കോട്ടയത്ത് കലക്ടര്‍ നിയമനം വൈകുന്നു
കോട്ടയം: സി.പി.എം- സി.പി.ഐ തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം ജില്ലാ കലക്ടര്‍ നിയമനം വൈകുന്നു.മലയാളം അറിയാത്ത ഉദ്യോഗസ്ഥരെ കോട്ടയത്ത് നിയമിക്കരുതെന്ന സി.പി.ഐയുടെ നിര്‍ദേശമാണ് കലക്ടര്‍ നിയമനം വൈകാന്‍ കാരണം. കോട്ടയത്ത് കലക്ടര്‍ ഇല്ലാതായിട്ട് മൂന്ന് ആഴ്ച്ചയോളമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മുന്‍ കലക്ടര്‍ സ്വാഗത് ഭണ്ഡാരിക്ക് സ്ഥലമാറ്റം ലഭിച്ചതോടെയാണ് കോട്ടയം കലക്ടറില്ലാത്ത ജില്ലയായി മാറിയത്.
നിലവില്‍ എ.ഡി.എം അജന്ത കുമാരിക്ക് കലക്ടര്‍ ഇന്‍ ചാര്‍ജ്ജ് നല്‍കിയാണ് ഓഫീസ് നിര്‍വഹണം നടത്തുന്നത്. ഇതോടെ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ജില്ലയില്‍ നടന്ന ആദ്യ കലക്ടര്‍ നിയമനവും വിവാദത്തിലായി. കലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ജില്ലാ വികസന സമിതിയോഗം ചേരാനിരിക്കെയാണ് നിയമനം വൈകുന്നത്. എന്നാല്‍ മലയാളിയെ മാത്രം മതിയെന്ന പിടിവാശിയില്‍ തന്നെയാണ് പാര്‍ട്ടി ഘടകം. പുതിയ കലക്ടര്‍ ഇന്നെത്തും നാളെയെത്തുമെന്നു അധികൃതര്‍ പറയുമ്പോഴും കലക്ടര്‍ നിയമനം മാത്രമം നടക്കുന്നില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്ത് മിനി ആന്റണിക്ക് ശേഷവും യു.വി.ജോസിന് ശേഷവും കലക്ടറായി എത്തിയത് അന്യ സംസ്ഥാനത്തു നിന്നുള്ളവരായിരുന്നു.ജില്ലയിലെ സാധാരണക്കാരായ പൊതുജനത്തിന് അന്യ സംസ്ഥാനത്തുനിന്നുള്ള ഉദ്യേഗസ്ഥരുമായി ആശയ വിനിമയം നടത്താന്‍ പ്രയാസമുണ്ടാക്കിയിരുന്നു.ഇക്കാര്യം ഉന്നയിച്ചാണ് മലയാളം പൂര്‍ണമായും അറിയാത്ത ഉദ്യോഗസ്ഥരെ നിയമിക്കേണ്ടന്ന നിലപാടുമായി സി.പി.ഐ ജില്ലാ ഘടകം രംഗത്തെത്തിയത്.
നിയമനം വൈകുന്നിനാല്‍ ഭരണപരമായ നിരവധി വീഴ്ച്ചകളാണ് ഉണ്ടായിരിക്കുന്നതെന്ന് കലക്ടറേറ്റ് ജീവനക്കാര്‍ പറയുന്നു.കലക്ടര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇന്‍ ചാര്‍ജ്ജിന് കലക്ടറുടെ പദവി വഹിക്കാമെങ്കിലും പല കാര്യങ്ങളിലും പ്രാരംഭ നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയും ജില്ലയില്‍ നിലനില്‍ക്കുന്നു. പാര്‍ട്ടിക്ക് യോജ്യനായ വ്യക്തിയെ കോട്ടയത്തിന് ലഭിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി ജില്ലാ ഘടകം മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തുന്നതെന്നുമുള്ള ആരോപണവും ശക്തമാണ്. പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള പിടിവാശിയിലൂടെ പല തീരുമാനങ്ങളും കൈക്കൊള്ളാന്‍ കഴിയാതെ നീണ്ടുപോവുകയാണെന്നും ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മാത്രമല്ല, കലക്ടര്‍ക്ക് മുന്‍പാകെ പരാതി ബോധിപ്പിക്കാനെത്തുന്ന സാധാരണക്കാര്‍ കലക്ടര്‍ അവധിയിലാണെന്ന ധാരണയില്‍ തിരിച്ച് പോകുന്ന സ്ഥിതിയാണിവിടെ.കലക്ടറുടെ ചേമ്പര്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സാധാരണക്കാര്‍ ഒന്നും തിരക്കാതെ തിരികെ പോകുമ്പോഴും ഇക്കാര്യത്തില്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ ആരും തയാറാകുന്നില്ല.
എ.ഡി.എമ്മിന് അധികച്ചുമതല നല്‍കിയതോടെ കലക്ടര്‍ അധ്യക്ഷത വഹിക്കേണ്ട വിവിധ ഔദ്യോഗിക പരിപാടികളില്‍ എ.ഡി.എം പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഓഫീസ് നിര്‍വഹണവും താറുമാറാവുന്ന കാഴ്ച്ചയാണ് ജില്ലയില്‍. കലക്ടര്‍ പങ്കെടുക്കേണ്ട പരിപാടികളില്‍ ഇന്‍ ചാര്‍ജ്ജുള്ള വ്യക്തി പങ്കെടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എ.ഡി.എമ്മിനെ കാണാനെത്തുന്നവരും ദുരിതത്തില്‍ തന്നെ. ഇവിടെ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാര്‍ മാത്രമല്ല, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."