വയനാട്ടിലും കോഴിക്കോട്ടും പരിശോധന
കോഴിക്കോട്: പി.എം താജ് റോഡിലെ യൂനിയന്‍ ബാങ്ക് ശാഖയില്‍ വ്യാജ സ്വര്‍ണം പണയംവച്ച് 1.69 കോടി തട്ടിയ കേസില്‍ പ്രതിയുടെ വയനാട് പുല്‍പ്പള്ളിയിലെ വീട്ടിലും കോഴിക്കോട്ടെ എട്ടിടത്തും പരിശോധന.
പരിശോധനയില്‍ നിരവധി തെളിവുകള്‍ ലഭിച്ചതായി ടൗണ്‍ സി.ഐ എ.ഉമേഷ് പറഞ്ഞു. സൗത്ത് അസി.കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തില്‍ കസബ, ടൗണ്‍, പന്നിയങ്കര, ചെമ്മങ്ങാട്, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര, മാറാട് സ്റ്റേഷന് പരിധിയിലും പുല്‍പ്പള്ളിയില്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുമായിരുന്നു പരിശോധന.
തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വയനാട് ഇരുളം മണവയല്‍ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടില്‍ കെ.കെ ബിന്ദു(43)വിനെ അടുത്തദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യും. കൂടാതെ ബാങ്ക് നല്കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള ബാങ്ക് അപ്രൈസര്‍ ഉള്‍പ്പെടെ ഒന്‍പതുപേരെയും ചോദ്യംചെയ്യും.
ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്താവുന്നത്. ഇതോടെ അധികൃതര്‍ ടൗണ്‍ പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബിന്ദുവിനെക്കുറിച്ച് വിവരം ലഭിച്ചു.
തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2020 ഫെബ്രുവരി മുതല്‍ 44 തവണകളായി അഞ്ചരക്കിലോ വ്യാജ സ്വര്‍ണമാണ് പണയംവച്ചത്.
മുന്‍പ് ചിട്ടിതട്ടിപ്പുകേസില്‍ പ്രതിയായ ഇവര്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള പി.എം താജ് റോഡിലെ പിങ്ക് ബ്യൂട്ടി പാര്‍ലര്‍, മെസ് ഹൗസ്, മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിങ് യൂനിറ്റ് എന്നിവിടങ്ങളില്‍ ടൗണ്‍ പൊലിസ് നടത്തിയ പരിശോധനയില്‍ വ്യാജ സ്വര്‍ണം പിടികൂടിയിരുന്നു.
ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരിലും മുക്കുപണ്ടം പണയംവച്ചിട്ടുണ്ട്. പെട്ടെന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ ആഭരണങ്ങളില്‍ 10 ശതമാനത്തോളം സ്വര്‍ണം പൂശിയിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."