യുവതിക്ക് പരാതിയില്ല; ശശിക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലിസ്
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലിസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതില്‍ നിന്നു പൊലിസ് പിന്മാറിയത്. ഇതുസംബന്ധിച്ച് പാലക്കാട് ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ സംസ്ഥാന പൊലിസ് മേധാവിക്കു കൈമാറി.
പീഡന ആരോപണം പുറത്തുവന്നതിനു പിന്നാലെ പൊതുപ്രവര്‍ത്തകരും സംഘടനകളും ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചയുടന്‍ അദ്ദേഹം അത് തൃശൂര്‍ റേഞ്ച് ഐ.ജിക്കു കൈമാറുകയും ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയെ നേരില്‍കണ്ട് ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതികളുള്ളത്.
ഇരയായ പെണ്‍കുട്ടിയുടെയോ ബന്ധുക്കളുടെയോ അറിവോ, സമ്മതമോ ഇല്ലാതെ മൂന്നാമതൊരാള്‍ പരാതിപ്പെട്ടാല്‍ ഇത്തരം കേസുകളില്‍ നടപടി എടുക്കാനാകില്ല. ആരോപണം ഉന്നയിക്കുന്ന ആളോ അവരുടെ ബന്ധുക്കളോ പരാതി നല്‍കാതെ കേസ് നിലനില്‍ക്കില്ലെന്നാണ് പൊലിസിനു ലഭിച്ച നിയമോപദേശമെന്നും ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന നിലപാടാണ് പെണ്‍കുട്ടിക്കും കുടുംബത്തിനുമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം പീഡനപരാതി ഗൂഢാലോചനയാണെന്ന വാദവുമായി കൂടുതല്‍ പേര്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. ഗൂഢാലോചനയില്‍ പങ്കുള്ള പാലക്കാട്ടെ സി.പി.എം നേതാക്കളുടെ പേരുകള്‍ എഴുതിയ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതു ശശിക്കെതിരേയുള്ള നടപടി ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് മറുപക്ഷത്തിന്റെ വാദം.
യുവജന സംഘടനയിലെ രണ്ടു നേതാക്കള്‍, തൊഴിലാളി സംഘടനയിലെ പ്രധാന ജില്ലാ ഭാരവാഹി, കര്‍ഷകസംഘം നേതാവ്, മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പാര്‍ട്ടി ഭാരവാഹി എന്നിവര്‍ പി.കെ ശശിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് ചില നേതാക്കളും പ്രവര്‍ത്തകരും അന്വേഷണ കമ്മിഷനെയും പാര്‍ട്ടി സംസ്ഥാന നേതാക്കളെയും ബോധിപ്പിച്ചത്. അതിനിടെ അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ എ.കെ ബാലനും ശ്രീമതി ടീച്ചറും നല്‍കിയ റിപ്പോര്‍ട്ട് ഇന്നു നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. ശശിക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."