HOME
DETAILS

പൗരത്വം നഷ്ടമാകുമ്പോള്‍

  
backup
July 13 2019 | 20:07 PM

citizenship-issue-assam755568-2

അസമിലെ പൗരന്‍മാരുടെ മനസില്‍ ആധി ഒടുങ്ങുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററുമായി(എന്‍.ആര്‍.സി) ബന്ധപ്പെട്ട് ഇവര്‍ തീ തിന്നാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അസന്നിഗ്ധാവസ്ഥയില്‍ ജീവിതം തുടരുന്ന കുടുംബങ്ങളില്‍ ആത്മഹത്യകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഇന്ത്യന്‍ പൗരനല്ലെന്ന് വിധിക്കപ്പെടുമ്പോഴുണ്ടാകുന്ന വ്യഥയും മാനസിക സംഘര്‍ഷവും പറഞ്ഞറിയിക്കാനാവില്ല. സ്വന്തം അമ്മയുടെ മകനല്ലെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുന്നവന്റെ മനസ് ആരും കാണുന്നില്ല. അവന്റെ ജീവിതം പിന്നീട് എന്താവും എന്നറിയാതെ തീരുമാനം മാത്രമെടുക്കുന്ന അധികൃതരും നിയമജ്ഞരും. ജൂലൈ 31നാണ് ആ സംസ്ഥാനത്തിന്റെ ദേശീയ പൗരത്വ രജിസ്റ്ററില്‍ തീര്‍പ്പുണ്ടാകുന്നത്. അസമിന്റെ കണ്ണീര്‍ ചാലുകള്‍ അതോടെ നിലയ്ക്കുകയല്ല, ആരംഭിക്കുകതന്നെയാവുമെന്നതില്‍ തര്‍ക്കമില്ല.

അസമിന്റെ മാത്രം പ്രശ്‌നമല്ല
ദേശീയ പൗരത്വപ്രശ്‌നം അസമിന്റെ മാത്രം പ്രശ്‌നമായി കരുതാന്‍ വരട്ടെ. മറ്റ് സംസ്ഥാനങ്ങളും അസം ചരിക്കുന്ന വഴിയെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കാര്യങ്ങളുടെ ദിശ എവിടേക്കെന്ന സൂചനയാണ് നല്‍കുന്നത്. നാഗാലന്‍ഡും അസം ചെയ്യുന്നതുപോലെ നാട്ടുകാരുടെയും വലിഞ്ഞു കയറിവന്നവരെന്ന് അവര്‍ പറയുന്നവരുടെയും ലിസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ഓമനപ്പേരുതന്നെയാണ് ഇവിടെയും നല്‍കപ്പെട്ടിരിക്കുന്നത്. അസമിന്റെ പൗരത്വ രജിസ്റ്റര്‍ രേഖയാക്കിയിരിക്കുന്നത് 1951ലാണ്. അതിനുശേഷം ഇപ്പോള്‍ അവിടെ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. അതിനു നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും നിയമാനുമതി പിന്‍പറ്റി കാര്യങ്ങള്‍ നടപ്പാക്കിയപ്പോള്‍ രാജ്യത്തിന്റെ സേനാംഗം പോലും ഇന്ത്യക്കാരനല്ലാതാവുന്ന സ്ഥിതി നമ്മള്‍ കണ്ടതാണ്.

