മാലിന്യ നീക്കം: ഫറോക്ക് നഗരസഭാ ഭരണസമിതിക്കെതിരേ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍
ഫറോക്ക്: മാലിന്യം നീക്കം ഉള്‍പ്പെടയുള്ള പദ്ധതികള്‍ക്ക് ഫറോക്ക് നഗരസഭാ ഭരണസമിതി തുരങ്കം വയ്ക്കുന്നതായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം നഗരസഭയുടെ എം.സി.എഫ് സെന്ററില്‍ പ്ലാസ്റ്റിക് കത്തിച്ച സംഭവത്തില്‍ അന്വേഷണം നടത്താനോ നിജസ്ഥിതി മനസിലാക്കാനോ ഭരണസമിതി തയാറായിട്ടില്ല. ഇത് യു.ഡി.എഫും പത്രമാധ്യമങ്ങളും ചേര്‍ന്നു നടത്തിയ നാടകമാണെന്ന് ആക്ഷേപിച്ചു തടിയൂരാനാണ് ഭരണസമിതി ശ്രമിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതവും പ്രതിഷേധാര്‍ഹവുമാണെന്നു കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് മാലിന്യ നീക്കത്തിന് ജില്ലയില്‍ തന്നെ ഒന്നാം സ്ഥാനം ഫറോക്ക് നഗരസഭക്കാണ് ലഭിച്ചിരുന്നത്. വാര്‍ഡുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതും വേര്‍തിരിച്ചു റീസൈക്ലിങ്ങിനു കയറ്റി അയക്കുന്നതും കഴിഞ്ഞ മൂന്നു മാസമായി നിലച്ചിരിക്കുകയാണ്. ശേഖരിച്ച മാലിന്യങ്ങള്‍ തന്നെ എം.സി.എഫ് സെന്ററില്‍ കുന്നുകൂടി കിടക്കുകയാണ്. എം.സി.എഫ് സെന്ററില്‍ അങ്ങാടികളില്‍നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളും കൊണ്ടു തളളുകയാണ്.
അജൈവ മാലിന്യ സംസ്‌കരണത്തിനു തുമ്പൂര്‍മുഴി മോഡല്‍ പദ്ധതി നിലവിലുണ്ടായിരിക്കെയാണ് എം.സി.എഫ് സെന്ററില്‍ അങ്ങാടി മാലിന്യം തള്ളുന്നത്. എം.സി.എഫ് സെന്ററില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കൊണ്ടു റിപ്പോര്‍ട്ട് തയാറാക്കി നിരപാരധികള്‍ക്കെതിരേ നടപടിയെടുക്കാനാണ് ഭരണസമിതി തയാറായിരിക്കുന്നത്.
ഇതാണ് കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്ലാസ്റ്റിക് കത്തിച്ച സംഭവത്തില്‍ ജനപ്രതിനികളടങ്ങിയ അന്വേഷസമിതി രൂപീകരിച്ചു യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരസഭാ ഭരണം നിശ്ചലമായിരിക്കുകയാണെന്നും പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്ന നഗരസഭ ഇപ്പോള്‍ ഏറെ പിന്നിലേക്ക് പോയെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ വി. മുഹമ്മദ് ഹസ്സന്‍, മമ്മു വേങ്ങാട്ട്, ടി. നുസറത്ത്, പി. ബല്‍ക്കീസ്, പി. റുബീന, എം. ബാക്കിര്‍, കെ.പി അഷ്‌റഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."