ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് ചില ഉന്നതതല ഇടപെടലുകള്‍ നിമിത്തം വെളിച്ചംകണ്ടില്ല.
കൂടാതെ കുട്ടനാട്ടിലെ പാടങ്ങളിലെ കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗം തന്നെയാണ് കാന്‍സറിന് കാരണമാകുന്നതെന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘവും കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍വയലുകളുള്ള കുട്ടനാട്ടില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം സാര്‍വത്രികമാണ്.
നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ളലാഭം കൊയ്യുന്ന ഇത്തരം കമ്പനികള്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.
മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും സാധാരണക്കാരായ കര്‍ഷകര്‍ക്ക് യാതൊരു അവബോധവുമില്ല. കുട്ടനാടന്‍ വയലുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള മാരകകീടനാശിനികളുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെകുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ആരോഗ്യവകുപ്പ് തയാറായില്ല. നെല്‍വയലുകളില്‍ 'മരുന്ന് ' എന്ന പേരിലാണ് കൊടിയ കീടനാശിനികളുടെ ഉപയോഗം.
നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വന്‍തുക നല്‍കി സര്‍ക്കാര്‍ സംവിധാനങ്ങളെ വിലക്കെടുത്താണ് കീടനാശിനി ലോബികള്‍ തഴച്ചുവളരുന്നത്. ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരായ കര്‍ഷകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."