എ.എഫ്.സി കപ്പ്: പ്രീക്വാര്‍ട്ടര്‍ നാളെ
ക്വലാലംപുര്‍: മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 16 എ.എഫ്.സി കപ്പില്‍ ഇന്ത്യ നാളെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങും. ദക്ഷിണ കൊറിയയുമായിട്ടാണ് ഇന്ത്യയുടെ മത്സരം. വൈകിട്ട് 6.15ന് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്യുമെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായ വിവരം സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തു വിട്ടിട്ടില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ ഇന്തോനേഷ്യയെ സമനിലയില്‍ തളച്ചതോടെയാണ് ഇന്ത്യ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇന്തോനേഷ്യക്കെതിരേ ജയിച്ചാലും സമനില പിടിച്ചാലും ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെത്താമായിരുന്നു. തോറ്റാല്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുന്ന അവസ്ഥയായിരുന്നു.
16 വര്‍ഷം മുമ്പായിരുന്നു ഇന്ത്യ അവസാനമായി എ.എഫ്.സി കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 1-0 എന്ന സ്കോറിന് ഇന്ത്യ വിയറ്റ്നാമിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ഇറാനോട് ഗോള്‍രഹിത സമനിലയും പിടിച്ചു.
ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് ഇന്തോനേഷ്യയും ഇന്ത്യയുമാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. വിയറ്റ്നാമും ഇറാനും പുറത്തായി. കൊറിയക്കെതിരേ ജയിക്കാനായാല്‍ ഇന്ത്യക്ക് അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടാനാകും. ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."