അഭിഭാഷകര്‍ ജുഡിഷ്യറിയുടെ പാരമ്പര്യം ഉള്‍ക്കൊള്ളണം: ചീഫ് ജസ്റ്റിസ്
കോഴിക്കോട്: അഭിഭാഷകര്‍ ജുഡിഷ്യറിയുടെ പാരമ്പര്യം ഉള്‍കൊള്ളണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്. കോഴിക്കോട്ട് ദ്വൈ ശതാബ്ദി സ്മാരക കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതികളില്‍ നിന്നു നീതി ലഭിക്കുന്നതിന് ന്യായാധിപന്മാര്‍ ശ്രദ്ധചെലുത്തണം. കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
കോഴിക്കോട്ടെ കോടതികള്‍ക്കും അഭിഭാഷകര്‍ക്കും നീതിന്യായ ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ഇവിടെ നിന്ന് കഴിവുറ്റ നിരവധി അഭിഭാഷകരാണ് ഹൈക്കോടതി ഉള്‍പ്പെടെ ഉന്നത നീതിപീഠത്തില്‍ എത്തിയിട്ടുള്ളത്. ജുഡിഷ്യറി ഭാവിയെ സുരക്ഷിതമാക്കും. സദസിലിരുന്ന രണ്ടു സീനിയര്‍ അഭിഭാഷകരെ ചീഫ് ജസ്റ്റിസ് തന്റെ പ്രസംഗത്തിനിടെ പേരെടുത്ത് വിളിച്ച് ആശംസ അറിയിക്കുകയും ചെയ്തു.
ശബരിമല വിധി ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെന്ന് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടനയില്‍ വിവേചനം പാടില്ല. കോടതികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലുകളൊന്നുമില്ല. കോടതികളുമായ ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സര്‍ക്കാര്‍ നിരാകരിക്കാറില്ല. കോഴിക്കോട്ട് കോടതി കെട്ടിടം പ്രവൃത്തി നിര്‍ത്തിപ്പോയ കരാറുകാരനെ മന്ത്രി വിമര്‍ശിച്ചു. കൈക്കൂലി നല്‍കി ജോലി തീര്‍ക്കുന്നവരാണ് കോണ്‍ട്രാക്ടര്‍മാര്‍ എന്നാണ് ജനങ്ങള്‍ ധരിച്ചിരിക്കുന്നത്.
എന്നാല്‍, ഇവര്‍ക്കു ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. കോണ്‍ട്രാക്ടര്‍മാര്‍ ഒരു ഭാഗത്താണെങ്കില്‍ മറുഭാഗത്ത് ഗവണ്‍മെന്റുണ്ട്. ജപ്പാനില്‍ നിന്നുള്ള മെഷീനുകള്‍ കൊണ്ടാണ് ഇപ്പോഴത്തെ റോഡ് നിര്‍മാണം. അതിനാല്‍ റോഡുകള്‍ തകരില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്കു പരിശീലനത്തിന് അക്കാദമി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി ലിസ്റ്റില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ പരിശീലനം ലഭിക്കാത്തവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ ജഡ്ജ് എം.ആര്‍ അനിത സ്വാഗതം പറഞ്ഞു. ചീഫ് എന്‍ജിനീയര്‍ ഇ.കെ ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണകുമാര്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഹൈക്കോടതി ജഡ്ജി സി.കെ അബ്ദുറഹീം, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഗവ. പ്ലീഡര്‍ കെ.എന്‍ ജയകുമാര്‍, ജില്ലാ പൊലിസ് മേധാവി എസ്. കാളിരാജ് മഹേഷ്‌കുമാര്‍, കെ. ദേവസന്‍, അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ. സോമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."