തൈക്കാട് മോഡല്‍ സ്‌കൂളില്‍ നിന്നും'റോക്കറ്റ് വിക്ഷേപിച്ചു'
തിരുവനന്തപുരം: തൈക്കാട് മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വട്ടം കൂടി നിന്ന നൂറുകണക്കിന് വിദ്യാര്‍ഥികളെ സാക്ഷിയാക്കി അധ്യാപകനായ എം. അജിത്കുമാര്‍ കൗണ്ടൗണ്‍ പ്രഖ്യാപിച്ചു '10, 9, 8 മുതല്‍ 0' വരെ പറഞ്ഞതും സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ 'വാട്ടര്‍ റോക്കറ്റ് ' ആകാശത്തേക്ക് കുതിച്ചു.
വിദ്യാര്‍ഥികള്‍ കൈകള്‍ ഉയര്‍ത്തി ആര്‍പ്പു വിളിച്ചു. ആദ്യം കുട്ടികള്‍ അത്ഭുതപ്പെട്ടെങ്കിലും പിന്നീടത് ആഹ്ലാദാരവത്തിലേക്കു മാറി. ബഹിരാകാശ വാരാഘോഷത്തിനു മുന്നോടിയായി തൈക്കാട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച 'അയല്‍പക്ക വിദ്യാലയ സംഗമം' പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ സന്ദര്‍ശിച്ച കോട്ടണ്‍ ഹില്‍ ഗവ. എല്‍.പി സ്‌കൂള്‍ , തൈക്കാട് ഗവ. എല്‍.പി സ്‌കൂള്‍, മോഡല്‍ ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് 'റോക്കറ്റ് വിക്ഷേപണ' പരിപാടി തയ്യാറാക്കിയത്.
വെള്ളം നിറച്ച വലിയ കുപ്പിയാണ് റോക്കറ്റാക്കിയത്. പ്രത്യേക പമ്പ് ഉപയോഗിച്ച് പരമാവധി വായു കടത്തിവിട്ട് അതിന്റെ സമര്‍ദ ഫലമായാണ് റോക്കറ്റു ഉയര്‍ന്നു പൊങ്ങുന്നത്. അടുത്ത ആഴ്ച യഥാര്‍ഥ റോക്കറ്റ് വിക്ഷേപണം കാണാന്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ ബസില്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ കൊണ്ട് പോകുന്നുണ്ട്.
അതിനു മുന്നോടിയായാണ് റോക്കറ്റ് നിര്‍മാണ പ്രദര്‍ശനവും റോക്കറ്റ് വിക്ഷേപണ പ്രവര്‍ത്തനവും കുട്ടികളെ കാണിച്ചത്. രാവിലെ 'അയല്‍പക്ക വിദ്യാലയ സംഗമം' മോഡല്‍ സ്‌കൂള്‍ മലയാളം അധ്യാപകനും എഴുത്തുകാരനുമായ ജെ.എം റഹിം ഉദ്ഘാടനം ചെയ്തു.
സംഗമത്തിന്റെ ഭാഗമായി ഗണിത കളികള്‍, സയന്‍സ് പാഠങ്ങള്‍, കൃഷി പാഠങ്ങള്‍, സ്‌നേഹ മുദ്ര പതിപ്പിക്കല്‍, ബഹിരാകാശ വിജ്ഞാന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ആര്‍.എസ് സുരേഷ് ബാബു സമ്മാന വിതരണം നിര്‍വഹിച്ചു.
അധ്യാപകരായ സതീഷ് കുമാര്‍ ,എം.ഷാജി , ജയരാജ് , ഉണ്ണികൃഷ്ണന്‍ നായര്‍ , വൈശാഖ് , ജാസ്മിന്‍, ലളിതാംബിക, ജോളി, കലാ ലക്ഷ്മി, പ്രീത കൃഷ്ണകുമാര്‍ ,നിര്‍മലാദേവി, അച്ചാമ്മ എന്നിവര്‍ നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."