അമേരിക്ക സൈനിക സഖ്യമുണ്ടാക്കുന്നു
വാഷിങ്ടണ്‍: ഇറാനെതിരേ സൈനികസഖ്യം ഉണ്ടാക്കുമെന്ന് അമേരിക്ക. ഇറാന്‍, യെമന്‍ അതിര്‍ത്തിയിലൂടെ കപ്പലുകള്‍ക്ക് സുഗമമായി കടന്നുപോകുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു സൈനികസഖ്യം രൂപീകരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് സഖ്യത്തില്‍ ഉണ്ടാവുകയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ മാസങ്ങളില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
സൈനികസഖ്യത്തിന് പിന്തുണ നല്‍കാന്‍ തയാറുള്ള രാജ്യങ്ങളുമായി ചര്‍ച്ചനടത്തുകയാണെന്ന് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മറൈന്‍ ജന. ജോസഫ് ഡണ്‍ഫോര്‍ഡ് പറഞ്ഞു. സൈനികസഖ്യത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതും നിയന്ത്രണവും അമേരിക്കയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍ പട്രോളിങ് നടത്താന്‍ ബോട്ടുകള്‍ നല്‍കണം.
ഇതിനു പുറമെ വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുകയും ഇവയുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഏതൊക്കെ രാജ്യങ്ങളാണ് ഇതുമായി സഹകരിക്കുകയെന്ന കാര്യം ഏതാനും ആഴ്ചകള്‍കൊണ്ട് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ സൈനികസഖ്യത്തിന്റെ ചെലവ് വഹിക്കുന്നത് അമേരിക്കയായിരിക്കില്ലെന്നും അതൊരു അന്താരാഷ്ട്ര സൈന്യം ആയിരിക്കുമെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദീകരിച്ചത്. ലോകത്തെ എണ്ണ കപ്പലുകളില്‍ അഞ്ചിലൊന്നും സഞ്ചരിക്കുന്നത് ഇറാന് സമീപമുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതുള്‍പ്പെടെയുള്ള നടപടികള്‍ ഇരു രാജ്യങ്ങളെയും സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഇറാന്‍ ആക്രമിക്കാന്‍ ട്രംപ് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. കഴിഞ്ഞമാസം എണ്ണ കപ്പല്‍ ആക്രമിച്ചത് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ആണെന്ന് അമേരിക്ക ആരോപിക്കുകയും രാജ്യത്തിനെതിരായ ഉപരോധം ശക്തമാക്കുകയും ചെയ്തിരുന്നു. ഇറാന്റെ സൈനിക വിഭാഗത്തില്‍പെട്ട റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക ഭീകരപ്രസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇറാനുമായി ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. അതിനിടെ ഇറാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സൈനികസഖ്യത്തില്‍ ഇന്ത്യ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
ബ്രിട്ടന്‍ ഉടന്‍ കപ്പല്‍ വിട്ടുതരണമെന്ന് ഇറാന്‍
തെഹ്‌റാന്‍: 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന ഇറാനിയന്‍ കപ്പല്‍ ഗ്രേസ് 1 ഉടന്‍ വിട്ടുതരണമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. സിറിയയിലേക്ക് ഉപരോധം ലംഘിച്ച് എണ്ണ കടത്തുകയായിരുന്നെന്ന് ആരോപിച്ചാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടീഷ് നാവികസേന ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ പിടികൂടിയത്.
കപ്പല്‍ വിട്ടുതരാത്തപക്ഷം ബ്രിട്ടന്‍ വൈകാതെ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും റൂഹാനി മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."