ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനം, അതിക്രമം: ഹുവായിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഗ്രീസ്മാന്‍
പാരീസ്: ചൈനയിലെ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് ബാഴ്‌സലോണയുടെ ഫ്രഞ്ച് സൂപ്പര്‍ താരം ആന്റോണിയോ ഗ്രീസ്മാന്‍ ചൈനീസ് കമ്പനി ഹുവായുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഉയിഗുര്‍ മുസ്‌ലിംകളെ നിരീക്ഷിക്കുന്നതിന് ഹുവായ് ചൈനീസ് സര്‍ക്കാറിന് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രീസ്മാന്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. ഹുവായിയുടെ ഫേഷ്യല്‍ റഗഗനിഷന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഉയിഗര്‍ മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന ശേഖരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് താരത്തിന്റെ പ്രഖ്യാപനം.
ഉയിഗുര്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മുഖം തിരിച്ചറിഞ്ഞാല്‍ പൊലിസിനെ അലര്‍ട്ട് ചെയ്യുന്ന സോഫ്റ്റ്‌വെയറാണ് ഹുവായ് വികസിപ്പിച്ചത്. യുഎസ് സര്‍വീലിയന്‍സ് ഗവേഷണ സ്ഥാപനമായ ഐപിവിഎം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹുവായിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനമാണ് അദ്ദേഹം രാജിവെച്ചത്. കമ്പനിയുമായുള്ള മുഴുവന്‍ കരാറുകളും റദ്ദുചെയ്യുന്നതായും ഗ്രീസ്മാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും അദ്ദേഹം അപലപിച്ചു.
ആരോപണങ്ങള്‍ ഹുവായ് നിഷേധിക്കുകയാണെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യുമെന്നും, ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനങ്ങളെ സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച് അപലപിക്കാന്‍ ഹുവായിയെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് ചൈനയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് ആഗോള പ്രശസ്തനായ ഒരു താരം ഹുവായ്ക്കും ചൈനീസ് സര്‍ക്കാറിനുമെതിരെ നിലപാട് എടുക്കുന്നത്.
ഗ്രീസ്മാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുവെന്ന് ഉയിഗൂര്‍ അവകാശ സമിതി പ്രവര്‍ത്തകന്‍ ജൂവര്‍ ഇല്‍ഹാം പ്രതികരിച്ചു. അദ്ദേഹം ഇതിന് തിരിച്ചടികള്‍ നേരിടേണ്ടി വരുമോ എന്ന് ഭയക്കുന്നതായും ഇല്‍ഹാം കൂട്ടിച്ചേര്‍ത്തു.
മതന്യൂനപക്ഷമായ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈന കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പത്ത് ലക്ഷത്തിലേറെ ഉയിഗര്‍ മുസ്‌ലിങ്ങള്‍ ചൈനയില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട്. ഈ കേന്ദ്രങ്ങളില്‍ ഉയിഗര്‍ മുസ് ലിങ്ങളെ അതിക്രൂരമായ പീഡനത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയമാക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്യാംപുകളില്‍ നിന്നും പുറത്തെത്തിയ പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍ ഇവരെ പുതിയ കഴിവുകളും തൊഴിലും പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ഈ ക്യാംപുകളെന്നാണ് ചൈനയുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."