കരുത്തായ് കാവലായ് നിഹാംഗുകളും
ധാന്യങ്ങളും പച്ചക്കറികളും അവശ്യവസ്തുക്കളും സൂക്ഷിക്കാന്‍ സമരഭൂമിയില്‍ ലങ്കാറുകള്‍ക്ക് പിന്നില്‍ പ്രത്യേക ഗോഡൗണുകള്‍ തയാറാക്കിയിട്ടുണ്ട് സമരക്കാര്‍. ഇവിടെ നിന്ന് അരിയും ഗോതമ്പും പച്ചക്കറികളും ചിലര്‍ വന്ന് എടുത്തുകൊണ്ടുപോകുന്നു. അത് പോകുന്നത് ലങ്കാറുകളിലേക്കല്ല, അടുത്തുള്ള വീടുകളിലേക്കാണ്. പാകം ചെയ്ത ഭക്ഷണവും പഴങ്ങളും മാത്രമല്ല അവര്‍ നാട്ടുകാര്‍ക്കായി വിതരണം ചെയ്യുന്നത്, ധാന്യങ്ങളും പച്ചക്കറികളും കൂടിയാണ്. ആര്‍ക്കും വിശക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. നാട്ടുകാര്‍ മുഴുവന്‍ എടുത്തുകൊണ്ടുപോയാലും സൂക്ഷിപ്പു പുരകള്‍ മണിക്കൂറുകള്‍ കൊണ്ട് വീണ്ടും നിറയും. സ്വന്തം കൃഷിയിടത്തില്‍ നിന്ന് ധാന്യങ്ങളും പച്ചക്കറികളുമെത്തിക്കാന്‍ സപ്ലേലൈനുകളുണ്ട്. ഇതിനായി വാഹനങ്ങളെത്താന്‍ സമരഭൂമിയില്‍ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നു. പഴങ്ങളും പച്ചക്കറികളും നിറച്ച വാഹനങ്ങള്‍ അതിലൂടെ കടന്ന് വരും. ആവശ്യക്കാര്‍ക്കെല്ലാം സൗജന്യമായി വിതരണം ചെയ്തും ഗോഡൗണുകള്‍ നിറച്ചും തിരികെപ്പോകും. പിന്നാലെ വരുന്നത് അണ്ടിപ്പരിപ്പും ബദാമും നിറച്ച ട്രക്കുകളായിരിക്കും. അതും എല്ലാവര്‍ക്കും വിതരണം ചെയ്യും. അതോടൊപ്പം തന്നെ മുദ്രാവാക്യം വിളികളുമായി സമരക്കാരുടെ വാഹനങ്ങളുമെത്തും. അതില്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചെത്തുന്നവരും സമരത്തിന്റെ പിന്‍നിരയില്‍ താമസിക്കുന്നവര്‍ മുന്‍ നിരയിലേക്ക് വന്നുചേരുന്നതുമാണ്. ഉച്ചയാകുന്നതോടെ സമരപ്രദേശത്ത് ആളുകള്‍ വന്ന് നിറയും.
സമരത്തിന്റെ മുന്‍നിരയില്‍ സുരക്ഷയൊരുക്കുന്നത് നിഹാംഗുകളാണ്. ജപ്പാനിലെ സാമുറായികള്‍ പോലെ സിഖുകാര്‍ക്കിടയിലെ പമ്പരാഗത സായുധപ്പോരാളികളാണ് നിഹാംഗുകള്‍. 1699 ല്‍ ഗുരു ഹര്‍ഗോബിന്ദ് ആരംഭിച്ച മരണമില്ലാത്ത സൈന്യത്തിന്റെ പിന്തുടര്‍ച്ചയാണവര്‍. വാളും കുന്തവും പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത യുദ്ധമുറയില്‍ പരിശീലനം നേടിയവരും ഗുരുദ്വാരകളുടെ കാവല്‍ക്കാരുമാണ് നിഹാംഗുകള്‍. സമരക്കാര്‍ക്കെതിരേ പൊലിസ് അതിക്രമമുണ്ടായെന്നറിഞ്ഞതോടെയാണ് നിഹാംഗുകളെത്തി സമരത്തിന്റെ സുരക്ഷയേറ്റെടുത്തത്. സമരത്തിന് ഏറ്റവും മുന്നില്‍ പൊലിസ് ബാരിക്കേഡിന് തൊട്ടടുത്ത് തന്നെ അവര്‍ ആയുധങ്ങളുമായി സ്ഥാനം പിടിച്ചു. കുതിരകളും നിരീക്ഷണപ്പരുന്തുകളും എല്ലാമായായിരുന്നു നിഹാംഗുകളുടെ വരവ്. സിഖുകാരുടെ ചരിത്രത്തിലെ ആദ്യകാല പോരാട്ടങ്ങളുടെ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചതിന്റെ പാരമ്പര്യമുണ്ട് നിഹാംഗുകള്‍ക്ക്. നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവര്‍ക്കുണ്ട്. പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും മയമില്ലാത്ത പോരാട്ട വീര്യത്തിനും പേരുകേട്ടവരാണ് അവര്‍.
