മോശം പരാമര്‍ശം മന്ത്രിയെ അറിയിച്ചത് ഫേസ്ബുക്ക്, രജിസ്റ്റര്‍ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് കൈയ്യോടെ പണികൊടുത്ത് മന്ത്രി ജി. സുധാകരന്
കോഴിക്കോട്: സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് സസ്പെന്ഷന്.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കാനെത്തിയവരോട് മുക്കത്ത് സബ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതിനാണ് നടപടി. സഹകരണ മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് നടപടി സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
സബ് രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലാര്‍ക്ക് ശിവരാമന് നായര്‍, ക്ലാര്‍ക്ക് ടി.കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി.ബി രജീഷ എന്നീ ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തതായി മന്ത്രി ജി.സുധാകരന് അറിയിച്ചത്.
മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിനായി എത്തിയ മധുസൂദന്‍ നല്കിയ സേവനത്തില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയും രജിസ്ട്രേഷന് വകുപ്പിനെതിരെയും സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ കുറിപ്പിട്ടിരുന്നു.
ഈ കുറിപ്പ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ ഒരുദിവസം കൊണ്ട് നല്‍കേണ്ട സേവനത്തിന് ബോധപൂര്‍വ്വം മൂന്നു ദിവസത്തെ കാലതാമസം വരുത്തിയെന്നും സര്‍ക്കാര്‍ ജീവനക്കാരന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഓഫീസിലെ ചില ജീവനക്കാര്‍ പെരുമാറിയതായും റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന മോശമായ പരാമര്‍ശവും സബ് രജിസ്ട്രാര്‍ നടത്തിയതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി ജി.സുധാകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."