മഞ്ചേരി മെഡിക്കല്‍ കോളജ് അടിസ്ഥാന സൗകര്യവികസനം: അഞ്ച് ഏക്കര്‍ ഭൂമി കൂടി കണ്ടെത്താന്‍ തീരുമാനം
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം
മഞ്ചേരി: മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമി കൂടി കണ്ടെത്താന്‍ ഇന്നലെ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവില്‍ 23 ഏക്കര്‍ സ്ഥലത്താണ് മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. എം.സി.ഐ മാനദണ്ഡപ്രകാരം 20ഏക്കര്‍ ഭൂമിയെങ്കിലും വേണമെന്നാണ് ചട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ നിരാഹര സമരത്തിന്റെ ഫലമായാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.
അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും കുറവുകള്‍ പരിഹരിക്കുന്നതിനും യോഗത്തില്‍ ധാരണയായി. ഡോക്ടര്‍മാരും അധ്യാപകരും കുറവുള്ള സര്‍ജറി, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ നേരത്തെ 11 പേരെ നിയമിച്ചിരുന്നു. ഒരോരുത്തരായി കഴിഞ്ഞ ദിവസങ്ങളില്‍ ജോയിന്റ് ചെയ്തിട്ടുണ്ട്. പുതിയ പതിനൊന്ന് തസ്തികകള്‍ കൂടി സൃഷിക്കാനും ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ 35,000 രൂപയായിരുന്നു ഇവരുടെ വേതനം. കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിയുമാണെന്നു ആരോപിച്ച് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പലപ്പോഴായി കാഷ്വാലിറ്റിയില്‍ നടത്തിയ സമരങ്ങള്‍ അധികൃതര്‍ക്കു തലവേദന സൃഷ്ടിക്കുകയും രോഗികളെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ക്കു പരിഹാരമാവുമെന്നാണ് പ്രതീക്ഷ . ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ഹോസ്റ്റല്‍ കെട്ടിടം, സ്റ്റാഫ് കോര്‍ട്ടേഴ്‌സ് എന്നിവക്കായി ടെന്‍ഡര്‍വിളിക്കുന്നതിനും തീരുമാനമായി.
ഭൂമി ഏറ്റെടുക്കെല്‍ ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റും എം.എല്‍എയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ തുടര്‍ നടപടികളുണ്ടാവുമെന്നാണറിയുന്നത്. മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അമിത്മീണ, ഡി.എം.ഇ, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. സിറിയക്ക് ജോബ്, ആശുപത്രി സുപ്രണ്ട് ഡോ. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."