അഖിലേന്ത്യാ പണിമുടക്ക് പൂര്‍ണം; ബാങ്കിങ് മേഖല സ്തംഭിച്ചു
കൊച്ചി: ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയ(യു.എഫ്.ബി.യു)ന്റെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂര്‍ണം. പൊതു, സ്വകാര്യ, വിദേശ, ഗ്രാമീണ, സഹകരണ ബാങ്ക് തൊഴിലാളികള്‍ സംയുക്തമായി സംഘടിപ്പിച്ച പണിമുടക്കില്‍ ബാങ്കിങ് മേഖല നിശ്ചലമായി. 10 ലക്ഷം ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കില്‍ പങ്കെടുത്തതായി യു.എഫ്.ബി.യു നേതാക്കള്‍ അവകാശപ്പെട്ടു.
അഖിലേന്ത്യാ വ്യാപകമായി എല്ലാ ജില്ലാ, ടൗണ്‍ കേന്ദ്രങ്ങളിലും ധര്‍ണകളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു. സംസ്ഥാനത്ത് എണ്ണായിരം ബാങ്ക് ശാഖകളിലായി 40000 ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കി. ക്ലിയറിങ് ഹൗസ് പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും മുടങ്ങി.
മാസാവസാനമായതിനാല്‍ നിരവധി ഉപഭോക്താക്കളാണ് സമരം മൂലം വലഞ്ഞത്.സ്വകാര്യ മേഖലയില്‍ യഥേഷ്ടം ബാങ്കുകള്‍ അനുവദിക്കാനുള്ള നയം തിരുത്തുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള കര്‍ശനമായ നടപടികളും നിയമഭേദഗതികളും ഉറപ്പാക്കുക, മനഃപൂര്‍വം വായ്പാ കുടിശിക വരുത്തുത് ക്രിമിനല്‍ കുറ്റമാക്കുക, വന്‍കോര്‍പ്പറേറ്റ് വായ്പാകുടിശികക്കാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക, വിദേശമൂലധനം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലാളിവിരുദ്ധ നിയമഭേദഗതികളുപേക്ഷിക്കുക, പൊതുമേഖലാ ബാങ്കിങ് വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
കേരളത്തിന്റെ പ്രീമിയര്‍ ബാങ്കായ എസ്.ബി.ടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഐ.ഡി.ബി.ഐ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും യു.എഫ്.ബി.യു ഉന്നയിച്ചു. ജനവിരുദ്ധമായ ബാങ്കിങ് നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും യു.എഫ്.ബി.യു മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."