അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴ കുറയും
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
എന്നാല്‍ ഇത് കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അടുത്ത മണിക്കൂറുകളില്‍ ശക്തിപ്രാപിച്ച് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും. ക്രമേണ കടലില്‍ തന്നെ ദുര്‍ബലമാകാനാണ് സാധ്യതയെന്ന് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
സംസ്ഥാനത്ത് ഈ മാസം 14 വരെയും മഴ കുറവായിരിക്കുമെന്നാണ് പ്രവചനം. അറബിക്കടലിലെ ന്യൂനമര്‍ദം മഴ കുറയാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പില്ല.
ബ്രെക്‌സിറ്റ്: അവസാനഘട്ട ചര്‍ച്ചകള്‍ തുടങ്ങി
ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയനില്‍നിന്നു ബ്രിട്ടന്‍ പിരിയുന്നതുമായി ബന്ധപ്പെട്ടുള്ള അവസാനഘട്ട ചര്‍ച്ചകള്‍ ബ്രസ്സല്‍സില്‍ ആംരഭിച്ചു. ഇതിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്ര നേതാക്കളും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ബ്രസ്സല്‍സിലെത്തി.
ബ്രെക്‌സിറ്റിന്റെ ട്രാന്‍സിഷന്‍ പിരീഡ് അവസാനിക്കാനിരിക്കേ ഈ ചര്‍ച്ചകള്‍ നിര്‍ണായകമാണ്. ബ്രിട്ടനും യൂറോപ്യന്‍ യൂനിയനുമായി നിലവിലുള്ള വ്യാപാര കരാറുകള്‍ ഈ മാസം 31ന് അവസാനിക്കാനിരിക്കുകയാണ്. പ്രധാന പ്രശ്‌നങ്ങള്‍ക്ക് അതിനു മുന്‍പ് പരിഹാരമായില്ലെങ്കില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള വ്യാപാര ഉടമ്പടികള്‍ ഇല്ലാതാകും. അങ്ങനെയായാല്‍ ജനുവരി മുതല്‍ വാണിജ്യ രംഗത്ത് പരസ്പരം ചാര്‍ജുകള്‍ ഈടാക്കുന്ന സ്ഥിതിയുണ്ടാകും. നികുതി വര്‍ധിക്കുന്നതിനടക്കം ഇതു കാരണമാകുകയും ചെയ്യും. ചര്‍ച്ച പരാജയപ്പെട്ടാല്‍ എന്തു ചെയ്യുമെന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് യൂറോപ്യന്‍ യൂനിയന്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."