കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കണ്ണൂര്‍: ഡി.ടി.പി.സി നടത്തിപ്പ് ചുമതലയുണ്ടായിരുന്ന പയ്യാമ്പലം പാര്‍ക്ക് കോര്‍പറേഷന്‍ പൂട്ടിച്ച സംഭവത്തില്‍ തുടര്‍ നടപടിയെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഒരുവര്‍ഷം മുന്‍പാണ് നടത്തിപ്പിലെ അപാകതയും വരുമാനം ഇല്ലാത്തതും കണക്കിലെടുത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ പാര്‍ക്ക് അടച്ചുപൂട്ടിയത്. എന്നാല്‍ കഴിഞ്ഞ ഒന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ക്ക് നടത്തിപ്പ് അധികാരം ഡി.ടി.പി.സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനമായിരുന്നു. ഈ തീരുമാനമാണ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെത്തിയത്.
പ്രശ്‌നത്തില്‍ കോര്‍പറേഷനും മേയര്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ രംഗത്തെത്തി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായി പാര്‍ക്ക് നിര്‍മിച്ച് നടത്തിപ്പിന് അവസരമുണ്ടായിരിക്കെ ഡി.ടി.പി.സിക്ക് സ്ഥലം വിട്ടുനല്‍കിയത് ശരിയായില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. കഫ്റ്റീരിയ, പ്രവേശന ഫിസ്, ടോയിലറ്റ് സൗകര്യം എന്നിവക്ക് ലക്ഷങ്ങള്‍ കോര്‍പറേഷന് ലഭിക്കുമെന്നിരിക്കെയാണ് തെറ്റായ നടപടിയെന്നും സി. സമീറും അഡ്വ. പി. ഇന്ദിരയും ആരോപിച്ചു. എന്നാല്‍ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ ചട്ടമുണ്ടെന്നും കെട്ടിടം ഇനത്തിലും ലൈസന്‍സ് ഫീസായും മറ്റും കോര്‍പറേഷന് ലഭിക്കേണ്ട പണം ലഭിക്കുമെന്നും എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ക്ക് സംബന്ധിച്ച് കോര്‍പറേഷന് സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഗ്രാന്റ് ആവശ്യപ്പെട്ട് തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു.
തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണുന്നതിന് വന്ധ്യംകരണത്തിന് ജില്ലാ പഞ്ചായത്തിനെ ആശ്രയിക്കാതെ കോര്‍പറേഷന് സ്ഥിരം സംവിധാനം ഒരുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോര്‍പറേഷന്‍ ജില്ലാ പഞ്ചായത്തിന് പണം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനും തീരുമാനമായി. ഇത് സംബന്ധിച്ച് സോണല്‍ പരിധികളില്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."