കഥകളി കുലപതി ഗോപിയാശാന് ഇന്ന് അശീതി: ആഘോഷം ജൂണില്‍
ചെറുതുരുത്തി : കേരളം ലോകത്തിന് സമ്മാനിച്ച കഥകളി വിസ്മയത്തിന്റെ നന്മ നിറഞ്ഞ കൂട്ടുകാരന്‍ പത്മശ്രീ കലാമണ്ഡലം ഗോപി അശീതിയുടെ നിറവില്‍. സമാനതകളില്ലാത്ത അഭിനയ ചാരുത എണ്‍പതാം വയസിലും സ്വന്തം പേരിന് അലങ്കാരമാക്കുകയാണ് ഗോപിയാശാന്‍ പ്രായം കീഴടക്കുമ്പോഴും അചഞ്ചലമായ മനസും നിശ്ചയ ദാര്‍ഢ്യവും അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്ക് ആശാനെ നയിക്കുന്നു.
കര്‍ണശപഥത്തിലെ കര്‍ണ്ണനും നളചരിതത്തിലെ നളനും ദുര്യോധനവധത്തിലെ രൗദ്ര ഭീമനുമൊക്കെ ഗോപിയാശാനെ ഇന്നും കേരളീയ കലാപാരമ്പര്യത്തിന്റെ പതാക വാഹകനാക്കുന്നു. ഉത്തരാ സ്വയം വരത്തിലെ അര്‍ജുനന്‍ കലാ ലോകത്ത് ഇന്നും സജീവ ചര്‍ച്ചയാണ്. എട്ടാം വയസിലാണ് ഗോപിയാശാനും കഥകളിയുമായി അഭേദ്യമായ പ്രണയം പിറവിയെടുക്കുന്നത്.
കഥകളിയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുത്ത ആശാന്‍ പിന്നീട് കഥകളി തന്റെ ശൈലിയിലേക്ക് മാറ്റിയെടുത്തത് ചരിത്രം. 80 വയസിനിടയില്‍ 65 കൊല്ലവും കഥകളി അരങ്ങില്‍ നിറഞ്ഞ് നിന്ന ചരിത്ര പെരുമയും ഈ കലാ സ്‌നേഹിയ്‌ക്കൊപ്പമുണ്ട്. പത്മശ്രീ അടക്കം 60 ഓളം പുരസ്‌ക്കാരങ്ങളും ഗോപിയാശാനെ തേടിയെത്തി. 1917 മെയ് 25 ന് പാലക്കാട് കോതച്ചിറയിലാണ് ഗോപിയാശാന്റെ ജനനം. മണാളത്ത് ഗോവിന്ദന്‍ ലോകത്തിന്റെ ഗോപിയാശാനായി മാറിയതിന് പിന്നില്‍ പുകള്‍ പെറ്റ ചരിത്രമേറെയുണ്ട്. വടക്കത്ത് ഗോപാലന്‍ നായരുടേയും മണാളത്ത് അമ്മു അമ്മയുടേയും മകന്‍ കലയിലേക്കുള്ള പ്രയാണ വീഥിയില്‍ ഓരോ ചുവടും വെച്ചത് അതീവ ജാഗ്രതയോടെയായിരുന്നു. കോതചിറ വടക്കേ സ്‌കൂളില്‍ അഞ്ചാം ക്ലാസ് പഠനം പിന്നിട്ടപ്പോള്‍ പിന്നീടെല്ലാം കഥകളിയായി. ചുവട് പിഴച്ചെന്ന് പലരും വിമര്‍ശിച്ചപ്പോള്‍ അത് തെറ്റല്ലെന്ന് തെളിയിച്ചു ഗോപി. 33 വര്‍ഷം കലാമണ്ഡലത്തിന്റെ ഭാഗമായി.
അവസാനത്തെ രണ്ട് വര്‍ഷം പ്രിന്‍സിപ്പലുമായി. 1992 ല്‍ അധ്യാപക വേഷം അഴിച്ച് വെച്ച ഗോപി പിന്നീട് കഥകളിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി. 2009 ല്‍ രാഷ്ട്രം ഗോപിയാശാന് പത്മശ്രീ നല്‍കി ആദരിച്ചു. ഇന്നാണ് എണ്‍പതാം ജന്മദിനമെങ്കിലും ജന്മനക്ഷത്ര പ്രകാരം അത് ജൂണ്‍ നാലിനാണ്. അന്നാണ് എടവ മാസത്തിലെ അത്തം. ചന്ദ്രികയാ ണ് ഭാര്യ. മക്കള്‍ ജയരാജന്‍, രഘുരാജന്‍. മരുമക്കള്‍ പ്രിയ, ശ്രീകല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."