ബ്ലോക്ക് അംഗത്തെ മണ്ഡലം റാലിയില്‍ പങ്കെടുപ്പിച്ചില്ല; സി.പി.ഐയില്‍ കലാപക്കൊടി
തെരഞ്ഞെടുപ്പുകള്‍ ഇനിയുമുണ്ടാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി അബ്ദുറഹ്മാന്റെ മുന്നറിയിപ്പ്
അരീക്കോട്: ഒരിടവേളക്ക് ശേഷം ഏറനാട് മണ്ഡലത്തിലെ സി.പി.ഐക്കിടയില്‍ വിഭാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.ടി അബ്ദുറഹ്മാനെ അരീക്കോട്ട് നടന്ന ഏറനാട് മണ്ഡലം റാലിയിലും സമ്മേളനത്തിലും പങ്കെടുപ്പിക്കാത്തതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ രഹസ്യമായിരുന്ന ചേരിത്തിരിവ് ഇതോടെ പരസ്യമായ ഏറ്റുമുട്ടലിലേക്കെത്തിയിരിക്കുകയാണ്.
പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി പി.പി സുനീര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തിരുന്നു. മലയോര മേഖലയുള്‍പ്പെടുന്ന പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മണ്ഡലമായതിനാല്‍ ജില്ലാതല പരിപാടിയെന്നോണമായിരുന്നു ചടങ്ങുകള്‍.
നിലവില്‍ വെറ്റിലപ്പാറ ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗവും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ഡയറക്ടറുമായ കെ.ടി അബ്ദുറഹ്മാനെ ഈ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതോടെ പാര്‍ട്ടിയുടെ ഊര്‍ങ്ങാട്ടിരി ഘടകവും മണ്ഡലം നേതൃത്വവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയിലേക്കെത്തിരിക്കുകയാണ്. അബ്ദുറഹ്മാനെ പരിഗണിക്കണമെന്ന നിലപാടാണ് മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കുമുള്ളത്.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിലനില്‍ക്കുന്ന സി.പി.എം സി.പി.ഐ തര്‍ക്കങ്ങള്‍ക്കിടയില്‍ പക്ഷം ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചതാണ് അബ്ദുറഹ്മാന്‍ പാര്‍ട്ടിക്ക് അനഭിമതനാവാന്‍ കാരണം. പരിപാടിയില്‍ നിന്നും അകറ്റി നിര്‍ത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായതോടെ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന തരത്തില്‍ കെ.ടി അബ്ദുറഹിമാന്‍ സോഷ്യല്‍ മീഡിയയില്‍ വിശദീകരണവുമായി രംഗത്ത് വന്നതോടെ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്.
2010 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന അഷ്‌റഫ് കാളിയത്തിന് ലഭിച്ച 2700 വോട്ടില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച 57000 വോട്ടിലേക്കുള്ള ദൂരം ആരും കാണാതിരിക്കരുതെന്നും സി.പി.ഐയുടെ സംസ്ഥാന നേതാവായ സത്യന്‍ മൊകേരിക്ക് ലോക്‌സഭയിലേക്ക് ലഭിച്ചത് 37000 വോട്ട് മാത്രമാണെന്നും അബ്ദുറഹ്മാന്‍ പറയുന്നു. ലോകസഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകള്‍ ഇനിയും ഉണ്ടാകുമെന്നത് ഓര്‍ത്താല്‍ നന്നാവുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സോഷ്യല്‍ മിഡിയയില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്നാല്‍ അബ്ദുറഹ്മാന് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ പരിപാടിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നുമാണ് മണ്ഡലം സെക്രട്ടറി പി.പി ബാലകൃഷ്ണന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."