മ്യൂസിയം-മൃഗശാലാ വകുപ്പില്‍ സംവരണം അട്ടിമറിച്ചു
തിരുവനന്തപുരം: മ്യൂസിയം മൃഗശാലാ വകുപ്പില്‍ പട്ടികജാതിക്കാര്‍ക്കു സംവരണംചെയ്ത തസ്തികയില്‍ മറ്റുള്ളവര്‍ക്ക് നിയമനം. എജ്യുക്കേഷന്‍ ഓഫിസര്‍ (ഇ.ഒ) തസ്തികയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത നിയമനം നടക്കുന്നത്.
സുവോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതിക്കാരെ മാത്രമേ ഈ തസ്തികയില്‍ നിയമിക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് അട്ടിമറിച്ചുകൊണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു എം.എല്‍.എയുടെ പി.എയെയാണ് ഈ തസ്തികയില്‍ അനധികൃതമായി നിയമിച്ചത്. തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാതെ ശമ്പളം കൈപ്പറ്റുകയും എം.എല്‍.എയുടെ പി.എ ജോലി ചെയ്യുകയുമാണിയാള്‍ ചെയ്തത്. അതിനിടെ, ഈ തസ്തികയില്‍ മറ്റൊരാളെകൂടി നിയമിക്കാനുള്ള ശ്രമം എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഇപ്പോള്‍ തകൃതിയായി നടക്കുന്നുണ്ട്. ഒരേ തസ്തികയില്‍ രണ്ടു നിയമനം പാടില്ലെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഇത്തരം നീക്കം നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ വ്യക്തി പട്ടികജാതിക്കാരനോ നിയമപരമായ വിദ്യാഭ്യാസ യോഗ്യതയോ ഉള്ളയാളല്ല. ഇയാള്‍ക്ക് ജോലിക്കെത്താന്‍ കഴിയാത്തതിനാല്‍ എജ്യുക്കേഷന്‍ ഓഫിസറുടെ ശമ്പളം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരാളെ നിയമിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനായി പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സംവരണാടിസ്ഥാനത്തില്‍ പട്ടികജാതിക്കാരെ മാത്രം പരിഗണിക്കേണ്ട ഈ ഗസറ്റഡ് റാങ്കിലുള്ള തസ്തിക കഴിഞ്ഞ കുറേക്കാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പി.എസ്.സിക്ക് ഒഴിവു റിപ്പോര്‍ട്ടു ചെയ്യാതെ, വകുപ്പിലെതന്നെ ചില ജീവനക്കാര്‍ ഈ തസ്തികയില്‍ അനധികൃതമായി കയറിയിരിക്കുകയായിരുന്നു പതിവ്.
അതിനിടെ, പി.എസ്.സി.ക്ക് ഒഴിവ് റിപ്പോര്‍ട്ടു ചെയ്യാത്തതിനെതിരേ വകുപ്പുമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങുകയാണ് ഒരുകൂട്ടം ജീവനക്കാര്‍. മ്യൂസിയം മൃഗശാല കാണാനെത്തുന്ന വിദേശി-സ്വദേശി വിനോദ സഞ്ചാരികള്‍, സ്‌കൂള്‍ കുട്ടികള്‍, വിജ്ഞാന കുതുകികള്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ നല്‍കുകയാണ് എജ്യുക്കേഷന്‍ ഓഫിസറുടെ ചുമതല. വകുപ്പില്‍ സുവോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളത് ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. മിക്കഉദ്യോഗസ്ഥരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ജോലിയില്‍ കയറിയിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. അണ്ണാമലൈ, മധുര കാമരാജ് യൂനിവേഴ്‌സിറ്റികളിലെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് സര്‍ക്കാരിനെ കബളിപ്പിച്ചാണ് മിക്കവരും ഉദ്യോഗം നേടിയതെന്നും ജീവനക്കാര്‍ പറയുന്നു. ഇതുസംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ച ചില ഉദ്യോഗസ്ഥര്‍ക്കെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."