മുന്നേറ്റം നവകേരളത്തിലേക്ക്
പിണറായി മന്ത്രിസഭയുടെ ഒന്നാംപിറന്നാള്‍ ഇന്ന്
1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയുണ്ടായപ്പോള്‍ പലരും ആവേശഭരിതരായി; ചിലര്‍ പരിഭ്രാന്തിയിലുമായി. 2017ല്‍ ഈ മന്ത്രിസഭ ഒന്നാംവാര്‍ഷികമാഘോഷിക്കുമ്പോഴും പലര്‍ക്കും അഭിമാനവും ചിലര്‍ക്കു പരിഭ്രാന്തിയുമുണ്ട്.
പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ-ഭരണഘടനാവ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് എങ്ങനെ ഭരിക്കാമെന്നതിന്റെ ഉത്തരം കണ്ടെത്താനാണ് 57ല്‍ ശ്രമിച്ചത്. ആഗോളവല്‍ക്കരണനയത്തിന്റെയും വര്‍ഗീയാന്തരീക്ഷത്തിന്റെയും നടുവില്‍നിന്ന് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന ഭരണം എങ്ങനെ സാധ്യമാക്കാമെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് 2017ല്‍ ശ്രമിക്കുന്നത്.
കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസപരിഷ്‌കരണം എന്നിവയിലൂടെ കേരളവികസനത്തിനുള്ള അടിത്തറയൊരുക്കലാണ് 57ലെ സര്‍ക്കാര്‍ ചെയ്തതെങ്കില്‍ ഭരണരംഗത്ത് നാലുകാര്യങ്ങളില്‍ ഊന്നാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്.
(1) ജീര്‍ണരാഷ്ട്രീയസംസ്‌കാരം മാറ്റി ആരോഗ്യകരമായ രാഷ്ട്രീയസംസ്‌കാരം കെട്ടിപ്പടുക്കുക. അഴിമതിയും അനാശാസ്യതയുമെല്ലാം അധികാരത്തോടു കൂടിക്കലര്‍ന്ന അവസ്ഥയുണ്ടായിരുന്നു. അതില്‍ വ്യാപരിക്കുന്നവര്‍ അധികാരത്തെ ഉപകരണമാക്കി രക്ഷപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു. അതുപൊളിച്ചെഴുതിയെന്നതാണ് ഒരു വര്‍ഷത്തെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം. ഐ.എ.എസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ഉത്തരവാദിത്വം അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ശരിയും ശക്തവുമായ തീരുമാനമെടുക്കാനായി.
(2) അടിസ്ഥാനസൗകര്യവികസനം ദ്രുതഗതിയിലാക്കാന്‍ കഴിഞ്ഞു. മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയില്‍ പൈപ്പ് ലൈനും ദേശീയപാതയുമെല്ലാം വേഗത്തില്‍ തീര്‍ക്കാനും നിരവധി പുതിയപദ്ധതികള്‍ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തല്‍ നയത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടിയില്‍നിന്ന് 71.34 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന നിരവധി വ്യവസായങ്ങള്‍ ലാഭത്തിലാക്കി.
(3) സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിക്കുകയും കുടിശ്ശിക കൊടുത്തുതീര്‍ക്കുകയും ചെയ്തു. കശുവണ്ടി, മത്സ്യബന്ധനം, കൈത്തറി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനായി നിരവധി നടപടികളെടുത്തു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം പ്രഖ്യാപിച്ചു. നഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു.
(4) കേരളത്തിന്റെ ഭാവി ശോഭനമാക്കാന്‍ പൊതുവിദ്യാഭ്യാസ യജ്ഞവും ആര്‍ദ്രം മിഷനും ലൈഫ് മിഷനും ഹരിതകേരള മിഷനും ആരംഭിച്ചു. ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും മറ്റും ഭീഷണി ഫലപ്രദമായി നേരിടാനുള്ള ബദല്‍ മാര്‍ഗമാണ് ഹരിതകേരളവും ആര്‍ദ്രവും മറ്റും.
ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള വിശിഷ്ടവിദ്യാഭ്യാസം സമ്പന്നനുമാത്രം മതിയെന്ന് ആഗോളവല്‍ക്കരണക്കാര്‍ ശഠിക്കുമ്പോള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ പാടേ മാറ്റി സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിച്ച് ആ വിശിഷ്ടവിദ്യാഭ്യാസം സാധാരണക്കാരുടെ മക്കളില്‍ എത്തിക്കുകയാണ്. എയ്ഡഡ് സ്‌കൂളുകളും ഇത്തരത്തില്‍ ആധുനീകരിക്കപ്പെടണം. അടുത്തഘട്ടം അതാണ്.
