സി.എം രവീന്ദ്രന് സത്യസന്ധനും വിശ്വസ്തനും; മുഖ്യമന്ത്രിയെ കളങ്കപ്പെടുത്തുകയാണ് ലക്ഷ്യം: കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. അദ്ദേഹം സത്യസന്ധനും സംശുദ്ധനും വിശ്വസ്തനുമായ ഉദ്യോഗസ്ഥനാണ്. അസുഖമായതുകൊണ്ടുതന്നെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിനെ കുടുക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ഓഫിസിനെയും കളങ്കപ്പെടുക്കുകയാണ് ലക്ഷ്യമെന്ന് എല്ലാവര്ക്കും അറിയാമെന്നും മന്ത്രി പറഞ്ഞു.
എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകേണ്ടിയിരുന്ന സി.എം രവീന്ദ്രന് വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൊവിഡിനുശേഷം ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് ചികിത്സ തേടിയതെന്നാണ് വിശദീകരണം.
കൊവിഡ് ഭേദമായെങ്കിലും കടുത്ത തലവേദനയും ക്ഷീണവുമുണ്ടെന്ന് രവീന്ദ്രന് അറിയിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അഡ്മിറ്റ് ചെയ്തത്. ന്യൂറോ സംബന്ധിച്ച അസുഖങ്ങളുള്ള രവീന്ദ്രന് വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത് മൂന്നാമത്തെ തവണയാണ് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.എം രവീന്ദ്രന് ഇ.ഡി നോട്ടിസ് നല്‍കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ ശിവശങ്കറിന്റെ പല ഇടപാടുകളെക്കുറിച്ചും രവീന്ദ്രന് അറിവുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. പിന്നീട് വടകരയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഇ.ഡി സംഘം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുമായുള്ള രവീന്ദ്രന്റെ ബന്ധവും അന്വേഷിച്ചിരുന്നു. ഇവിടെ നിന്ന് രവീന്ദ്രനെതിരേ എന്‍ഫോഴ്സ്മെന്റിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."