ഒരിക്കല്‍ സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ സിഖ് ഖല്‍സ സൈന്യത്തില്‍ സ്വന്തമായി ഗറില്ലാ വിഭാഗങ്ങള്‍ അടക്കം ഉണ്ടായിരുന്നവരാണ് നിഹാംഗുകള്‍. അവര്‍ക്ക് ഇപ്പോഴും ഒളിപ്പോരുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ് എന്നിങ്ങനെ വസ്ത്രധാരണത്തില്‍ തന്നെ സായുധരാണ് നിഹാംഗുകള്‍. സമരഭൂമിയിലായാലും മറ്റെവിടെയായാലും അവരവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ തന്നെ നിഹാംഗുകള്‍ പാകം ചെയ്യും. ആയുധമില്ലാത്തവനെ ആക്രമിക്കില്ലെന്നാണ് അവരുടെ നിയമം. എന്നാല്‍, ഉടവാള്‍ പുറത്തെടുത്താല്‍ രക്തം പുരളാതെ വാളുറയില്‍ തിരികെയിടില്ലെന്നും ഇവര്‍ പറയുന്നു. ഞങ്ങളുടെ കര്‍ഷകര്‍ക്കെതിരേ സര്‍ക്കാര്‍ ബലം പ്രയോഗിച്ചാല്‍ തടുക്കാന്‍ മുന്നില്‍ ഞങ്ങളുണ്ടാകുമെന്ന് ഉറക്കെ പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്കെത്തിയത്. ലാത്തിയടിയായാലും വെടിവയ്ക്കുകയാണെങ്കിലും ഞങ്ങള്‍ വീണ ശേഷമേ കര്‍ഷകരിലേക്കെത്തൂ എന്ന് നിഹാംഗുകള്‍ പറയുന്നു. തങ്ങളുടെ സഹോദരന്‍മാര്‍ക്കെതിരേ പൊലിസ് അതിക്രമമുണ്ടായെന്ന് അറിഞ്ഞത് മുതലാണ് ഇങ്ങോട്ട് എത്തിയതെന്ന് സമരഭുമിയില്‍ പൊലിസിന് മുഖാമുഖം നില്‍ക്കുന്ന നിഹാംഗുകളിലൊന്നായ ജയ്ദാര്‍ ഗുര്‍ദീപ് സിങ് പറഞ്ഞു.
തങ്ങള്‍ മരണമില്ലാത്ത പോരാളികളാണെന്ന് ഗുര്‍ദീപ് സിങ് പറഞ്ഞു. മൃഗങ്ങളെ വേട്ടയാടി രക്തം കുടിക്കുന്ന തങ്ങള്‍ക്ക് പോരാടാനുള്ള പരിശീലനം കിട്ടിയിട്ടുണ്ട്. അരയില്‍ക്കിടന്ന വാള്‍ ഊരിക്കാണിക്കാനാവശ്യപ്പെട്ടപ്പോള്‍ ഗുര്‍ദീപ് സിങ് ആദ്യമൊന്ന് മടിച്ചു. ഊരിയാല്‍ പിന്നെ രക്തം പുരണ്ടാലേ തിരിച്ചിടാന്‍ പാടുള്ളൂ എന്നാണ് നിയമം. പാതിയൂരിക്കാണിക്കാമെന്നായി. മുഴുവനും ഊരാന്‍ പറഞ്ഞപ്പോള്‍ ഉറയില്‍ നിന്ന് ഊരിക്കാണിച്ചു. ഇത് കണ്ടുനിന്ന ചിലര്‍ വേഗത്തില്‍ മുന്നോട്ടുവന്നു വിലക്കി. എങ്കിലും ഗുര്‍ദീപിന് കൂസലൊന്നുമുണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് അയാളത് വീണ്ടും ഉറയിലിട്ടു. സമരത്തിന്റെ മുന്‍നിരയില്‍ പൊലിസ് ബാരിക്കേഡിലാണ് നിഹാംഗുകള്‍ തങ്ങളുടെ കുതിരകളെ കെട്ടിയിട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ അവശ്യപ്പെട്ടാല്‍ കാമറകള്‍ക്കായി ചില അഭ്യാസ പ്രകടനങ്ങളൊക്കെ കാണിക്കും. അതു കൂടാതെ ഇടയ്ക്കിടെ പരിശീലനങ്ങളുണ്ട്. കര്‍ഷകന്റെ കനിവും നിഹാംഗുകളുടെ കരുത്തും മാത്രമല്ല, ആശയക്കുഴപ്പമില്ലായ്മയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ ശക്തി. ആശയക്കുഴപ്പമാണ് ഏതൊരു സമരത്തെയും പാതിവഴിയില്‍ കൊല്ലുന്നത്. ആരോടാണ് സമരം ചെയ്യുന്നതെന്ന് അവര്‍ക്കറിയാം. പ്രതിപക്ഷത്തെപോലും ബഹുമാനിക്കാത്ത വിട്ടുവീഴ്ചയില്ലാത്ത ആര്‍ക്കും ചെവികൊടുക്കാത്ത ബി.ജെ.പി സര്‍ക്കാരാണ് മറുവശത്ത്. സമരത്തില്‍ പങ്കെടുക്കുന്ന ഓരോ കര്‍ഷകനും എന്തിനു വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നറിയാം. എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്നറിയാം. കാര്‍ഷിക നിയമത്തിന്റെ മറവില്‍ തങ്ങളുടെ വിളകള്‍ കൊള്ളയടിക്കാന്‍ കാത്തിരിക്കുന്ന കോര്‍പറേറ്റുകളെക്കുറിച്ചറിയാം.
