വിനോദസഞ്ചാര പദ്ധതി പ്രശ്‌നങ്ങള്‍ ഇനി കൈകാര്യം ചെയ്യുക മന്ത്രിതല സമിതി
ടി.കെ ജോഷി
കോഴിക്കോട്: വിനോദസഞ്ചാര വികസനത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ 'ഉടക്ക്' ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉന്നത മന്ത്രിതല സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായുള്ള മന്ത്രിതല സമിതിയാണ് നിലവില്‍ വന്നിരിക്കുന്നത്. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഈ സമിതിയായിരിക്കും പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുക.
ആദ്യമായിട്ടാണ് സര്‍ക്കാര്‍ ടൂറിസം മേഖലയ്ക്കായി ഇത്തരം ഉന്നതാധികാര സമിതി രൂപീകരിക്കുന്നത്. രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരില്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ടൂറിസം വകുപ്പിന്റെ പല പദ്ധതികളും വൈകിപ്പിക്കുന്നതിന്റെയും തടസപ്പെടുത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ഓരോ ജില്ലയിലും ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളാണെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്‍തുണ ആവശ്യമാണ്.
എന്നാല്‍ ടൂറിസം വകുപ്പും തദ്ദേശ സ്വാപനങ്ങളും തമ്മില്‍ സ്ഥലം സംബന്ധിച്ചും അധികാരം സംബന്ധിച്ചുമുള്ള തര്‍ക്കം പതിവാണ്. തര്‍ക്കത്തിന്റെ പേരില്‍ പല ടൂറിസം പദ്ധതികളുടെ കെട്ടിടങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് ഉള്‍പ്പെടെ നല്‍കാനും മടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിന് കൂച്ചുവിലങ്ങിട്ട് മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്ക് പ്രശ്‌നപരിഹാരത്തിന് കളമൊരുക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ടൂറിസം അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിനും മേല്‍നോട്ടത്തിനുമാണ് മന്ത്രിതല സമിതി രൂപീകരിച്ചിരിക്കുന്നതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ടൂറിസം മന്ത്രിയാണ് വൈസ് ചെയര്‍മാന്‍. റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, തദ്ദേശ സ്വയംഭരണ, വനം, ജലസേചന വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. ഈ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളാണ്.
ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും ടൂറിസം മേഖലയെ പൂര്‍ണമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിടിയില്‍ നിന്നും സ്വതന്ത്രമാക്കുന്നതാണ് സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."