മോദിയുടെ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം കുറയുന്നുവെന്ന് പെന്‍ ഇന്റര്‍നാഷനല്‍
പൂനെ: മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ വഷളായെന്ന് എഴുത്തുകാരുടെ ആഗോള സംഘടനയായ പെന്‍ ഇന്റര്‍നാഷനല്‍. പൂനെയില്‍ നടക്കുന്ന 84ാമത് പെന്‍ ഇന്റര്‍നാഷനലിലാണ് ഈ പരാമര്‍ശം ഉണ്ടായത്.
80 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സാഹചര്യം മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ത്യ അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവര്‍ത്തനം എന്ന പേരില്‍ ഒരു റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, പണ്ഡിതര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇവരെ ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും കുറ്റാരോപിതരാക്കുകയും ചെയ്തുകൊണ്ടുള്ള വേട്ടയാടലാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിന് പുറമെ ശാരീരികാക്രമണങ്ങളും നേരിടേണ്ടി വരികയാണ്. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പെന്‍ ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. 15 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മോശം കാലഘട്ടം തുടങ്ങിയത് 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെയാണെന്ന വിലയിരുത്തല്‍ ഭാവി തലമുറ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."