കുട്ടികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മീനാച്ചിയും കിത്താബും അരങ്ങ് തകര്‍ത്തു
എരുമപ്പെട്ടി: കുട്ടികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മീനാച്ചിയും കിത്താബും അരങ്ങ് തകര്‍ത്തു. ഇന്നിന്റെ നേര്‍കാഴ്ചകളൊരുക്കിയ നാടകങ്ങള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ആകര്‍ഷിച്ചു. എരുമപ്പെട്ടി തിയറ്റര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രസിഡന്‍സി കോളജിലെ ട്യൂഷന്‍ വിദ്യാര്‍ഥികള്‍ക്കായ് ഒരുക്കിയ നാടകോത്സവത്തിലാണ് മീനാച്ചി, കിത്താബ് എന്നീ നാടകങ്ങള്‍ അരങ്ങേറിയത്. കുട്ടികളാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതെങ്കിലും പങ്കുവെച്ച വിഷയങ്ങള്‍ വലിയ ചിന്തകള്‍ക്കാണ് വഴിയൊരുക്കിയത്. എരുമപ്പെട്ടി തിയറ്റര്‍ മൂവ്‌മെന്റിലെ കലാകാരന്മാരും പ്രസിഡന്‍സി കോളജിലെ ട്യൂഷന്‍ വിദ്യാര്‍ഥികളുമായ കുട്ടികളാണ് കിത്താബെന്ന നാടകം അവതരിപ്പിച്ചത്.
ആധുനികതയുടെ അടിയൊഴുക്കില്‍ വിദ്യാര്‍ഥികള്‍ വായനയില്‍ നിന്ന് അകന്നുപോകുന്നതിന്റെ പരിണിത ഫലണളാണ് നാടകത്തില്‍ പ്രതിബാധിക്കുന്നത്. കളിയും ചിരിയും വായനയും മറന്ന് മൊബൈല്‍ ഫോണും ടാബും കംപ്യൂട്ടറുകളുമായി മാത്രം ചങ്ങാത്തത്തിലായ കബീറിന്റെ സ്വപ്നത്തിലേക്ക് എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ കടന്ന് വരുന്നതാണ് നാടകത്തിലെ ഇതിവൃത്തം. അസീസ് പെരിങ്ങോടാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് കുട്ടികള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളാണ് മീനാച്ചിയെന്ന നാടകം കാണികള്‍ക്ക് മുന്നില്‍ വരച്ച് കാട്ടിയത്. ബാലവേല ഉള്‍പ്പടെയുള്ള ബാല പീഡനങ്ങളുടെ ഭീകര മുഖം തുറന്ന് കാട്ടിയത് ഞമനേങ്ങാട് തിയറ്റര്‍ വില്ലേജ് നാടക വിദ്യാലയത്തിലെ കുട്ടികളാണ്. സമ്പന്നരുടെ അടിമപ്പണിക്ക് വില നല്‍കി വാങ്ങിയ മീനാച്ചിയെന്ന തമിഴ് പെണ്‍കുട്ടി കുട്ടികള്‍ സമൂഹത്തില്‍ നേരിടുന്ന ക്രൂര പീഡനങ്ങളുടെ പ്രതീകമാണ്. ബാലവേലക്കെതിരെ രംഗത്തെത്തുന്ന ബാല വേദി പ്രകര്‍ത്തകര്‍ കുട്ടികള്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട അവകാശങ്ങളും നിയമ സംരക്ഷണവും കാണികളുമായി പങ്ക് വെച്ച് കൊണ്ടാണ് നാടകം അവസാനിപ്പിക്കുന്നത്. പി.കെ.വാസുവാണ് നാടകത്തിന്റെ രചനയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.നാടകോത്സവത്തില്‍ അവതരിപ്പിച്ച രണ്ട് നാടകങ്ങളും സര്‍ഗ്ഗവാസനകള്‍ ഉണര്‍ത്തിയതോടൊപ്പം കുട്ടികള്‍ക്ക് തങ്ങളുടെ അവകാശങ്ങങ്ങളെ തിരിച്ചറിയുവാനുള്ള അവബോധം സൃഷ്ടിക്കുന്നതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."