സ്വകാര്യ ആശുപത്രിയിലെ ലക്ഷങ്ങള്‍ ചെലവുള്ള ചികിത്സ ലഭിച്ചാലേ രോഗം മാറൂ എന്നതായിരുന്നു അവസ്ഥ. അവിടത്തെ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുക്കി രോഗികള്‍ക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന അത്താണിയാക്കുകയാണ് ആര്‍ദ്രം പദ്ധതി. ഇതിലൂടെ സ്വകാര്യ ആശുപത്രികളുടെ പണക്കൊയ്ത്തു തടയാനാകും.
എല്ലാ അഗതികള്‍ക്കും കിടപ്പാടവും ജീവിതോപാധിയുമൊരുക്കുന്ന പദ്ധതിയാണ് ലൈഫ്. ഇക്കാലമത്രയും നിരവധി പദ്ധതികളിലൂടെ ശ്രമിച്ചിട്ടും ഭവനരഹിതരില്ലാത്ത കേരളം ഇന്നും സ്വപ്‌നമാണ്. വീടില്ലാത്തവര്‍ക്കെല്ലാം തലചായ്ക്കാന്‍ ഒരിടം എന്ന ആ സ്വപ്‌നം ലൈഫ് മിഷനിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്.
രൂക്ഷമായ പ്രകൃതിവിഭവചൂഷണത്തിനു വിധേയമായി രോഗാതുരമായ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാനുള്ള ജനകീയ ബദലാണ് ഹരിതകേരളം മിഷന്‍. പുതിയ മാലിന്യശുചീകരണ രീതികള്‍ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്കനുകൂലമായ കൃഷിരീതികള്‍ അവലംബിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെയാണിതു നടപ്പാക്കുന്നത്.
സമ്പൂര്‍ണ സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും കുടുംബശ്രീ മിഷനുമെല്ലാം ഫലപ്രദമായി നടപ്പാക്കിയ നമുക്ക് ഈ മിഷനുകളും വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ജനപിന്തുണയുമാണ് അതിന്റെ മൂലധനം.
സ്വാഭാവിക വരുമാനത്തിലൊതുങ്ങുന്ന വികസനമെന്ന കാഴ്ചപ്പാട് പൊളിച്ചെഴുതി വികസനത്തിന് ബജറ്റിനു പുറത്തുള്ള വിഭവസമാഹരണം കണ്ടെത്തുകയാണ്. ഇങ്ങനെ അമ്പതിനായിരം കോടി രൂപ സമാഹരിച്ച് അടിസ്ഥാന വികസന സൗകര്യങ്ങളൊരുക്കലാണ് കിഫ്ബിയുടെ ലക്ഷ്യം.
കേന്ദ്രത്തില്‍ നിന്ന് അരി കിട്ടാതിരുന്നിട്ടുകൂടി സ്വന്തം നിലയ്ക്ക് അരി എത്തിച്ചതും കണ്‍സ്യൂമര്‍ഫെഡിനെയും സപ്ലൈകോയെയും കമ്പോളത്തില്‍ ഇടപെടുവിച്ചു വില നിയന്ത്രിച്ചതും ജനപക്ഷ ബദലിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചതും അവര്‍ക്കുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതും ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഇടപെടലുകള്‍ നടത്തുന്നതും ബഡ്‌സ് സ്‌കൂള്‍ സ്ഥാപിച്ചതും സര്‍ക്കാരിന്റെ ജനകീയമുഖം വ്യക്തമാക്കുന്നു.
പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഉപഭോക്താക്കളെ ന്യൂജനറേഷന്‍ ബാങ്കുകളുടെ തട്ടകത്തിലേക്കെത്തിച്ചു കൊടുക്കുന്ന പുതിയ സാഹചര്യത്തില്‍ 'കേരളബാങ്ക് ' വിപ്ലവകരമായ സാമ്പത്തിക ബദലായിരിക്കും. നോട്ടുനിരോധന കാലത്ത് നമ്മുടെ സഹകരണ ബാങ്കുകളെ ഞെരിച്ചുകൊല്ലാനുള്ള നീക്കമാണു നടന്നത്. ആ ഘട്ടത്തില്‍ നോട്ടുപ്രതിസന്ധിയില്‍നിന്നു ജനങ്ങളെ രക്ഷിക്കാനും സഹകരണബാങ്കുകളുടെ നിലനില്‍പ്പ് അപകടത്തിലാവാതെ നോക്കാനും ഈ സര്‍ക്കാരിനു കഴിഞ്ഞു.
