90കാരി മാര്‍ഗരറ്റ് കീനന്‍ കൊവിഡ് വാക്സിന് ആദ്യമായി സ്വീകരിച്ച വ്യക്തി
ലണ്ടന്‍: 90കാരിയായ മാര്‍ഗരറ്റ് കീനന്‍ പരീക്ഷണാനന്തരം കൊവിഡ് വാക്സിന് നല്കി ബ്രിട്ടന് കുത്തിവയ്പിന് തുടക്കമിട്ടു. ബ്രിട്ടനില്‍ ലോകത്ത് ആദ്യമായി ഫൈസര്‍-ബയോണ്‍ടെക് വാക്സിന് സ്വീകരിച്ച വ്യക്തിയായി മാര്‍ഗരറ്റ് മാറി. മധ്യ ഇംഗ്ലണ്ടിലെ കോവെന്‍ട്രിയിലെ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ വച്ചാണ് അടുത്തയാഴ്ച 91 തികയുന്ന അവര്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. നഴ്സ് മെ പാര്‍സണ്‍സാണ് കുത്തിവയ്പു നടത്തിയത്. ഇത് തനിക്ക് നേരത്തേ ലഭിക്കുന്ന മികച്ച പിറന്നാള്‍ സമ്മാനമാണെന്ന് അവര്‍ പറഞ്ഞു.
മഹാമാരിയുടെ പിടിയിലമര്‍ന്ന രാജ്യത്തിന് ഏറെ പ്രതീക്ഷ നല്കുന്ന നിമിഷത്തിന് സാക്ഷിയാവാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും എത്തിയിരുന്നു. വാക്സിനേഷനെ മുന്നോട്ടുള്ള വലിയൊരു ചവിട്ടുപടിയെന്ന് വിളിച്ച അദ്ദേഹം വി-ഡേ(വാക്സിന് ദിനം) എന്നാണ് കുത്തിവയ്പു തുടങ്ങിയ ദിവസത്തെ വിശേഷിപ്പിച്ചത്.
പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിന് കുത്തിവയ്പു നടത്തുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യമാണ് ബ്രിട്ടന്. ആദ്യ ഘട്ടത്തില്‍ പ്രായമുള്ളവര്‍ക്കും രോഗം ഗുരുതരമായി ബാധിച്ചവര്‍ക്കുമാണ് വാക്സിന് നല്‍കുന്നത്. കാനഡയും ഈമാസം കുത്തിവയ്പു തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
റഷ്യ കഴിഞ്ഞ ശനിയാഴ്ച സ്പുട്നിക് വി വാക്സിന് രാജ്യത്തെ ആയിരക്കണക്കിനു ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും നല്കി തുടങ്ങിയിരുന്നു. എന്നാല്‍ ഏതാനും പേരില്‍ പരീക്ഷണം നടത്തിയായിരുന്നു റഷ്യ വാക്സിനേഷന് തുടങ്ങിയത്.
ബ്രിട്ടനില്‍ 70 ആശുപത്രികളിലാണ് വാക്സിന് കുത്തിവയ്പു നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."