മറ്റ് സംസ്ഥാനങ്ങളും
അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നെങ്കിലും നാഗാലന്‍ഡ് ഇത് നടപ്പാക്കാനൊരുങ്ങുന്നത് ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ്. മിസോറാമും മേഘാലയയും ഈ വഴിക്കു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവരെ കണ്ടെത്താന്‍ വേണ്ടിയെന്നാണ് ഈ സംസ്ഥാനങ്ങളുടെയൊക്കെ വിശദീകരണം. പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ത്രിപുര നല്‍കിയ ഹരജി തീര്‍പ്പാകാതെ ഇപ്പോഴും സുപ്രിംകോടതിയിലുണ്ടെന്ന കാര്യവും ഓര്‍ക്കണം. ജാര്‍ഖണ്ഡ് ആവട്ടെ അസമില്‍ പൗരത്വ രജിസ്റ്റര്‍ എങ്ങനെയാണ് പുതുക്കുന്നതെന്നറിയാന്‍ ഒരു ഉദ്യോഗസ്ഥ സംഘത്തെ അവിടേക്ക് അയച്ചിരിക്കുകയാണ്. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ബംഗാളില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ ഏറെ തങ്ങുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് ബംഗാളില്‍ പൗരന്‍മാരല്ലാത്തവര്‍ വോട്ടു ചെയ്തതാണ് തങ്ങളുടെ പരാജയ കാരണമെന്ന തരത്തില്‍ ബി.ജെ.പി പ്രചാരണം നടത്തി. വാഴ വെട്ടുകതന്നെ വേണമല്ലോ, പുര കത്തുകയല്ലേ. അധികാരത്തിലേറിയാല്‍ രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ വ്യക്തമാക്കിയതും വെറുതെയായിരിക്കില്ലല്ലോ.

പൗരത്വ രാഷ്ട്രീയം
ദേശീയ പൗരത്വ രജിസ്റ്റര്‍ കേവലം ഒരു രാഷ്ട്രീയക്കളിയായി അധഃപതിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. പൗരത്വ രജിസ്റ്ററിന്റെ കരട് അസം പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നായിരുന്നല്ലോ. ഇത് പ്രസിദ്ധീകൃതമായപ്പോള്‍ത്തന്നെ ചില സംസ്ഥാനങ്ങളില്‍നിന്ന് സമാന ആവശ്യമുയര്‍ന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പ് തൊട്ടുപിന്നാലെ വരുമെന്ന സൂചനയും രാഷ്ട്രീയ പിരിമുറുക്കവുമെല്ലാം ചേര്‍ന്നതോടെ ഈ ആവശ്യം ശ്രദ്ധിക്കപ്പെടാതെ പോയെന്നുവേണം കരുതാന്‍. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെയൊക്കെ ചുവടുപിടിച്ചാണ് തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്.
എന്നാല്‍ ബി.ജെ.പിയുടെ സഖ്യ കക്ഷികള്‍ക്ക് താല്‍പര്യമില്ലാത്തതും അവര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലാത്തതുമായ വിഷയമാണിത്. അവരതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല എന്നുവേണം കരുതാന്‍. കാരണം, ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയും വിശദീകരണവും അസമിലല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ പദ്ധതിയില്ലെന്നാണ്. എങ്കിലും കഴിഞ്ഞ മാസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പ്രസംഗത്തില്‍ ഒരു സൂചന നല്‍കിയത് കാണാതെ പോകരുത്. നുഴഞ്ഞുകയറ്റമോ കുടിയേറ്റമോ ഉണ്ടായിട്ടുള്ള മേഖലകളില്‍ മുന്‍ഗണനാ ക്രമം അനുസരിച്ച് പൗരത്വ രജിസ്റ്റര്‍ പുതുക്കാവുന്നതാണെന്നായിരുന്നു ആ സൂചന.

