വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഗ്ലെന്‍ ഡൊണാള്‍ഡ് മഗ്രാത്ത്
തൊണ്ണൂറുകളുടെ മധ്യത്തില്‍ ആസ്‌ത്രേലിയയെ പ്രബല ടീമായി മാറ്റിയെടുക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചവരില്‍ ഒരാളാണ് ഗ്ലെന്‍ ഡൊണാള്‍ഡ് മഗ്രാത്ത്. ലോകക്രിക്കറ്റ് ചരിത്രത്തില്‍ മഹാന്മാരുടെ ഗണത്തിലാണ് ക്രിക്കറ്റ് നിരൂപകര്‍ മഗ്രാത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫാസ്റ്റ് മീഡിയം പേസ് ബൗളര്‍ 124 ടെസ്റ്റ് ക്രിക്കറ്റിലും, 250 ഏകദിനത്തിലും ആസ്‌ത്രേലിയക്കായി കളിച്ചിട്ടുണ്ട്. 24 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച നേട്ടം. ഏകദിനത്തിലാണെങ്കില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് നേടിയതാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ 5 വിക്കറ്റുകള്‍ 29 തവണ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അഞ്ച് വിക്കറ്റുകള്‍ ഏഴു തവണ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ നാലാമത്തെ ബൗളര്‍ ആണ് മഗ്രാത്ത്. എന്നും വിവാദ പുരുഷനായിരുന്നു മഗ്രാത്ത്. ക്രിക്കറ്റ് ജീവിതത്തിനേക്കാള്‍ അടുത്തകാലം വരെയും മഗ്രാത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് മൃഗ വേട്ടയെക്കുറിച്ചുള്ള വാര്‍ത്തകളും അതിനെത്തുടര്‍ന്നുള്ള വിവാദങ്ങളുമായിരുന്നു.
2008ല്‍ സിംബാബ്‌വെയില്‍ ടെസ്റ്റ് കളിക്കാന്‍ പോയപ്പോഴാണ് മഗ്രാത്ത് ആ ഫോട്ടോ എടുക്കുന്നത്. തോക്ക് പിടിച്ചിരിക്കുന്ന മഗ്രാത്തിനു സമീപം ആനയും, കാട്ടു പോത്തും മറ്റു മൃഗങ്ങളുമെല്ലാമുണ്ടായിരുന്നു. ഒരു ഫാമില്‍ വെച്ച് എടുത്ത ആ ഫോട്ടോയില്‍ മഗ്രാത്തിനൊപ്പം സഹകളിക്കാരന്‍ ബ്രെറ്റ് ലീയും ഇവരെകൂടാതെ രണ്ടു കുട്ടികളുമുണ്ടായിരുന്നു.
മാധ്യമങ്ങളില്‍നിന്നും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും മൃഗ വേട്ട വിവാദത്തില്‍ കൂടുതല്‍ പഴികേട്ടത് ബ്രെറ്റ് ലീയെക്കാള്‍ മഗ്രാത്തിനായിരുന്നു. ഒരു പക്ഷെ സാമൂഹ്യ സേവന രംഗത്ത് മഗ്രാത്ത് കൂടുതല്‍ സജീവമായതായിരിക്കാം ഇതിനുകാരണം.
മഗ്രാത്തിന്റെ ഭാര്യ 2008ല്‍ അര്‍ബുദം ബാധിച്ചു മരിച്ചു. ആ വര്‍ഷം തന്നെ അര്‍ബുദത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും, അര്‍ബുദ ചികിത്സയ്ക്കുമായി മഗ്രാത്ത് ഫൗണ്ടേഷന്‍ നിലവില്‍വന്നു. അതിനുമുന്‍പ് 2002ല്‍ ചെറിയ രീതിയില്‍ തുടക്കമിട്ടെങ്കിലും 2008ല്‍ ആണ് മഗ്രാത്ത് ഫൗണ്ടേഷന്‍ ഈ രംഗത്തേക്ക് കൂടുതല്‍ ചുവടുകള്‍ വെക്കുന്നത്.
ഇന്ന് മഗ്രാത്ത് ഫൗണ്ടേഷന്‍ ആസ്‌ത്രേലിയയിലെ മുന്‍നിര സംഘടനകളില്‍ ഒന്നാണ്. ആയിരക്കണക്കിനാളുകളാണ് ആ സംഘടനയില്‍ പ്രതിഫലേച്ഛ കൂടാതെ അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. നാല്‍പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് അര്‍ബുദം സംബന്ധിച്ച് ബോധവല്‍ക്കരണം അവരുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
കൂടാതെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സ്‌കോളര്‍ഷിപ്പും ഈ സംഘടന നല്‍കിപ്പോരുന്നു. മഗ്രാത്ത് ഫൗണ്ടേഷന്റെ പ്രസിഡന്റ് മഗ്രാത്ത് തന്നെയാണ്. ഒരു പ്രതിഫലവും കൈപ്പറ്റാതെയാണ് അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നത്. മൃഗവേട്ട നടത്തിയ ക്രൂരതയുള്ള കളിക്കാരന്‍ എന്ന പ്രതിച്ഛായ മറികടക്കാനാണോ താങ്കള്‍ മഗ്രാത്ത് ഫൗണ്ടേഷന്‍ തുടങ്ങി ഇപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന ചോദ്യത്തിന് പതിനൊന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെയ്ത ആ പ്രവര്‍ത്തിയില്‍ ഞാന്‍ വളരെയധികം പശ്ചാത്തപിക്കുന്നു എന്നായിരുന്ന മറുപടി.
ചെറുപ്പം തൊട്ടേ സാമൂഹ്യ സേവനത്തിന് ഇഷ്ടമായിരുന്നു. ഞാന്‍ ജീവിക്കുന്ന ഈ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സദുദ്ദേശത്തോടുകൂടിയാണ് മഗ്രാത്ത് ഫൗണ്ടേഷന് തുടക്കമിടുന്നത്. അത് നല്ല രീതിയില്‍ പോകുന്നെന്നും അദ്ദേഹം പറഞ്ഞു. ഗ്രൗണ്ടില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നവും അവരെ ചീത്ത വിളിക്കുകയും, കണ്ണുരുട്ടി കാണിക്കുകയും ചെയ്യുന്ന മഗ്രാത്തല്ല ഗ്രൗണ്ടിന് പുറത്തുള്ള മഗ്രാത്ത്. വളരെയധികം സൗമ്യനും എല്ലാവരോടും നന്നായി പെരുമാറുന്ന, നല്ല മനസ്സിനുടമകൂടിയാണെന്ന് അദ്ദേഹത്തിന്റെ സല്‍ പ്രവര്‍ത്തികളും അടിവരയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."