HOME
DETAILS
MAL
ഹൃദയാക്ഷരങ്ങള്‍ സമ്മേളിച്ച ആംഗ്യ സംഗമം
backup
December 06 2020 | 04:12 AM
ഒന്നിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ കാണുകയോ സ്പര്‍ശിക്കുകയോ അല്ല വേണ്ടത്, ഹൃദയംകൊണ്ട് അനുഭവിക്കുകയാണ് ചെയ്യേണ്ടത്
-ഹെലന് കെല്ലര്‍
കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത ഒരുപാട് സുഹൃത്തുക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. താല്പര്യമുണ്ടായിട്ടുപോലും അവരോട് സംവദിക്കാന്‍ കഴിയാതെ പോവുന്നവരാണ് നമ്മളിലധികവും. എന്നാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ പരസ്പരം ആശയവിനിമയം നടത്തുന്ന അത്തരം ആളുകളെ നോക്കി നമ്മള് ആശ്ചര്യപ്പെടാറുമുണ്ട്. നമുക്കും അവര്‍ക്കും ഇടയിലെ ആശയവിനിമയത്തിനുള്ള തടസം ഭാഷയാണ്. ആംഗ്യഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞാല്‍ തന്നെ നമുക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത ആളുകളോട് ആശയവിനിമയം നടത്താന്‍ കഴിയും. പക്ഷേ, ആ ഭാഷ നമ്മള് എവിടുന്ന് പഠിക്കും. ആര് പഠിപ്പിച്ചു തരും. നമ്മള് പഠിച്ച ഭാഷയുമായി അവരുടെ പക്കലെത്തിയാല്‍ അതിന്റെ അര്‍ഥം മാറിപ്പോകുമോ... സമൂഹത്തിന്റെ ഈ ആശങ്കകള്‍ക്ക് പരിഹാരവുമായാണ് ഒരു പറ്റം ചെറുപ്പക്കാര്‍ ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. സോഷ്യല്‍ മീഡിയയില്‍ പലവിധ ചലഞ്ചുകള്‍ സജീവമായ സമയത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മൂന്ന് ലക്ഷം ആളുകളെ ഒരുമിച്ച് ചേര്‍ത്ത് 'ഐ ലൈക്ക് സൈന്‍ ലാംഗ്വേജ്, ഐ സപ്പോര്‍ട്ട് സൈന്‍ ലാംഗ്വേജ്' എന്ന ഹാഷ് ടാഗോടെ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് കാംപയിന് ആരംഭിച്ചത്.
കോഴിക്കോട് ആസ്ഥാനമായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഡ്രീം ഓഫ് അസ് എന്ന കൂട്ടായ്മയുടെ സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.എസ് സുഖ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചലഞ്ചുമായി രംഗത്തുവന്നത്. കോഴിക്കോട് മുക്കം എം.എ.എം.ഒ കോളജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ പി. ശമീറയും തിരുവനന്തപുരം സ്വദേശിയും ഐ.ഐ.എമ്മില്‍ എന്‍ജിനീയറുമായ വി.എസ് ശ്രീജിത്തും പരിപാടിയുടെ കോര്‍ഡിനേഷന്‍ ഏറ്റെടുത്തു. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പത്ത് വളണ്ടിയര്‍മാരെ കാംപയിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ സമയത്ത് സംസാര ശേഷിയില്ലാത്തവരുടെ സഹായത്തോടെ ആംഗ്യഭാഷ പഠിപ്പിച്ചെടുത്തു. കൃത്യമായ രീതിയില്‍ ആംഗ്യഭാഷയിലെ പ്രധാന കാര്യങ്ങള്‍ പഠിച്ചെടുത്ത ശേഷം നവംബര്‍ ഒന്ന് മുതല്‍ 30 വരെയായിരുന്നു കാംപയിന് സംഘടിപ്പിച്ചത്.
പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സഹായത്തോടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏഴാം ക്ലാസുകാരി മുതല്‍ വീട്ടമ്മമാര്‍ വരെ മൂവായിരത്തിലധികം പേരാണ് കാംപയിനിലൂടെ ആംഗ്യ ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചെടുത്തത്. അതത് ക്ലാസിന്റെ വീഡിയോ ദൃശ്യം ഡ്രീം ഓഫ് അസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിച്ചതോടെ ഏകദേശം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കാംപയിനില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായത്. നവംബര്‍ 30ന് നടന്ന സമാപന മെഗാ ഇവന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേര് ലൈവായി പരിപാടി കാണുകയും ചെയ്തു.
ചുറ്റുമുള്ള കേള്‍വി ശേഷിയില്ലാത്ത, സംസാര ശേഷിയില്ലാത്ത, അപരിചിതത്വത്തിന്റെ ലോകത്ത് ജീവിക്കുന്നവരെ ചേര്‍ത്തുപിടിക്കുക എന്നതാണ് കാംപയിന് കൊണ്ട് ഉദ്ദേശിച്ചത്. നമ്മുടെ ഭാഷ അവര്‍ പഠിക്കുന്നതിനേക്കാള്‍ എളുപ്പമല്ലേ അവരുടെ ഭാഷ നമ്മള് പഠിക്കുന്നതെന്ന തിരിച്ചറിവാണ് ഇത്തരമൊരു കാംപയിന് രൂപപ്പെടാന്‍ കാരണമായത്. ഒരിത്തിരി സമയം ഞങ്ങള്‍ക്കു തരൂ, ഒത്തിരി വലുപ്പമുള്ള ഒരു ലോകത്തെ തിരിച്ചുതരാം എന്ന പ്രമേയത്തില്‍ 'ഐ ലൈക്ക് സൈന്‍ ലാംഗ്വേജ്, ഐ സപ്പോര്‍ട്ട് സൈന്‍ ലാംഗ്വേജ്' എന്ന ഹാഷ് ടാഗോടെ പോസ്റ്ററുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തംരഗമായതോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖര്‍ കാംപയിനിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."