കേരളമായതുകൊണ്ട് ഒന്ന് മയങ്ങി, പക്ഷേ... ഉത്തരാഖണ്ഡ് സ്വദേശി ഒറ്റരാത്രികൊണ്ട് 'രണ്ടു ലക്ഷം' രൂപയുടെ കടക്കാരനായി
ചെറുവത്തൂര്‍ (കാസര്‍കോട്): ഉത്തരാഖഡ്ഡില്‍ നിന്നു പുതിയ ലോറിയുടെ ചെയ്‌സുമായി പുറപ്പെടുമ്പോള്‍ ജുമാഖാന്റെ മനസില്‍ പ്രതിഫലമായി ലഭിക്കുന്ന 7500 രൂപയുടെ സ്വപ്‌നങ്ങളായിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം തകര്‍ന്ന്,ഒരു രാത്രികൊണ്ട് രണ്ടുലക്ഷം രൂപയുടെ കടക്കാരനായപ്പോള്‍ പൊട്ടിക്കരയുകയാണ് ഈ ഡ്രൈവര്‍.
കാസര്‍കോട് പിലിക്കോട് മട്ടലായി പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട് അല്‍പമൊന്ന് മയങ്ങിപ്പോയതായിരുന്നു ഇദ്ദേഹം. എഴുന്നേറ്റപ്പോള്‍ ഡിസ്‌ക് ഉള്‍പ്പെടെ നാല് ടയറുകള്‍ മോഷ്ടാക്കള്‍ കൊണ്ട് പോയി. ഇതിന്റെ മതിപ്പ് വിലയാകട്ടെ രണ്ട് ലക്ഷവും. കണ്ണില്‍ ഇരുള്‍ നിറഞ്ഞു വാഹനത്തിന് മുകളില്‍ തന്നെ ഒരേ ഇരുപ്പായിരുന്നു ഇദ്ദേഹം.
പത്തുദിവസം മുന്‍പാണ്ഉത്തരാഖഡ്ഡില്‍ നിന്ന് എറണാകുളത്തേക്ക് മൂന്നുലോറികളുടെ ചെയ്‌സുകളുമായി മൂന്ന് ഡ്രൈവര്‍മാര്‍ യാത്ര പുറപ്പെട്ടത്. കഴിഞ്ഞദിവസം അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ മട്ടലായിയില്‍ എത്തിയപ്പോള്‍ കണ്ണുകാണാന്‍ പറ്റാത്ത വിധം ശക്തമായ മഴ. ചെയ്‌സ് റോഡരികില്‍ നിര്‍ത്തിയിട്ട് തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ കയറി നിന്നു. മഴ തോരാതെ വന്നപ്പോള്‍ അവിടെ തന്നെ മയങ്ങി.
എന്നാല്‍ പുലര്‍ച്ചെ നാലുമണിയോടെ ഉണര്‍ന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ആദ്യം കമ്പനിയിലേക്ക് വിളിച്ചു കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം താങ്കള്‍ക്ക് മാത്രമാണെന്ന മറുപടിയാണ് ലഭിച്ചത്. പ്രദേശത്തെ ചിലരുടെ സഹായത്തോടെ ചന്തേര പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് വന്നുപോയെന്ന് ജുമാഖാന്‍ പറഞ്ഞു. ഭാഷപോലും വശമില്ലാത്ത നാട്ടില്‍ വരുന്നവരോടെല്ലാം സഹായിക്കണമെന്ന് ഹിന്ദിയില്‍ പറഞ്ഞുകൊണ്ടിരുന്നു.
ഇടയ്ക്ക് പൊട്ടിക്കരഞ്ഞു. അപ്പോഴും അദ്ദേഹം പറഞ്ഞത് ഇങ്ങനെ; മറ്റൊരു സംസ്ഥാനമാണെങ്കിലും ഒന്ന് കണ്ണുചിമ്മുക പോലുമില്ല. കേരളമായത് കൊണ്ട് മറ്റൊന്നും സംഭവിക്കില്ലെന്ന ധൈര്യത്തില്‍ ഒന്ന് മയങ്ങി പോയി. പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റി. വാഹനമോടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. സമ്പാദ്യമായി ഒന്നുമില്ല. ഇത്രയും തുക എങ്ങനെ ഉണ്ടാക്കുമെന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."