കോള്‍ മേഖലകളിലെ കരിആളകള്‍ അന്യം നിന്നുപോവുന്നു
വെങ്കിടങ്ങ്: കോള്‍ മേഖലയില്‍ കൃഷി തുടങ്ങുന്നതിന് മുന്നോടിയായി പടവുകളിലെ ജലം വറ്റിച്ചു തുടങ്ങിയതൊടെ കൃഷിയിടങ്ങളില്‍ നിന്നും കരി ആളകള്‍ അന്യം നിന്നു പോകുകയാണ്.
വെള്ളം വറ്റാന്‍ തുടങ്ങുന്ന ഈ സമയത്ത് ഇവിടത്തെ കരിനിലങ്ങളില്‍ തീറ്റതേടിയെത്തുന്ന സ്വദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് വരുന്ന പക്ഷികളില്‍ പ്രധാനികളായ കരി ആളകള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.
കരിനിലങ്ങളോട് പ്രത്യേക മമത പുലര്‍ത്തുന്നത് കൊണ്ടാണ് കരി ആളകള്‍ (വിസ്‌ക്കേഡ് ടേണ്‍സ്) എന്ന പേര് ലഭിക്കാന്‍ കാരണം. കടല്‍കാക്കകളുടെ ഗണത്തില്‍ പെടുന്ന ഈ പക്ഷികളുടെ ആയിരക്കണക്കിനു വരുന്ന കൂട്ടങ്ങള്‍ കോളില്‍ എല്ലായിടത്തും ഒരു കാലത്ത് സാധാരണമായിരുന്നു.
എന്നാല്‍ കഴിഞ്ഞ 67 വര്‍ഷമായി കോളില്‍ എത്തുന്ന ഇവയുടെ കൂട്ടത്തില്‍ ക്രമാനുഗതമായ വന്‍ കുറവാണു കണ്ടു വരുന്നതെന്ന് പക്ഷി നിരീക്ഷകനായ പോള്‍ വെങ്കിടങ്ങ് ചൂണ്ടിക്കാണിക്കുന്നു.
വടക്കേ ഇന്ത്യയില്‍ വന്‍ തടാകങ്ങളിലെ പുല്‍കൂട്ടങ്ങളില്‍ കൂടുവെക്കുന്ന കരി ആളകള്‍ കാലവര്‍ഷത്തിനു ശേഷമാണു കേരളത്തിലെത്തുന്നത്.
ഈ വര്‍ഷം ഏനാമ്മാവ് മേഖലയില്‍ പത്തില്‍ താഴെ എണ്ണം വരുന്ന ഒരു ചെറുകൂട്ടത്തെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. അതും പ്രജനനത്തിനായി ദേശാന്തരഗമനം നടത്താതെ ഇവിടെ തങ്ങിയ ഒരു ചെറു കൂട്ടമാണെന്നും സംശയിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇതുവരെ കോളില്‍ കരിആളകളൊന്നും കാര്യമായി എത്തിയിട്ടില്ലെന്നു വേണം കരുതാന്‍. മുന്‍ കാലങ്ങളില്‍ കോളില്‍ എത്തിയിരുന്ന ഇവയുടെ വന്‍കൂട്ടങ്ങള്‍ കണ്ടിട്ടുള്ളവര്‍ ഇവയുടെ കൊഴിഞ്ഞുപോക്ക് ഗൗരവമുയര്‍ത്തുന്ന സൂചനയായാണ് കാണുന്നത്.
വിത കഴിയും വരെ ചളിനിലങ്ങളിലെ ചെറുമീനുകളെ ആഹാരമാക്കുന്ന ഇവ പിന്നെ ജീവിക്കുന്നത് പാടശേഖരങ്ങളിലെ കൃമി കീടങ്ങളെ ആഹാരമാക്കിയാണ്. അതുവഴി കോള്‍ കൃഷിയിലെ കീടനിയന്ത്രണത്തില്‍ ഒരു സുപ്രധാന പങ്കാണ് ഇവ വഹിക്കുന്നത്. കരിആളകളുടെ അഭാവം കോള്‍ കൃഷിക്ക് ദോഷകരമായി മാറുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഏനാമാവ് സമീപം ഈ സീസണില്‍ സ്ഥിരമായി എത്തിയിരുന്ന തവിട്ടു തലയന്‍ കടല്‍കാക്കകളും കറുപ്പ് തലയന്‍ കടല്‍ കാക്കകളും ഇതുവരെ എത്തിയിട്ടില്ല.
കോളിലെ നാടന്‍ മീനുകളുടെ അവസ്ഥയും ദയനീയമാണ്. വെള്ളം വറ്റിക്കുമ്പോള്‍ തീരെ ചെറിയ കണ്ണികളുള്ള വലകള്‍ മീന്‍പിടിക്കുന്നതിനായി ഉപയോഗിക്കുന്നതിനാല്‍ പൊടിമീനുകള്‍ കൂട്ടത്തോടെ ചാവുന്നു. താറാവ് തീറ്റയായി വില്‍ക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ ലാഭത്തിന് വേണ്ടിയാണി കടുംകൈ ചെയ്യുന്നത്.
വലിയ കണ്ണികളുള്ള വലകള്‍ കെട്ടി പമ്പു ചെയ്യുന്ന വെള്ളത്തോടൊപ്പം അവയെയും കോള്‍ ചാലുകളിലേക്ക് തുറന്നു വിട്ടാല്‍ കോള്‍ മേഖലയില്‍ ഇന്നനുഭവിക്കുന്ന മീന്‍ ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നതോടൊപ്പം നാടന്‍ മീനുകള്‍ അന്യം നിന്ന് പോകുന്നത് തടയാനുമാകും.
ഒരു കാലത്ത് നമ്മുടെ നാട്ടില്‍ കുളങ്ങളിലും കോളിലും സര്‍വ സാധാരണമായിരുന്ന നാടന്‍ മുശുക്കള്‍ നാമറിയാതെയാണ് അന്യം നിന്നുപോയത്. 16 വര്‍ഷത്തോളമായി ഈ മത്സ്യങ്ങള്‍ കുറഞ്ഞുവെന്നും എവിടെയും കാണാനില്ലെന്നും പരിചയ സമ്പന്നരായ മീന്‍പിടിത്തക്കാര്‍ പറയുന്നു. ആ വഴി തന്നെയാണ് ആരല്‍, മഞ്ഞക്കൂരി, പൂവാലിപല്‍, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളുടെയും അവസ്ഥ. ഇവയുടെ ഇല്ലായ്മക്ക് അടക്കംകൊല്ലി വലകളോടൊപ്പം കള കീടനാശിനികള്‍ കൂടിയാവുമ്പോള്‍ ദുരന്തം പൂര്‍ണമാവുന്നു.
വനത്തെയും വന്യജീവികളെയും സംരക്ഷിക്കാന്‍ വന്യമൃഗസങ്കേതങ്ങളുണ്ടാക്കുന്നത് പോലെ ജലാശയങ്ങളെയും ജലജീവികളെയും സംരക്ഷിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ മത്സ്യങ്ങള്‍ അന്യം നിന്നുപോകുന്നതോടൊപ്പം കരി ആളകളെ പോലെയുള്ള ദേശാടന പക്ഷികളും അന്യം നിന്ന് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."