കുമാരസ്വാമി മന്ത്രിസഭയുടെ ഭാവി സുപ്രിംകോടതി തീരുമാനിക്കുമോ
ചൊവ്വാഴ്ചവരെ കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇന്നലെ വിധി പറഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച വീണ്ടും കോടതി ചേരുമ്പോള്‍ തീരുമാനിക്കും കര്‍ണാടകയുടെ ഭാവി. സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയും, എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്നും എം.എല്‍.എമാര്‍ സ്വമേധയാ രാജിവച്ചതാണോ സമ്മര്‍ദത്താലോ ഭീഷണിയാലോ ആണോ രാജിക്കത്ത് നല്‍കിയതെന്നും പരിശോധിക്കേണ്ടതുണ്ടെന്നും അത് ഭരണഘടനയുടെ 190(3)ബി ചട്ടം പ്രകാരം അനുസരിച്ച് സ്പീക്കറുടെ അധികാരമാണെന്നും കാണിച്ച് സ്പീക്കറും സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ചത്തേക്ക് കേസ് കോടതി മാറ്റിയത് ഭരണഘടനാപരമായ വിഷയമായതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ചൊവ്വാഴ്ച കോടതി വീണ്ടും കൂടുന്നത് വരെ വിമതരെ അയോഗ്യരാക്കുകയോ മറ്റു നടപടികളോ പാടില്ലെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ തീരുമാനം. ഇതനുസരിച്ച് വിട്ടുനില്‍ക്കുന്ന വിമത എം.എല്‍.എമാര്‍ക്കടക്കം വിപ്പ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയും. വിപ്പ് ലംഘിക്കുകയോ സഭയില്‍ ഹാജരാകാതിരിക്കുകയോ ചെയ്താല്‍ അവരെ അയോഗ്യരാക്കി പ്രഖ്യാപിക്കുവാന്‍ സ്പീക്കര്‍ക്ക് കഴിയും. ചൊവ്വാഴ്ച വീണ്ടും സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോള്‍ വിമതരെ അയോഗ്യരാക്കികൊണ്ടുള്ള തീരുമാനമാണ് വരുന്നതെങ്കില്‍ അത് മറ്റൊരു നിയമ യുദ്ധത്തിന് വഴിവച്ചേക്കാം. എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കാതെ വരികയാണെങ്കില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഇതുവഴി കുമാരസ്വാമി മന്ത്രിസഭ അല്‍പകാലത്തേക്കെങ്കിലും നിലനില്‍ക്കും. അതല്ല, നിയമസഭയില്‍ വിശ്വാസവോട്ട് നേടിയ പശ്ചാതലത്തില്‍ നിയമസഭ പിരിച്ചുവിടാന്‍ അദ്ദേഹം ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കുകയും ഗവര്‍ണര്‍ ശുപാര്‍ശ സ്വീകരിച്ച് കര്‍ണാടക നിയമസഭ പിരിച്ച് വിടുകയും ചെയ്താല്‍ കര്‍ണാടക മറ്റൊരു തെരഞ്ഞെടുപ്പിന്കൂടി വേദിയാകും. ഇതുവഴി ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന് താല്‍ക്കാലിക വിരാമമിടാന്‍ കഴിയും. മാത്രവുമല്ല, ഗോവയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പിയിലേക്ക് ചാടിയിരിക്കുന്നത്. ചിലപ്പോള്‍ അവരും ഒരു പുനരാലോചനക്ക് തയാറായേക്കാം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൃഗീയ ഭൂരിപക്ഷം നേടുകയും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയുകയും ചെയ്തതോടെയാണ് അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹം രാജിവച്ചത്. എന്നാല്‍ തന്റെ രാജിക്കത്തില്‍ ഒരുവാചകവുംകൂടി അദ്ദേഹം എഴുതിച്ചേര്‍ത്തു. താന്‍ മാത്രമല്ല പരാജയത്തിന് ഉത്തരവാദി എന്നായിരുന്നു അത്. അതുവഴി അദ്ദേഹം ലക്ഷ്യമിട്ടത് തലപ്പത്ത് ചടഞ്ഞുകൂടിയിരിക്കുന്ന കടല്‍ കിഴവന്‍മാരായ നേതൃത്വം ഒഴിഞ്ഞ് പോകണമെന്ന് തന്നെയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ആരെയൊക്കെയായിരുന്നുവോ ലക്ഷ്യം വച്ചിരുന്നത് അവരൊന്നും കസേരവിട്ടൊഴിയാന്‍ തയാറായതുമില്ല. അതിന്റെ ഫലമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ തികഞ്ഞ അനിശ്ചിതത്വമാണുണ്ടായത്. കോണ്‍ഗ്രസ് നാഥനില്ലാത്ത കളരിയായി മാറി. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും എത്രയുംപെട്ടെന്ന് ഇതില്‍നിന്നും ചാടി സുരക്ഷിത മേഖലയില്‍ അഭയം പ്രാപിക്കുക എന്നതാണ് കരണീയമെന്നുമുള്ള ധാരണയില്‍നിന്നാണ് കോണ്‍ഗ്രസില്‍നിന്നും എം.എല്‍.എമാര്‍ കൂട് പൊട്ടിച്ച് കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കാലുമാറാന്‍ തുടങ്ങിയത്. ബി.ജെ.പിയാകട്ടെ ഈ പ്രവാഹത്തെ കണക്കറ്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നേരത്തെതന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് നല്ല കൈതഴക്കവുമുണ്ട്. മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷത്തെ അട്ടിമറിച്ച് എം.എല്‍.എമാരെ ചാക്കിട്ട്പിടിച്ചാണ് അവിടങ്ങളിലൊക്കെ ബി.ജെ.പി ഭരണം പിടിച്ചെടുത്തത്.
