ലൈഫില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; സി.ബി.ഐ ഹൈക്കോടതിയില്‍
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇപ്പോഴത്തെ അന്വേഷണത്തില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഉദ്യോഗസ്ഥരടക്കം പങ്കാളികളായ കേസില്‍ അന്വേഷണം തുടരേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു.
വലിയ രീതിയിലുള്ള ഉന്നതതല ഗൂഢാലോചനയും കൈക്കലിയിടപാടും ലൈഫ് മിഷന്‍ ഇടപാടില്‍ നടന്നിട്ടുണ്ട്. സ്വപ്‌നവഴി പല ഉന്നതരും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു. ക്രമക്കേടില്‍ മുഖ്യപങ്കാളിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ലൈഫ് മിഷനുമായി ബന്ധിപ്പിച്ചത് ശിവശങ്കറാണെന്ന് വ്യക്തമായിട്ടുണ്ട്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് വിവിധ ഏജന്‍സികളുടെ പക്കലുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഭാഗിക സ്‌റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സി.ബി.ഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു. അതേസമയം, സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."