പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്ന്
കയ്പമംഗലം: പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അടിയന്തിരമായി രാത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രാത്രിയില്‍ ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നാല്‍പ്പത് വര്‍ഷത്തോളമായി രാത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന തീരദേശ മേഖലയിലെ ഈ ആശുപത്രിയില്‍ പകല്‍ സമയങ്ങളില്‍ അഞ്ചു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും വൈകീട്ട് അഞ്ച് മണി മുതല്‍ ഒരുഡോക്ടറുടെ സേവനം പോലും ലഭ്യമല്ല. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഈ ആശുപത്രിയില്‍ ഡോക്ടര്‍മാരേയും മറ്റു സ്റ്റാഫുകളേയും താക്കാലികമായി നിയമിച്ച് ജനങ്ങളെ സഹായിക്കാന്‍ ഭരണസമിതി തയ്യാറാവുന്നില്ല എന്ന ആക്ഷേപം പരക്കെയുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ മൂലം അഞ്ച് ലക്ഷംരൂപ ചെലവില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ശൗചാലയങ്ങള്‍ മാസങ്ങളായി പൂട്ടിക്കിടക്കുകയാണ്. ജനസേവനത്തിനായി തുടക്കമിട്ട ആംബുലന്‍സ് സര്‍വീസും ഡ്രൈവര്‍ ഇല്ലെന്ന പേരുപറഞ്ഞ് ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ്. വര്‍ഷക്കാലം കൂടി പിറക്കുന്നതോടെ മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍. ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിയില്‍ ചികിത്സ ലഭ്യമാകുന്നതിന് അടിയന്തിരമായി ഡോക്ടര്‍മാരേയും ആവശ്യമായ സ്റ്റാഫുകളേയും നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ ഭരണ സമിതി തയ്യാറായില്ലെങ്കില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ സമരം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.എഫ് ഡൊമിനിക്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടി.കെ നസീര്‍, പി.എസ് ഷാഹിര്‍, ഹാശിം, ശ്യാംകൃഷ്ണന്‍, ജിനീഷ് എന്നിവര്‍ ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് ആശുപത്രിയില്‍ രാത്രിയില്‍ അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."