എറണാകുളം ബിജുവുമായി പറന്ന 'പറക്കുംതളിക' പിടിയില്‍
നെയ്യാറ്റിന്‍കര: കുപ്രസിദ്ധ കുറ്റവാളിയും ജീവപര്യന്തം തടവുകാരനുമായ എറണാകുളം ബിജുവിനെ നെയ്യാറ്റിന്‍കര കോടതി പരിസരത്തു നിന്ന് രക്ഷപ്പെടുത്തിയ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന കൊണ്ണിയൂര്‍ മേലെ പുത്തന്‍വീട്ടില്‍ ജയിന്‍ വിക്ടര്‍ (37) പിടിയിലായി. പിടിച്ചുപറി,വാഹന മോഷണം,കഞ്ചാവ് വില്‍പന തുടങ്ങിയ നൂറോളം കേസുകളില്‍ പ്രതിയാണ്. കഞ്ചാവ് വാങ്ങുന്നതിനായി തമിഴ്‌നാട്ടിലേയ്ക്ക് പോകുംവഴി പാറശാല റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഏപ്രില്‍ 28നാണ് എറണാകുളം ബിജു എന്ന നാദിര്‍ഖാന്‍ രക്ഷപ്പെട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ശേഷം മടങ്ങുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിനിടയിലാണ് ഇയാള്‍ കൂടെയുണ്ടായിരുന്ന പൊലിസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടത്. പറക്കുംതളിക ബൈജുവാണ് ബിജുവിനെ ബൈക്കില്‍ കയറ്റി രക്ഷപ്പെടുത്തി കൊണ്ടു പോയത്.
എറണാകുളം ബിജുവും പറക്കുംതളിക ബൈജുവും ഒരുമിച്ച് പല പ്രവശ്യം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളളവരാണ്. ബൈജു ജയിലില്‍നിന്നിറങ്ങിയ സമയം എറണാകുളം ബിജുവിനെ മറ്റൊരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയായിരുന്നു. ജയിലിലായിരുന്നപ്പോള്‍ തന്നെ രക്ഷപ്പെടാനുള്ള പദ്ധതികള്‍ ഇവര്‍ തയാറാക്കിയിരുന്നു. ബിജുവിനെ കോടതിയില്‍ ഹാജരാക്കാനായി ജയിലില്‍നിന്ന് ജയില്‍ കവാടത്തില്‍ എത്തിക്കുന്ന സമയത്തോ , വാഹനത്തില്‍ കയറ്റുമ്പോഴോ , ഇറങ്ങുമ്പോഴോ രക്ഷപ്പെടാമെന്ന് ഇവര്‍ തീരുമാനിച്ചിരുന്നു.
പദ്ധതിയനുസരിച്ച് ബൈജു തിരുമലയില്‍നിന്ന് ഒരു പത്രവിതരണക്കാരന്റെ ബൈക്ക് മോഷ്ടിക്കുകയും വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച് ജയില്‍ പരിസരത്തും കോടതി പരിസരത്തുമെത്തി ബിജുവിനെ രക്ഷപ്പെടുത്താനുളള ശ്രമം നടത്തി. എന്നാല്‍ സുരക്ഷ കര്‍ശനമായതിനാല്‍ ശ്രമം വിജയിച്ചില്ല.
ഏപ്രില്‍ 28 ന് രാവിലെയും പറക്കുംതളിക ബൈജു ജയില്‍ കവാടത്തില്‍ ബൈക്കുമായി എത്തി. എന്നാല്‍ അവിടെ വെച്ച് ബിജുവിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അതിനു ശേഷം ബസിനു പിന്നാലെ ബൈക്കില്‍ വന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ കയറിയ ബൈജു ബിജുവിന്റെ കേസിന്റെ സമയം നോക്കിവെച്ച ശേഷം ബൈക്കുമായി റോഡില്‍ കാത്തു നിന്നു. കേസ് കഴിഞ്ഞ് ബസില്‍ കയറാനായി പൊലീസുകാര്‍ക്കൊപ്പം നടന്നു വന്ന ബിജു പൊലിസുകാരെ തളളിമാറ്റിയ ശേഷം പറക്കുംതളിക ബൈജുവിന്റെ ബൈക്കില്‍ ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. രണ്ടു പേരും തമിഴ്‌നാട്ടിലേക്ക് കടന്ന് മധുര , ചെന്നൈ , ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഈയടുത്ത് കേരളത്തിലെത്തിയ ഇരുവരും പിടിയിലാകാതിരിക്കാന്‍ രണ്ടുവഴിക്ക് പിരിഞ്ഞു. ഇവരെ പിടികൂടുന്നതിന് റൂറല്‍ എസ്.പി അശോക്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
എറണാകുളം ബിജു പിടിച്ചുപറി ,മോഷണം, കൊലപാതകം ,ബലാല്‍സംഗം തുടങ്ങി ഇരുന്നൂറോളം കേസുകളില്‍ പ്രതിയാണ്. ആര്യനാട് നടന്ന ഒരു ബലാല്‍സംഗ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. പറക്കും തളിക ബൈജു കഞ്ചാവ് മൊത്ത കച്ചവടം നടത്തി വരികയായിരുന്നു. വീണ്ടും കഞ്ചാവ് വാങ്ങുന്നതിനായി തമിഴ്‌നാട്ടിലേയ്ക്ക് പോകുംവഴിയാണ് പാറശാല റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാര്‍ , ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ്‌കുമാര്‍ , നെടുമങ്ങാട് ഡി.വൈ.എസ്.പി ബിജുമോന്‍ , നെയ്യാറ്റിന്‍കര സി.ഐ.അരുണ്‍ , നെടുമങ്ങാട് സി.ഐ. എം.അനില്‍കുമാര്‍ , ഷാഡോ ടീം എസ്.ഐമാരായ സിജു , പ്രശാന്ത് , ഷാഡോ ടീം അംഗങ്ങളായ ജയന്‍ , ദിലീപ് , ജ്യോതിഷ് , പ്രവീണ്‍ ആനന്ദ് , പോള്‍വിന്‍ , അജിത് , സുനില്‍കുമാര്‍ , സുനിലാല്‍ , നെവില്‍ , റിയാസ് , സീനിയര്‍ സി.പി.ഒമാരായ കൃഷ്ണകുമാര്‍ , അശോകന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."