HOME
DETAILS
MAL
പോരാട്ടം കടുപ്പിച്ച് മുന്നണികള്‍
backup
December 06 2020 | 05:12 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ പോരാട്ട വീര്യം കുറയാതെ മുന്നണികള്‍. കൊവിഡ് കാലം പതിവ് പ്രചാരണരീതികള്‍ക്കെല്ലാം മാറ്റമുണ്ടാക്കിയെങ്കിലും സംസ്ഥാന രാഷ്ട്രീയം മുമ്പില്ലാത്തവിധം തിളച്ചുമറിയുമ്പോഴാണ് വോട്ടെടുപ്പ്.
അവസാന ലാപ്പില്‍ കിട്ടാവുന്ന മുഴുവന്‍ വോട്ടുകളും തങ്ങളുടെ പെട്ടിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ പതിവ് കലാശകൊട്ടുകളില്ലാതെ ഇന്ന് പ്രചാരണം അവസാനിക്കാനിരിക്കേ ആവനാഴിയിലെ അവസാന അസ്ത്രങ്ങളും പ്രചാരണ രംഗത്ത് ഉപയോഗിക്കുകയാണ് മുന്നണികള്‍.
കൊവിഡ് പശ്ചാത്തലത്തില്‍ പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും അവസാന മണിക്കൂറുകളിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയാണ് സ്ഥാനാര്‍ഥികള്‍. നേതാക്കളാകട്ടെ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴിപ്പിക്കുന്നു.
പ്രാദേശിക പ്രശ്‌നങ്ങളേക്കാള്‍ വിവാദങ്ങള്‍ക്കാണ് പ്രചാരണ രംഗത്ത് മേല്‍ക്കൈ. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫിന്റെ പ്രചാരണായുധം.
പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയുടെ ഓഫിസ്, മകനുള്‍പ്പെട്ട വിവാദങ്ങളില്‍ സ്ഥാനമൊഴിഞ്ഞ പാര്‍ട്ടി സെക്രട്ടറി, സ്വര്‍ണക്കടത്ത് തുടങ്ങിയ വിവാദങ്ങള്‍ക്ക് മറുപടി പറയാനും നേതാക്കള്‍ക്ക് സമയം കണ്ടത്തേണ്ടി വരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അസാനിധ്യം പലയിടത്തും ചര്‍ച്ചയാകുന്നുണ്ടെങ്കിലും അവസാന ഘട്ടത്തില്‍ വെബ് റാലിയിലെ സാന്നിധ്യത്തിലൂടെ ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് ഇടതു മുന്നണി.
മറുഭാഗത്ത് യു.ഡി.എഫാകട്ടെ സ്വര്‍ണക്കടത്ത് മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള സകല വിവാദങ്ങളും എടുത്ത് ഉപയോഗിക്കുന്നുണ്ട്. അഴിമതി തന്നെയാണ് പ്രധാന പ്രചാരണ വിഷയം.
വെല്‍ഫെയര്‍ പാര്‍ട്ടിയെച്ചൊല്ലി തര്‍ക്കങ്ങളും കല്ലാമലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങളും വിമതഭീഷണിയും യു.ഡി.എഫില്‍ കല്ലുകടിയുണ്ടാക്കിയെങ്കിലും പ്രചാരണത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നത്.
സ്വര്‍ണകടത്ത് മുതല്‍ മുഖ്യമന്ത്രിയുടെ പ്രചാരണ രംഗത്തെ അസാന്നിധ്യം വരെ ബി.ജെ.പി ചര്‍ച്ചയാക്കുന്നു. പക്ഷേ അപ്പോഴും പാളയത്തിലെ പോര് ബി.ജെ.പി പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ തകിടം മറിച്ചു. സുരേന്ദ്രന്‍ പ്രസിഡന്റായ ശേഷമുള്ള തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും നിര്‍ണായകമാണ്.
കലാശക്കൊട്ടില്ലെങ്കിലും വാക്ക് പോര് കടുപ്പിച്ച് ആവേശം നിറച്ചുതന്നെയാണ് മുന്നണികള്‍ സെമിഫൈനലിന്റെ ആദ്യലാപ്പ് കടക്കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."