വിധി പ്രസ്താവിച്ചത് സമനില തെറ്റിയ ജഡ്ജിമാര്‍; സുപ്രിം കോടതി വിധിക്കെതിരെ സുധാകരന്‍
കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശനത്തിലും വിവാഹേതര ലൈംഗികബന്ധം സംബന്ധിച്ച ഹരജിയിലും വിധിപറഞ്ഞ സുപ്രിംകോടതി ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. തലയ്ക്കു വെളിവില്ലാത്ത ജഡ്ജിമാര്‍ വിധി പുനപ്പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സ്ഥാനലബ്ധിക്കു ശേഷം ആദ്യമായി ജില്ലയിലെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണു സുധാകരന്‍ വിധിയെയും ജഡ്ജിമാരെയും വിമര്‍ശിച്ചത്.
ദൈവം എന്നതു തന്നെ ഒരു സാങ്കല്‍പിക വിശ്വാസമാണ്. ഒരു ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ നിയമജ്ഞരല്ല വ്യാഖ്യാനിക്കേണ്ടത്. തോന്നിയതുപോലെ നിയമം വ്യാഖ്യാനിക്കാന്‍ കോടതിക്കു നിക്ഷിപ്തമായ അധികാരമുണ്ടോ എന്നു പുനപ്പരിശോധിക്കണം. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിട്ടില്ല.
പക്ഷേ അയ്യപ്പ സ്വാമിയെ സംബന്ധിച്ചിടത്തോളം ഹിന്ദു വിശ്വാസപ്രകാരമുള്ള ഒരു സങ്കല്‍പ്പമുണ്ട്. ഏതിലും കോടതി കയറി ഇടപെടുകയാണ്. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ല, ഭര്‍ത്താവ് ഭാര്യയുടെ യജമാനല്ല എന്നു പറഞ്ഞ് വിധി പറഞ്ഞ ജഡ്ജിയുടെ തലക്കകത്ത് എന്താ സംഗതിയെന്നും രൂക്ഷമായ ഭാഷയില്‍ സുധാകരന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."