പുറത്താക്കപ്പെട്ടവര്‍
വീണ്ടും അസമിലേക്കുവരാം. അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കിയപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായത് 40 ലക്ഷം പേരാണ്. 2011ലെ സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയിലെ ആകെ ജനസംഖ്യ 41.13 ലക്ഷമാണെന്നോര്‍ക്കണം. അത്രയധികം ആളുകള്‍ക്കാണ് പൗരത്വം നഷ്ടമാകുന്നത്. ഇന്ത്യന്‍ പൗരന്‍മാരല്ല ഇവരെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് പൊടുന്നനെ അഭയാര്‍ഥികളായി മാറുന്ന ഇവര്‍ എവിടേക്ക് പോകണമെന്നോ എവിടേക്ക് അയക്കണമെന്നോ കൂടി സര്‍ക്കാര്‍ പറയണമല്ലോ. സര്‍ക്കാര്‍ നടത്തുന്ന അഭയാര്‍ഥി ക്യാംപുകളാണോ ഇവര്‍ക്ക് വിധിച്ചിരിക്കുന്നത് റോഹിംഗ്യന്‍ ജനതയ്ക്കു സമാനമായ സ്ഥിതിവിശേഷമാണ് ഇവരുടെ കാര്യത്തിലും സംജാതമാകുന്നത്. റോഹിംഗ്യന്‍ ജനതയെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്ന നിയമപ്രശ്‌നമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. സ്വന്തം രാജ്യത്തെ പൗരന്‍മാര്‍ ഇനിമുതല്‍ പൗരന്‍മാരല്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ മടക്കി അയക്കാന്‍ ഒരു രാജ്യം അവരുടെമേല്‍ കെട്ടിയേല്‍പിക്കണമല്ലോ. ഇവരെ എങ്ങനെ പുറത്താക്കും. റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം ഉയര്‍ന്ന വേളയില്‍ പോലും ഇത് സാധ്യമായിരുന്നില്ല. രാജ്യത്താകമാനം 40,000 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിയമവിരുദ്ധമായി കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവരെ പുറത്താക്കാനും ശ്രമമുണ്ടായി. എതിര്‍പ്പുകളെ അവഗണിച്ച് വെറും 12 പേരെ മാത്രമാണ് മ്യാന്‍മറിലേക്ക് കടത്താനായത്. ബാക്കിയുള്ളവര്‍ ഇവിടെത്തന്നെ തുടരുന്നുണ്ട്.

ബംഗ്ലാദേശിനെ നോക്കേണ്ട
ഇന്ത്യയില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളികളെയും അഫ്ഗാന്‍, പാക് നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കാനാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിക്കഴിഞ്ഞു. അതായത്, ഇന്ത്യയില്‍ നടക്കുന്ന പൗരത്വ നിര്‍ണയത്തിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തേക്ക് ആരെയെങ്കിലും നാടുകടത്താമെന്ന മോഹം വേണ്ടെന്ന്. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ ഇന്ത്യയില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. അവരെ കണ്ടെത്തിയാല്‍പോലും സ്വീകരിക്കാന്‍ തയാറല്ലെന്ന നിലപാട് ബംഗ്ലാദേശ് ഇപ്പോള്‍ത്തന്നെ ഉയര്‍ത്തിയിരിക്കുന്നു. പുറത്താക്കപ്പെടുന്നവരെ ആ രാജ്യത്തേക്ക് അയക്കുക സാധ്യമല്ലെന്ന് സാരം. പിന്നെ എവിടേയ്ക്ക്

അഭയാര്‍ഥികള്‍
അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നവരെ പുറത്താക്കാതെ അവരെ അഭയാര്‍ഥികളായി കണ്ടുകൂടെ എന്ന ചോദ്യം ഉയരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും അഭയാര്‍ഥികളായി കാണാമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം നാട് നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതുമാണ്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരായ റോഹിംഗ്യകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാതെ അഭയാര്‍ഥികളായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതിനോടനുബന്ധിച്ചാണ് അസം പൗരത്വ രജിസ്റ്ററും പരിശോധിക്കുക. തങ്ങള്‍ മ്യാന്‍മറിലേക്ക് തിരികെ പോയാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജപ്തിയും വധശിക്ഷയുമൊക്കെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അവഗണനയും വിവേചനവും നേരിടേണ്ടിവരുമെന്നും അഭയാര്‍ഥികള്‍ പരാതിപ്പെടുന്നു. അത് പതിക്കുന്നത് ബധിരകര്‍ണങ്ങളിലാവാതിരിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  8 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago