അഭിമാനവും നിരാശയും തോന്നുന്നുവെന്ന് തെരേസ മേ
തുറന്നുപറച്ചില്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍
ലണ്ടന്‍: അഭിമാനവും നിരാശയും തോന്നുന്നതായി 11 ദിവസത്തിനുള്ളില്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നു പടിയിറങ്ങുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രധാനമന്ത്രിയെന്ന നിലയില്‍ ബി.ബി.സിക്കു നല്‍കിയ അവസാന അഭിമുഖത്തിലാണ് ബ്രെക്‌സിറ്റ് നടപടികള്‍ ഫലം കാണാത്തതിലുള്ള തന്റെ നിരാശ മേയ് പ്രകടിപ്പിച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവങ്കിലും ചെയ്യാനാഗ്രഹിക്കുന്ന ഏറെ കാര്യങ്ങള്‍ ബാക്കിവച്ച് പോകേണ്ടിവരുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു.
മാര്‍ച്ച് 29നു മുന്‍പ് യു.കെയെ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തെത്തിക്കുന്നതില്‍ പരാജയപ്പെടുകയും ലേബര്‍പാര്‍ട്ടിയുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതോടെ കണ്‍സര്‍വേറ്റീവ് എം.പിമാര്‍ മേക്കെതിരേ തിരിഞ്ഞു. അതാണ് പ്രധാനമന്ത്രിപദവി ഒഴിയാന്‍ അവരെ നിര്‍ബന്ധിപ്പിച്ചത്. തന്റെ വ്യക്തിത്വത്തെ കുറിച്ചും നേതൃത്വത്തെ കുറിച്ചും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് മേ പറയുന്നു. അതേസമയം ആഗ്രഹിച്ചതിലും നേരത്തെ പോകേണ്ടിവന്നെങ്കിലും താന്‍ കൈവരിച്ച നേട്ടങ്ങളില്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
എം.പിമാര്‍ മൂന്നു തവണ നിരസിച്ച മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ വച്ച് അവരെ അനുനയിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് എം.പിമാര്‍ ബ്രെക്‌സിറ്റിനെ മറികടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ തെറ്റിധരിച്ചുവെന്ന് മേ പറഞ്ഞു.
തന്റെ പിന്‍ഗാമിയായി വരാന്‍പോകുന്നയാള്‍ക്ക് ആശംസകളര്‍പ്പിച്ച മേ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതിന് നല്ലൊരു ഡീല്‍ അത്യന്താപേക്ഷിതമാണെന്ന വാദത്തില്‍ ഭാവിയിലും ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."