ഭീകരാക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു; മൂന്നു പേര്‍ കൂടി അറസ്റ്റില്‍
ലണ്ടന്‍: കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ അരീനയിലെ സംഗീത നിശയ്ക്കിടെ ഭീകരാക്രമണം നടത്തിയ കേസില്‍ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു. സംഗീത പരിപാടി നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പുറത്ത് പൊട്ടിത്തെറിച്ച ചാവേറിനെ തിരിച്ചറിഞ്ഞു.
22 കാരനായ സല്‍മാന്‍ അബേദി എന്നയാളാണ് ചാവേറെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെ സഹോദരനായ 23 കാരന്‍ ഇസ്മാഈലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാഞ്ചസ്റ്ററില്‍ ജനിച്ചയാളാണ് സല്‍മാന്‍. ഇയാളുടെ മാതാപിതാക്കള്‍ ലിബിയന്‍ വംശജരാണ്. സല്‍മാന്‍ സല്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 64 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ പൊലിസുകാരിയും ഉള്‍പ്പെടും. സംഭവ സമയത്ത് ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. ബ്രിട്ടനില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു.
തന്ത്രപ്രധാന മേഖലകളുടെ സംരക്ഷണത്തിനായി സായുധ സൈന്യത്തെ വിന്യസിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ പ്രദേശം അടച്ചു. ഇവിടേക്ക് പൊതുജനത്തിന് പ്രവേശനം പൂര്‍ണമായും നിരോധിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വെസ്റ്റ്മിന്‍സ്റ്ററില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നു. 984 സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചത്. 3,800 സൈനികര്‍ കരുതല്‍ സേവനത്തിലുണ്ട്.
ആക്രമണത്തിന് ശേഷം നിരവധി പേരെ കാണാതായിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ കുട്ടികളെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. മരിച്ചവരില്‍ ഏറെയും കുട്ടികളും യുവാക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."