തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കാക്കനാട്: വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസമായി ബന്ധപ്പെട്ടും അനധികൃതമായി കെട്ടിയ പാലം പൊളിച്ചുനീക്കാത്തതില് പ്രതിഷേധിച്ചും തൃക്കാക്കര നഗരസഭ കൗണ്‍സിലില്‍ കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുമായി എത്തിയത് ബഹളത്തിനിടയാക്കി. സെസിനു മുന്നിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതില്‍ ആയിരക്കണക്കിന് സെസ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവെന്നും കച്ചവടക്കാരെ പുനരധിവസിക്കാന്‍ നഗരസഭ തയ്യാറാകണമെന്നും വിമത കൗണ്‍സിലര്‍ എം.എം നാസര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളികൊണ്ട് മറ്റു കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നതാണ് കൗണ്‍സില്‍ ബഹളത്തിനിടയാക്കിയത്.
നഗരസഭ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിട്ടില്ലെന്നും ജില്ലയില്‍ എച്ച് വണ്‍, എന്‍ വണ്‍, ഡിഫ്തീരിയ, ഡെങ്കിപ്പനി എന്നിവ വ്യാപകമായതോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ പ്രത്യേക സ്ക്വാഡാണ് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതെന്നും ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചു.
ഐ.എം.ജി ജങ്ഷന്, സിവില്‍ സ്റ്റേഷന് പരിസരം,വ്യവസായ മേഖല തുടങ്ങിയ പ്രദേശങ്ങളില്‍ ഷെഡുകെട്ടി ദിവസം ആയിരങ്ങള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ഇവരെ ഒഴിവാക്കിയാവും പുനരധിവാസം നടപ്പിലാക്കുകയെന്നും ചെയര്പേഴ്സന് കെ.കെ നീനു പറഞ്ഞു.
പെരിയാര്‍വാലിക്ക് കുറുകെ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച പാലം പൊളിച്ച് മാറ്റാനുള്ള കൗണ്‍സില്‍ തീരുമാനം നടപ്പിലാക്കതില് പ്രതിഷേധിച്ചായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ വനിത കൗണ്‍സിലറുടെ ഒറ്റയാള്‍ സമരം. ഇരുപതാം ഡിവിഷന് കൗണ്‍സിലര്‍ ഷീല ചാരുവാണ് കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്സണ്‍ കെ.കെ.നീനുവിന്റെ മുന്നില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചത്. പാലം പൊളിക്കാന്‍ മുന്‍ കൗണ്‍സില്‍ എടുത്ത തീരുമാനം നഗരസഭ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെന്നാണ് കൗണ്‍സിലറുടെ ആരോപണം. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച പാലം ഏഴ് ദിവസത്തെ നോട്ടിസ് നല്കി സ്വകാര്യ വ്യക്തിയുടെ വിശദീകണം കൂടി കേട്ട ശേഷം പൊളിച്ച് മാറ്റുമെന്ന് ചെര്‍പേഴ്സണ്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.
തന്റെ വാര്‍ഡില്‍ ടെന്‍ഡര്‍ ചെയ്ത പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍ പോലും നടക്കുന്നില്ലെന്ന് മരോട്ടിച്ചോട് വാര്‍ഡ് കൗണ്‍സിലര്‍ അജിത തങ്കപ്പന് പറഞ്ഞു. നഗര സഭ പ്രദേശത്തെ 129 കിണറുകള്‍ റീചാര്‍ജ് ചെയ്യാന്‍ 10,32,000 രൂപ അനുവദിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."