ബാബരി മസ്ജിദ് കേസ്: അദ്വാനിയും ഉമാഭാരതിയും നേരിട്ട് ഹാജരാകണമെന്ന് കോടതി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനിയും ഉമാ ഭാരതിയും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളോട് കോടതിയില്‍ ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും വെള്ളിയാഴ്ച കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ സാധ്യതയുണ്ട്. കേസില്‍ പുതിയ വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ കോടതി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
കേസില്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ജസ്റ്റിസുമാരായ പി.സി ഘോഷും ആര്.എഫ് നരിമാനും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ കേസ് തീരുന്നതു വരെ സ്ഥലം മാറ്റരുത്, അത്യാവശ്യമല്ലാതെ കേസ് മാറ്റിവയ്ക്കരുത് എന്നു തുടങ്ങി കര്‍ശന നിര്‍ദേശവും സുപ്രിം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് രണ്ടു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കണമെന്നും സുപ്രിം കോടതിയുടെ നിര്‍ദേശിച്ചിരുന്നു.
1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു വേണ്ടി ലക്ഷക്കണക്കിന് കര്‍സേവകരെ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗത്തിലൂടെ പ്രേരിപ്പിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."