2014ല്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ്മുക്ത ഭാരതം എന്നത് 2019ല്‍ എത്തുമ്പോള്‍ പ്രതിപക്ഷമുക്ത ഭാരതം എന്നായിരിക്കുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം. അതിനനുസൃതമായാണ് അവര്‍ ഗോവയിലും രാജസ്ഥാനിലും മധ്യപ്രദേശിലും കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് പരോക്ഷമായി രാഹുല്‍ഗാന്ധിയും ഉത്തരവാദിയാണ്. പരാജയത്തെ ധീരതയോടെ നേരിട്ട് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ അദ്ദേഹം പ്രതിജ്ഞ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. പടനായകന്‍ പേടിച്ചോടുമ്പോള്‍ സൈന്യം ചിന്നിച്ചിതറും. മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജിയെന്ന് വേണമെങ്കില്‍ സമ്മതിക്കാം. എന്നാല്‍ രാഹുല്‍ ഗാന്ധിയെപ്പോലെ സര്‍വസമ്മതരായ നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇല്ല. ഉണ്ടായിരുന്നവരാകട്ടെ, സ്വന്തം അഭിപ്രായം സുധീരം തുറന്ന് പറഞ്ഞതിനാല്‍ പുറത്ത് പോകേണ്ടിയുംവന്നു. ശരത്പവാറും മമതാ ബാനര്‍ജിയും ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കരുത്തരായ നേതാക്കളായിരുന്നു. നെഹ്‌റു-ഇന്ദിരാഗാന്ധി കുടുംബത്തിന്റെ അപ്രമാദിത്വത്തിന് ഇവര്‍ വെല്ലുവിളി ഉയര്‍ത്തിയെന്നതാണ് ഇവര്‍ക്കെതിരേയുണ്ടായ നടപടിയുടെ അടിസ്ഥാനം. എന്നാല്‍ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസ് എല്ലാ വിമര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട് കരുത്തരായ നേതാക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് ഈ അവസ്ഥ കോണ്‍ഗ്രസിന് ഉണ്ടാകുമായിരുന്നില്ല. രാഹുല്‍ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസില്‍ ശൂന്യതയാണ് എന്ന കാരണത്താലാണ് പലരും കോണ്‍ഗ്രസ് വിട്ട് പോകുന്നതെന്ന യാഥാര്‍ഥ്യവുംകൂടി ഉള്‍ക്കൊള്ളണം. കൂട്ടത്തില്‍ ബി.ജെ.പിയുടെ പ്രലോഭനങ്ങളുടെ കുത്തൊഴുക്കും കൂടിയാകുമ്പോള്‍ പണക്കൊതിയന്മാരും അധികാര മോഹികളുമായ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുന്നതില്‍ എന്തല്‍ഭുതമാണുള്ളത്. നേരത്തെയും കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ആശ്വസിക്കാന്‍ പറ്റുന്നതല്ല ഇപ്പോഴത്തെ പ്രതിസന്ധി. അത് ആഴത്തിലുള്ളതാണ്.
രാഷ്ട്രീയ പ്രതികൂലാവസ്ഥയെ തരണം ചെയ്യാന്‍ പോന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ല എന്ന സന്ദേശമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിലൂടെ ആ പാര്‍ട്ടി പൊതുസമൂഹത്തിന് നല്‍കുന്നത്. എന്നിട്ടും കോടി ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഇപ്പോഴും കാത്ത് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഉജ്വലമായ നേതൃത്വം വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ചൊവ്വാഴ്ച ചേരുന്ന സുപ്രിംകോടതി കുമാരസ്വാമി മന്ത്രിസഭക്ക് അനുകൂലമായ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ കോണ്‍ഗ്രസില്‍നിന്നുള്ള കുത്തൊഴുക്കിന് താല്‍ക്കാലിക വിരാമം ഉണ്ടായേക്കാം. അതല്ല വിമതരുടെ രാജി സ്വീകരിക്കണമെന്ന്, സ്പീക്കറുടെ അധികാരത്തെ മറികടന്ന് സുപ്രിംകോടതി വിധിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍നിന്നും എം.എല്‍.എമാര്‍ ഇനിയും കൂലംകുത്തിയൊഴുകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."