വെറുമൊരാവേശമല്ല, വ്യക്തമായ ബോധ്യമാണ് സമരക്കാരെ ഡല്‍ഹി അതിര്‍ത്തിയിലെത്തിച്ചത്. അതുവരെ രണ്ടു മാസത്തോളം അവര്‍ പഞ്ചാബിലും ഹരിയാനയിലും സമരം ചെയ്തു. രാജ്യമറിയണമെങ്കില്‍ സമരം ഡല്‍ഹിയിലേക്ക് തന്നെ വരണം. അതിനായി പുറപ്പെട്ടതാണ്. ഹരിയാന സര്‍ക്കാരും ഡല്‍ഹി പൊലിസും വഴിയില്‍ നിറയെ സൃഷ്ടിച്ച തടസങ്ങളായിരുന്നു. ജലപീരങ്കികളും ടിയര്‍ഗ്യാസ് ഷെല്ലുകളുമായി പൊലിസ് തടസം നിന്നു. റോഡുകള്‍ കീറി മുറിച്ചും മണ്ണു കൂട്ടിയിട്ടും തടസങ്ങളുണ്ടാക്കി. പൊതുമുതല്‍ സംരക്ഷിക്കേണ്ട സര്‍ക്കാരാണ് അത് നശിപ്പിച്ചതെന്നോര്‍ക്കണം. മണ്ണുഴുതുമറിച്ച് വിത്തെറിഞ്ഞ് അവിടെ ജീവിതം വിളയിക്കുന്ന കര്‍ഷകരെ തടയാന്‍ അതൊന്നും മതിയാവുമായിരുന്നില്ല.
കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മാറാത്ത തടസങ്ങളില്ല. തടസങ്ങളോരോന്ന് നീക്കി നാലു മണിക്കൂര്‍ കൊണ്ട് എത്തേണ്ട ഡല്‍ഹിയിലെത്താന്‍ രണ്ടു ദിവസമെടുത്തു. സിന്‍ഗുവിലെ സമരഭൂമിതന്നെ നോക്കൂ. പൊലിസ് ബാരിക്കേഡുകള്‍ക്ക് പിന്നില്‍ മണ്ണ് നിറച്ച രണ്ടു ടിപ്പര്‍ ലോറികള്‍ റോഡിന് കുറുകെയിട്ടാണ് ഡല്‍ഹി പൊലിസ് തടസമുണ്ടാക്കിയിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങളില്‍ ഉത്തരേന്ത്യയെ ഇത്രമാത്രം അസ്വസ്ഥമാക്കുന്ന എന്ത് വകുപ്പുകളണുള്ളത്. താരതമ്യേന സ്വന്തം വീടുകളില്‍ സുരക്ഷിതമായ ജീവിതം നയിക്കുന്ന ഉയര്‍ന്ന ജീവിത നിലവാരമുള്ള പഞ്ചാബി കര്‍ഷരെ ഉത്തരേന്ത്യയിലെ തണുപ്പില്‍ ഡല്‍ഹിയിലെ മാലിന്യം നിറഞ്ഞ വായുവും ശ്വസിച്ച് സമരം ചെയ്യാന്‍ മാത്രം പ്രേരിപ്പിക്കുന്ന പ്രശ്‌നങ്ങള്‍. കൃഷിയില്ലാത്ത, ഉപഭോക്തൃ സംസ്ഥാനം മാത്രമായ കേരളത്തിന് വേഗത്തില്‍ മനസിലാകാത്ത ചില കാര്യങ്ങളുണ്ടതില്‍.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."