അതിഭീകര വരള്‍ച്ചയുടെ ആഘാതത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാനായതും മുന്‍കാലങ്ങളിലെപ്പോലെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാതെ പരിപാലിച്ചതും കൃത്യമായ ആസൂത്രണത്തിലൂടെയാണ്. നിയമന മരവിപ്പു മാറ്റി 36,047 പേര്‍ക്ക് പി.എസ്.സി വഴി ജോലി കൊടുത്തു. രണ്ടായിരത്തിയഞ്ഞൂറിലേറെ പുതിയതസ്തികകള്‍ സൃഷ്ടിച്ചു. വിദ്യാഭ്യാസ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതെല്ലാം ജനപക്ഷനയത്തിന്റെ ഭാഗമാണ്.
ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ റെക്കോഡ് സ്ഥാപിച്ച സംസ്ഥാനമാണു കേരളം. എന്നാല്‍, കേരളത്തിന് ഈ വകയില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പണം കിട്ടിയില്ല. ഈ രംഗത്തും ബാങ്കിങ് മേഖലയിലും ഇറക്കുമതി രംഗത്തും സഹകരണമേഖലയിലും പൊതുവിതരണസമ്പ്രദായ കാര്യത്തിലുമൊക്കെയുണ്ടാകുന്ന പ്രതികൂലസമീപനങ്ങള്‍ നമ്മുടെ സുഗമമായ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്..
2015-16ല്‍ 1.97 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2016-17ല്‍ 2.02 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. റബറിന്റെ വില സ്ഥിരതാഫണ്ടിനായി വകയിരുത്തിയ 500 കോടിയില്‍ 449.77 കോടി രൂപ 3.3 ലക്ഷം കര്‍ഷകര്‍ക്കു വിതരണം ചെയ്തു. ഭക്ഷ്യധാന്യ കൃഷിക്കു മാത്രം ബാധകമായിരുന്ന സൗജന്യവൈദ്യുതിനിരക്ക് വിളകളുടെ തരം പരിഗണിക്കാതെ നല്‍കി.
സാര്‍വദേശീയ മാധ്യമങ്ങള്‍പോലും സര്‍ക്കാരിന്റെ നടപടികളെ തുറന്ന് അംഗീകരിക്കുന്നുണ്ട്. ജീവിതശൈലീ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ബി.ബി.സി പ്രസിദ്ധീകരിച്ച വാര്‍ത്തയും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് 'ടെലിസറും' 'ലെ ഹ്യൂമനിറ്റും' പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഭിന്നലിംഗക്കാരെ സഹായിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ച് 'ദി ഗാര്‍ഡിയന്‍' പത്രത്തിന്റെ വാര്‍ത്തയും ഇന്റര്‍നെറ്റ് അവകാശമാക്കുന്നതിനെക്കുറിച്ചുള്ള 'ദി ഇന്‍ഡിപെന്‍ഡന്റിന്റെ' വാര്‍ത്തയും ഉദാഹരണം.
മികവാര്‍ന്ന പൊലിസിങിനുള്ള നാഷനല്‍ പൊലിസ് എക്‌സലന്‍സ് അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്. ഏറ്റവും നന്നായി ക്രമസമാധാനം പാലിക്കപ്പെടുന്നത് കേരളമാണെന്ന് ഇന്ത്യ ടുഡേ സര്‍വേ കണ്ടെത്തി. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി കേരളം മാറി. സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായും കേരളം മാറി. വര്‍ഗീയധ്രുവീകരണം, കോര്‍പ്പറേറ്റ്‌വല്‍ക്കരണം എന്നീ രണ്ടു വിപത്തുകളുടെ പിടിയിലാണു രാജ്യം. രണ്ടിനെയും ഒരുപോലെ ചെറുത്ത് ജനമനസ്സിന്റെ ഒരുമയ്ക്കും ജനജീവിതഭദ്രതയ്ക്കും വേണ്ടി നിലകൊള്ളുന്ന ശക്തിയുടെ പ്രതീകം എന്ന നിലയ്ക്കാണ് ഈ സര്‍ക്കാര്‍ വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."