ലൈഫ് മിഷന്‍ ഭവന സമുച്ചയം പെരുവഴിയില്‍
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: ഭവനമില്ലാത്തവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പദ്ധതി പെരുവഴിയില്‍. പദ്ധതി പ്രകാരം ഭൂരഹിതര്‍ക്കായി പ്രഖ്യാപിച്ച ഭവന സമുച്ചയം വര്‍ഷം മൂന്നു കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയുടെ ഗതിയാണിത്.
പദ്ധതിയുടെ മെല്ലെ പോക്കിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 16ന് ഉന്നതതല യോഗം വിളിച്ചു. 3,36,000 കുടുംബങ്ങളാണ് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ ലൈഫ് പദ്ധതിയിലെ ഭവന സമുച്ചയം പൂര്‍ത്തിയാകുന്നതും കാത്തിരിക്കുന്നത്. ഇടുക്കി അടിമാലി മച്ചിപ്ലാവില്‍ ഭവന ഫൗണ്ടേഷന്റെ ഭാഗമായി നിര്‍മിച്ച ഫ്‌ളാറ്റ് വില കൊടുത്ത് വാങ്ങിയത് മാത്രമാണ് ഈ പദ്ധതിയില്‍ നടന്ന ഏക പ്രവൃത്തി.
നിര്‍മാണ കരാറിനെച്ചൊല്ലിയായിരുന്നു ആദ്യഘട്ടത്തില്‍ തര്‍ക്കമെങ്കില്‍ ഫ്‌ളാറ്റുകളുടെ ഉയരത്തെയും നിര്‍മാണ രീതിയെയും ചുറ്റിപറ്റിയായിരുന്നു പിന്നീട് ചര്‍ച്ച. ഒടുവില്‍ പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയും പദ്ധതിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതിനിടയില്‍ ലൈഫ് മിഷന്റെ തലപ്പത്ത് രണ്ടുപേരെ പ്രതിഷ്ടിച്ചു. എന്നാല്‍ ചിലരുടെ ധാര്‍ഷ്ട്യവും തന്നിഷ്ടത്തിലുള്ള പെരുമാറ്റവും കാരണം രണ്ടുപേരും ലൈഫ് മിഷന്‍ വിട്ടൊഴിഞ്ഞു. ഇപ്പോള്‍, കോഴിക്കോട് കലക്ടറായിരുന്ന യു.വി ജോസിനെയാണ് തലപ്പത്ത് നിയമിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് രണ്ടു പ്രധാന വകുപ്പുകളുടെ ചുമതലയുമുണ്ട്. നേരത്തെ 14 ജില്ലകളിലും ആദ്യഘട്ടത്തില്‍ നിര്‍മിക്കേണ്ട 14 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് ഭരണാനുമതി നല്‍കുകയും ഡി.പി.ആര്‍ തയാറാക്കുകയും ചെയ്തിരുന്നു. ഇതിന് 355 കോടി അനുവദിക്കുകയും ചെയ്തിരുന്നു.
അതേ സമയം, 2020 ഒക്‌ടോബറോടെ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന 14 ഭവനസമുച്ചയങ്ങള്‍ ഉള്‍പ്പെടെ 70 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും അവകാശവാദം ഉന്നയിക്കുന്നു. ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനുള്ള പ്രോജക്ട് കണ്‍സള്‍ട്ടന്‍സികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാങ്കേതിക കമ്മിറ്റി അടുത്തയാഴ്ച ചേരുമെന്നും ഇതിനു ശേഷം ടെണ്ടര്‍ നടപടി ആരംഭിക്കുമെന്നും ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."